അപ്പോളോ ടയേഴ്‌സ് സൗദിയിലേക്ക്;അൽജുമൈഹ് ടയേഴ്‌സ് ഗ്രൂപ്പുമായി പങ്കാളിത്തം

റിയാദ് - ഇന്ത്യയിലെ പ്രമുഖ ടയർ നിർമാണ കമ്പനിയായ അപ്പോളോ ടയേഴ്‌സ് സൗദി വിപണിയിൽ പ്രവേശിക്കുന്നു. അൽജുമൈഹ് ടയേഴ്‌സ് ഗ്രൂപ്പുമായി പങ്കാളിത്തം സ്ഥാപിച്ചാണ് അപ്പോളോ ടയേഴ്‌സ് സൗദിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ ടയർ നിർമാണ കമ്പനിയായ അപ്പോളോ ടയേഴ്‌സ് രണ്ടു വർഷത്തിനുള്ളിൽ സൗദി ടയർ വിപണിയിൽ ശ്രദ്ധേയമായ സാന്നിധ്യം തെളിയിക്കുന്നതിനും ടയർ വിപണിയുടെ വലിയ വിഹിതം സ്വന്തമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. 


അഞ്ചു വർഷത്തിനുള്ളിൽ സൗദിയിൽ എട്ടു ലക്ഷം ടയറുകൾ വിൽപന നടത്തുന്നതിന് കമ്പനി ഉന്നമിടുന്നു. മത്സര ക്ഷമതയുള്ള ഉൽപന്നങ്ങൾ അനുയോജ്യമായ നിരക്കിൽ നേടുന്നതിന് ശ്രമിക്കുന്ന പ്രാദേശിക ഉപയോക്താക്കളുടെ ആവശ്യങ്ങൾ അപ്പോളോ ടയേഴ്‌സ് നിറവേറ്റുമെന്ന് അൽജുമൈഹ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ ശൈഖ് അബ്ദുല്ല അൽജുമൈഹ് പറഞ്ഞു. സൗദിയിൽ നിർമാണ തീയതി മുതൽ അഞ്ചു വർഷ ഗാരണ്ടി അപ്പോളോ ടയേഴ്‌സ് നൽകും. 2011 മുതൽ മധ്യപൗരസ്ത്യ ദേശത്തെയും ആഫ്രിക്കയിലെയും വിപണികളിൽ അപ്പോളോ ടയേഴ്‌സ് പ്രവേശിച്ചിട്ടുണ്ട്. 

 

Latest News