തിരുവനന്തപുരം- കെ.എസ്.ആർ.ടി.സിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിയെ സഹായിക്കുന്നതിൽ സർക്കാറും കൈമലർത്തിയതോടെ ജീവനക്കാരുടെ നവംബർ മാസത്തെ ശമ്പളം അനിശ്ചിതത്വത്തിലായി. നിലവിൽ ജീവനക്കാർക്ക് 30 ന് ശമ്പളം ലഭിക്കേണ്ടതായിരുന്നു. എന്നാൽ കൂലി നൽകാൻ ബോർഡിന്റെ കൈയിൽ ഒന്നുമില്ല. ഒക്‌ടോബർ മാസത്തെ ശമ്പളം നൽകാൻ തന്നെ കെഎസ്ആർടിസി നന്നേ ബുദ്ധിമുട്ടിയിരുന്നു.
സർക്കാർ സഹായിക്കാതെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് കഴിഞ്ഞ മാസം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ സർക്കാറിനെ അറിയിച്ചിരുന്നു. 39 കോടി രൂപയാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാൽ കെ.എസ്.ആർ.ടി.സിയോട് സർക്കാർ അനുഭാവപൂർവമായ സമീപനമല്ല സ്വീകരിച്ചത്. ഗത്യന്തരമില്ലാതെ കലക്ഷൻ തുക എടുത്താണ് 15 നും 28 നുമായി ജീവനക്കാരുടെ ഒക്‌ടോബർ മാസത്തെ ശമ്പളം രണ്ടു ഘട്ടമായി നൽകിത്തീർത്തത്. ഈ മാസം വിനിയോഗിക്കേണ്ട കലക്ഷൻ തുക കഴിഞ്ഞ മാസം ശമ്പളത്തിനായി ചെലവഴിച്ചതിനാൽ നവംബർ മാസത്തെ ശമ്പളം എങ്ങനെ നൽകുമെന്ന ആശങ്കയിലാണ് കെഎസ്ആർടിസി. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നേരിൽ കണ്ട് എ.കെ. ശശീന്ദ്രൻ പ്രതിസന്ധി ബോധ്യപ്പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. സർക്കാറിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടായാൽ മാത്രമേ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ നൽകി സ്ഥാപനത്തിന് മുന്നോട്ട് പോകാനാകൂ. ഭരണ, പ്രതിപക്ഷ സംഘടനകൾ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതു വരെ പിണറായി വിഷയത്തിൽ ഇടപെടാൻ തയാറായിട്ടില്ല.
സൂപ്പർ ക്ലാസ് ബസുകളുടെ കാലാവധി കൂട്ടണമെന്ന കെ.എസ്.ആർടി.സിയുടെ ആവശ്യം ഗതാഗത വകുപ്പും തള്ളിയതോടെ കൂടുതൽ ബസുകൾ വാടകക്ക് എടുക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. ഇത് ബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. 50 എ.സി ബസുകൾ വാടകക്ക് എടുക്കാനാണ് നിലവിൽ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. 250 വാടക ഇലക്ട്രിക് ബസുകൾക്കു ടെൻഡർ വിളിച്ചതിനു പുറമേയാണിത്. നിലവിലെ ഷെഡ്യൂളുകൾ സാമ്പത്തിക നഷ്ടത്തിന്റെ പേരിൽ നിർത്തലാക്കുമ്പോഴാണ് വാടകക്ക് ബസ് എടുത്ത് ഓടാനുള്ള ബോർഡിന്റെ തീരുമാനം എന്നത് ശ്രദ്ധേയമാണ്.






