Sorry, you need to enable JavaScript to visit this website.

കാഴ്ചകളുടെ ഫുക്കറ്റ്

ലോബ്സ്റ്റർ
മനോഹരമായ കാഴ്ച 
ടൈഗർ പ്രോൺസ് 

ആവർത്തന വിരസമായ ദിനചര്യകളിൽനിന്നുള്ളൊരു കുടഞ്ഞെഴുന്നേൽപാണ് ഓരോ യാത്രകളും. മുൻകൂട്ടി തയാറാക്കി നടത്താത്ത യാത്രകൾ അപൂർവമാണ്. ഇത്തവണ അവധിക്കാല യാത്ര വൈകിയതിന്റെ അങ്കലാപ്പിലായിരുന്നു. ഏറ്റവും ഒടുവിലാണ് ഫുക്കറ്റ്  ഉറപ്പിച്ചത്. 
ഇമ്പമേറും ദൃശ്യാനുഭൂതികൾ, ഭയം പണയം വെച്ച് ഏർപ്പെട്ട വിനോദ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇപ്പോഴും ഞങ്ങളിൽ ഊർജം പ്രസരിപ്പിക്കുന്നു. തായ്‌ലന്റിന്റെ തെക്ക് ഭാഗത്താണ് ഫുക്കറ്റ് ദ്വീപ് സമൂഹത്തിന്റെ കിടപ്പ്. പ്രധാന ദ്വീപായ ഐലൻഡ് ഫുക്കറ്റും  മുപ്പത്തി രണ്ട് കുഞ്ഞു കുഞ്ഞു ദ്വീപുകളും അടങ്ങുന്ന ഫുക്കറ്റ് ദ്വീപ് സമൂഹം. ചുറ്റുപാടും കടലിരമ്പം. കരയിലാണെങ്കിൽ കുന്നുകളും മലകളും താഴ്‌വാരങ്ങളും... 


കണ്ണെത്താ ദൂരത്തോളമുള്ള കടൽ കാഴ്ചകൾ തന്നെയായിരുന്നു ഫുക്കറ്റ് യാത്ര സമ്മാനിച്ച നയനാനന്ദം. കടൽ കാണാൻ, അനുഭവിക്കാൻ എന്തെല്ലാം വഴികളാണ് അവിടെ ഒരുക്കിവെച്ചിരിക്കുന്നത്. കടലിനു നീലയും പച്ചയും കലർന്നതാണോയെന്നൊക്കെ തോന്നുമാറ് മനോഹരമായ ഒരു നിറമാണ്. തീരത്താകട്ടെ വെളുവെളുത്ത മണൽ തരികളും. ഒന്നാം ദിനം സ്പീഡ് ബോട്ടിലൂടെ കണ്ട കടൽ ഉപരിതലത്തിലൂടെ  ചീറിപ്പാഞ്ഞു  'കതിർ ചിന്നും മുത്തു പോലെ.. പവിഴം പോലെ' വെള്ളത്തിൽ ഓളങ്ങൾ ഉതിർത്തുകൊണ്ടിരുന്നു. തലയൊന്നു തിരിച്ചപ്പോൾ അതാ മറുഭാഗത്ത് മലനിരകൾ ഉയർന്നു നിൽക്കുന്നു. 


രണ്ടാം ദിനം കനോയിങ് ചെയ്തപ്പോൾ കണ്ട കടലിനു മറ്റൊരു ഭാവമായിരുന്നു. അന്നേ ദിനം തന്നെയായിരുന്നു നീന്തൽ വശമില്ലാത്ത ഞാൻ ലൈഫ് ജാക്കറ്റും ഇട്ട് ദീർഘനേരം കടൽ വെള്ളത്തിൽ മുങ്ങാം കുഴി ഇട്ടും പൊങ്ങിയും ഓളങ്ങൾ സൃഷ്ടിച്ചും കടലിനോട് സൗഹൃദപ്പെട്ടു കൊണ്ടിരുന്നത്. 
ലക്ഷുറി ബോട്ടിന്റെ മുകൾ നിലയിൽ നിന്നുമാണ് പിന്നീടുള്ള കടൽ കാഴ്ചകൾ കണ്ടത്. ബോട്ടിലെ പാട്ട് പെട്ടിയിലൂടെ ഒഴുകി വന്നുകൊണ്ടിരുന്ന നേർത്ത സംഗീതം കേട്ട് ചക്രവാള സീമകളിലേക്ക് കണ്ണോടിച്ചു നോക്കുമ്പോഴായിരുന്നു കടലിനു യഥാർത്ഥ മാസ്മരിക ഭാവം കൈവന്നത്. 


ഫുക്കറ്റിന്റെ വടക്കു ഭാഗത്താണ് ഈ ഐലൻഡിന്റെ കിടപ്പ്. എ മാൻ വിത് ദ ഗോൾഡൻ ഗൺ എന്ന ജെയിംസ് ബോണ്ട് സിനിമയുടെ ലൊക്കേഷൻ ആയതിൽ പിന്നെയാണ് അത് വരേയ്ക്കും പുറംലോകം അധികം അറിയാത്ത ഇവിടേക്ക് ദൃശ്യ ചാരുതകൾ തേടി വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയത്. ക ഓ  ഫിങ് കാൻ അങ്ങനെ ജെയിംസ് ബോണ്ട് ഐലൻഡ് എന്ന് വിളിക്കപ്പെടാനും തുടങ്ങി. 'ദൂരെ കണ്ടു കണ്ടാൽ മാനമലിയും ചന്ദ്രകാന്ത കല്ല്'.... അതെ, ഫെറിയിൽ കേറി ഐലൻഡ് എത്തുന്നതിനു മുൻപേ തന്നെ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു ജെയിംസ് ബോണ്ട് സിനിമയിലൂടെ അനുവാചകർ ആസ്വദിച്ചു കണ്ട കൂൺ ആകൃതിയിലുള്ള സമുദ്ര ശില. 


ഫി ഫി  ഐലണ്ടിന്റെ ഭാഗമായ കോ ബി  ഡോ നൊക്  ഐലൻഡിൽ ആയിരുന്നു സ്‌കൂബയുടെ ആദ്യാനുഭവം. ഫുക്കറ്റിന്റെയും മലേക്ക തീരത്തിനുമിടക്കാണ് ഫി ഫി  ദ്വീപുസമൂഹം. ഫി ഫിയിലെ കടലിനു അത്ര കണ്ട് ചാരുതയാണ്. സ്‌കൂബ ഇൻസ്ട്രക്ടറുടെ ട നിർദേശങ്ങൾ സാകൂതം ശ്രവിച്ചു മാസ്‌കും ഡ്രസും ധരിക്കുമ്പോൾ മനസ്സിൽ ഓർത്തെടുത്ത് സ്‌കൂബ സിഗ്‌നലുകൾ ആയിരുന്നു. ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെ വായിലൂടെ മാത്രം ശ്വാസം വലിച്ചുവിട്ട് കടലാഴങ്ങളിലേക്ക്.... പവിഴപ്പുറ്റുകൾ, ഒറ്റക്കും കൂട്ടമായും പല വർണങ്ങളിൽ മൽസ്യങ്ങൾ, മുള്ളൻ പന്നിയോടുപമിക്കുമാറ് കൂർത്ത മുനമ്പുകളോടെ കടൽ ചേന (സിയാർച്ചിൻ) പഫാർ യീൽ മൽസ്യങ്ങൾ.... കാഴ്ചകൾക്ക് ഇത്ര കണ്ട് എന്നെ സ്വാധീനിക്കാനാകുമോ? ഇതായിരുന്നു സ്‌കൂബ സമ്മാനിച്ച ചിന്ത.

അതിനുമപ്പുറം കടലാഴങ്ങളിലെ ശാന്തത  എന്നെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു. വായിലേക്കെടുത്തു പുറത്തു വിട്ട വെള്ള  കുമിളകൾ സൃഷ്ടിച്ച ശബ്ദാലസ്യം വരെ ഭ്രമിപ്പിക്കുന്ന ശാന്തതക്ക് മാറ്റ് കൂട്ടിയതായി തോന്നി. ആഴങ്ങളിലേക്ക് പിന്നെയും പിന്നെയും ഞാൻ ഇറങ്ങിച്ചെന്നു. ദൈവമേ, ഇൻസ്ട്രക്ടർക്ക് പെട്ടെന്നുള്ള ഒരു തോന്നലിലെങ്ങാനും ഈ നടുക്കടലിൽ എന്നെ ഉപേക്ഷിച്ചു കടന്നു കളയുമോ എന്നൊക്കെ  വരെ എന്റെ ചിന്തകൾ പോയി. അപ്പോൾ തന്നെ ആയിരുന്നു മറ്റൊരു ഇൻസ്ട്രക്ടറുടെ കൂടെ ഡൈവിംഗിനു ഇറങ്ങിയ എന്റെ നല്ല പാതി വന്നു, എന്റെ കൈ കോർത്തു പിടിച്ചത്. ഗോ  പ്രോ ക്യാമറയും കൊണ്ടായിരുന്നു വരവ്. ഒരുമിച്ചു കടലിലൂടെ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ യാത്ര കഴിഞ്ഞതിൽ പിന്നെയും കണ്ടാസ്വദിക്കുന്നു ഞങ്ങൾ. 
വെള്ളം തന്നെയായിരുന്നു ഫുക്കറ്റ് ട്രിപ്പിന്റെ ഹൈലൈറ്റ്. പാരാ സൈലിംഗിന് ഞാനുമുണ്ട് എന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടത് ഈ ഞാൻ തന്നെ ആയിരുന്നോ എന്ന് ഇപ്പോൾ ഓർക്കുമ്പോൾ  ആശങ്ക വരാറുണ്ട്. കടലിനു മീതെ ഉയർന്നു  പൊങ്ങി പാറിപ്പറന്ന് ഒരു പാരച്യൂട്ട്  സവാരി. ആകാശത്തിനു മീതെ നിന്നും കണ്ട കടലാകട്ടെ സ്വച്ഛ ശാന്തം ആയിരുന്നു.
ഇതേ കടലിലൂടെ  തന്നെ ആയിരുന്നു ജെറ്റ് സ്‌കീയിംഗിനും ഈയുള്ളവൾ ഇറങ്ങിപ്പുറപ്പെട്ടത്. സമൂദ്രോപരിതലത്തെ കീറി മുറിച്ച് വിറപ്പിച്ചു ഓളങ്ങൾക്കൊപ്പം ഉയർന്നും പൊങ്ങിയും ഒരു ബൈക്ക് റൈഡ്.. അതായിരുന്നു  അത്.... !


കാടും മരങ്ങളും പച്ചപ്പും. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് വലിച്ചു കെട്ടിയ കയറിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഊർന്നിറങ്ങിയിങ്ങനെ പോയി. ഡ്രൈവ് രസം പിടിച്ചതോടെ സ്വാഭാവികമായും ഉള്ളിലൊരു ചൂളമടി ഉടലെടുത്തു. നാലു കുടുംബങ്ങൾ, കുഞ്ഞുങ്ങൾ, കളിയും ചിരിയും കൊച്ചു വർത്തമാനങ്ങളും.. രാത്രികളിൽ രുചിയും തേടി കടൽ തീരത്ത് കൂടങ്ങനെ നടന്നു. തട്ടുകടകളിൽ നിറയുന്ന രുചിക്കൂട്ടുകൾ. വിവിധയിനം മൽസ്യങ്ങൾ, ചെറിയ പുഴുക്കളെ വറുത്തു കോരിയത്, തേനും മസാലക്കൂട്ടുകളും സമ്മാനിച്ച വേറിട്ട രുചികൾ.. ചാര നിറം കലർന്ന ലോബ്സ്റ്റർ മത്സ്യം പുഴുങ്ങി എടുത്ത് കഴിയുമ്പോൾ ഓറഞ്ചിന്റെ നിറഭേദം. വെന്തു കഴിയുമ്പോൾ ലോബ്സ്റ്റർ ഷെൽ മുറിച്ച് അതിലേക്ക്  രുചിക്കൂട്ടുകൾ നിറക്കുന്നു. 


ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ചേരുവകളെല്ലാം ഒത്തിണങ്ങിയതാണ് ഫുക്കറ്റ്. എങ്കിലും ദിനം പ്രതി വന്നെത്തുന്ന സഞ്ചാരികളുടെ എണ്ണം താങ്ങാനാവാതെ പരിസ്ഥിതി ഭീഷണികൾ നേരിടുന്നുണ്ട്. മലിന ജലം നിർവീര്യമാക്കാനുള്ള പഌന്റുകളുടെ അഭാവങ്ങളും വിനോദ സഞ്ചാരം ഭൂപ്രകൃതികൾക്ക് ഏൽപിക്കുന്ന മങ്ങലുകളും കാഴ്ചകൾക്കൊപ്പം കൂട്ടി വായിക്കാം. 2004 ലെ സുനാമി അടിച്ചുയർന്ന് ഫുക്കറ്റിന്റെ പല ഭാഗങ്ങളിലും ഭീതിദമായ നാശനഷ്ടങ്ങൾ വരുത്തുകയും അനേകം ജീവനുകൾ പൊലിയുകയും ചെയ്തിരുന്നു. ഉയിർത്തെഴുന്നേൽപിന്റെ കഥകൾ കൂടി ഫുക്കറ്റ് നമുക്ക് പറഞ്ഞു തരുന്നു. ഫുക്കറ്റിലെ കടലോളപ്പരപ്പുകൾ തന്നെയാണ് ഓർമകളിൽ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നത്. നീണ്ടു നിവർന്നു കിടക്കുന്ന പടോങ് ബീച്ചിന്റെ കരയിലുള്ള ഹോട്ടലിൽ ആയിരുന്നു  താമസം. രണ്ടാം നാൾ ഉറക്കമുണർന്ന ഞാൻ വരാന്തയിലൂടെ കണ്ട കടൽ... ! കണ്ണെത്താദൂരത്തോളം നിശ്ചലമായി കിടക്കുന്ന കടലിൽ ഒരേയൊരു കപ്പൽ മാത്രം നങ്കൂരമിടാൻ വെമ്പി നിലയുറപ്പിച്ചിരുന്നു. 
 

 


 

Latest News