കാഠ്മണ്ഡു- ലോകത്തിലെ ഏറ്റവും വലിയ മൃഗബലിക്ക് നേപ്പാളില്‍ ഒത്തു ചേര്‍ന്നത് പതിനായിരങ്ങള്‍. ദക്ഷിണ നേപ്പാളിലെ ഗധിമായ് ഉത്സവത്തിലാണ് ശക്തിയുടെ ദേവതയെ പ്രീതിപ്പെടുത്താനായി മൃഗബലി നടത്തുന്നത്. ഇന്നലെ മുതല്‍ എത്തിച്ചേര്‍ന്ന ഹൈന്ദവ വിശ്വാസികള്‍ മൃഗങ്ങളെ ബലിയറുത്തു തുടങ്ങി.
കോടതി ഉത്തരവും മൃഗസ്‌നേഹികളുടെ ആഹ്വാനങ്ങളും കാറ്റില്‍ പറത്തിയാണ് ഇവിടെ മൃഗങ്ങളെ കൊന്നുതള്ളുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബരിയാപുര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മൃഗബലി അരങ്ങേറുന്നത്.
2014ലെ ഗധിമായ് ആഘോഷത്തില്‍ എലി മുതല്‍ ആട് വരെ രണ്ട് ലക്ഷം മൃഗങ്ങളെയാണ് കൊന്നു തള്ളിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഭക്തര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിത്തുടങ്ങിയിരുന്നു. ഇവര്‍ ക്ഷേത്രത്തിലേക്കുള്ള പാതയുടെ ഇരുവശത്തും തമ്പടിച്ച് അവിടെത്തന്നെ ഭക്ഷണം പാചകം ചെയ്ത് കഴിയുകയാണ്. ഇന്ത്യയില്‍ നിന്നും നിരവധി പേര്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.