Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

കണ്ണീർക്കണത്തിൽ ഉദിക്കുന്ന സൗരമണ്ഡലം

ജ്ഞാനപീഠ പുരസ്‌കാരം ഇന്ത്യയിൽ ഏതൊരു എഴുത്തുകാരനും കൊതിക്കുന്ന അംഗീകാരമാണ്. മലബാറിന്റെ മണ്ണിലേക്ക് അതെത്തിച്ച പ്രതിഭകളുടെ ജീവിതം വരുംതലമുറ പാഠമാക്കേണ്ടതുണ്ട്. അവരുടെ ജീവിതം പഠിക്കേണ്ടത് അവരുടെ സാഹിത്യ കൃതികളിലൂടെയാണ്. ഒരു കാലഘട്ടത്തിന്റെ സ്പന്ദിക്കുന്ന ജീവിതങ്ങളുടെ അക്ഷരക്കാഴ്ചകളാണത്. അത് വായിച്ചും വിലയിരുത്തിയും ഇനിയും വരാനിരിക്കുന്ന തലമുറക്ക് പകർന്നു നൽകിയും അവർ പടർത്തിയ അക്ഷര വെളിച്ചത്തിന്റെ ദീപശിഖകൾ കെടാതെ കാത്തും നാം നാളെകളെ വരവേൽക്കേണ്ടതുണ്ട്. 

കവിതയിലെ പൊന്നാനിക്കളരിക്ക് ഇത് ആഘോഷത്തിന്റെ കാലമാണ്. തൊണ്ണൂറ്റി മൂന്നാം വയസ്സിലെത്തിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് രാജ്യത്തെ സാഹിത്യ മണ്ഡലത്തിൽ ഏറെ ശ്രേഷ്ഠമായ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. കാൽ നൂറ്റാണ്ടിനിടെ ഇത് രണ്ടാം തവണയാണ് മലബാറിലേക്ക് ജ്ഞാനപീഠമെത്തുന്നത്. 1995 ൽ എം.ടി.വാസുദേവൻ നായരിലൂടെയും ഇപ്പോൾ അക്കിത്തത്തിലൂടെയും. അതിന് മുമ്പ് 1980 ൽ കോഴിക്കോടിന്റെ സ്വന്തം കഥാകാരൻ എസ്.കെ.പൊറ്റെക്കാടാണ് പരമോന്നതമായ ഈ പുരസ്‌കാരം മലബാറിന്റെ മണ്ണിലെത്തിച്ചത്. 
അക്കിത്തത്തിന്റെ നേട്ടം സാഹിത്യത്തിലെ പൊന്നാനിക്കളരിയുടെ കൂടി നേട്ടമാണ്. മലയാള സാഹിത്യത്തിന്റെ നാൾവഴികളിൽ പൊന്നാനിക്കളരിയുടെ സ്ഥാനം ഏറെ പ്രധാനമാണ്. മഹാകവി ഇടശ്ശേരിയെ പോലെയുള്ള പ്രതിഭാധനരായ എഴുത്തുകാരുടെ കളരിയിൽ വളർന്ന അക്കിത്തത്തിന്റെ വരികൾക്കും മാനവികതയുടെ മഹിത വൃത്തങ്ങളാണുള്ളത്. 
ഏഴാം വയസ്സിൽ കവിതയെഴുതി തുടങ്ങിയ അച്യുതൻ നമ്പൂതിരി പിന്നീട് മലയാള സാഹിത്യ ലോകത്തിന് സമ്മാനിച്ചത് ഉദാത്തമായ ഒട്ടേറെ കവിതകളാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിത ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ വരച്ചു കാട്ടിയ അപരന്റെ ദുഃഖത്തെ കുറിച്ചുള്ള കരുതൽ മാനവികതയുടെ ഉച്ചത്തിലുള്ള പ്രഘോഷണമാണ്.
'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവെ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം' എന്നു തുടരുന്ന വരികൾ ആസ്വാദക മനസ്സിൽ എന്നും കോറിയിടപ്പെട്ടതാണ്. 1952 ൽ അദ്ദേഹം ഏഴുതിയ ഈ കവിത മലയാള കവിതയിലെ ആധുനികതയുടെ വരവറിയിക്കുന്നതാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ കവിതയിലെ വരികൾ ആധുനിക കാലത്തും പ്രസക്തമായി നിലനിൽക്കുകയും ചെയ്യുന്നു.
അക്കിത്തവും എം.ടി.വാസുദേവൻ നായരും സാഹിത്യത്തിൽ രണ്ട് ശ്രേണികളെയാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിലും അവർ ജീവിച്ച തട്ടകങ്ങൾ ഏറെക്കുറെ ഒന്നായിരുന്നു. മലപ്പുറം, പാലക്കാട് ജില്ലകളെ അതിരിടുന്ന തൃത്താല പ്രദേശത്താണ് ഇവരുടെ ജീവിതത്തിന്റെ വലിയ പങ്കും ചെലവിട്ടതും സാഹിത്യ രചനയിലേക്കുള്ള വിഭവങ്ങൾ ഒരുക്കപ്പെട്ടതും. ഭാരതപ്പുഴയും പൊന്നാനിപ്പുഴയുമെല്ലാം, മാനവിക സംസ്‌കാരത്തെ പങ്കുവെക്കുന്ന, വലിയൊരു ഭൂപ്രകൃതിയുടെ അടിസ്ഥാന ജീവിത ഭാവങ്ങൾ ഇരുവരുടെയും സാഹിത്യ സൃഷ്ടികളിൽ നിറഞ്ഞു നിൽക്കുന്നു. നിർമലമായ ഗ്രാമീണതയാണ് അക്കിത്തം കവിതയിലും എം.ടി കഥകളിലും വിരിഞ്ഞു നിൽക്കുന്നത്. എം.ടിയുടെ കൂടല്ലൂരും അക്കിത്തത്തിന്റെ കുമരനെല്ലൂരും തമ്മിൽ ഒരു കുന്നിന്റെ വേർതിരിവാണുള്ളത്. ഇരുവരും പഠിച്ചത് എടപ്പാളിനടുത്തുള്ള കുമരനെല്ലൂർ ഗവ.സ്‌കൂളിലാണ്. ഒരു സ്‌കൂളിലെ രണ്ട് പൂർവ വിദ്യാർഥികൾക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുകയെന്ന അപൂർവ ബഹുമതി കുമരനെല്ലൂർ സ്‌കൂളിന് സ്വന്തം. 
കൂടല്ലൂരിന്റെയും കുമരനെല്ലൂരിന്റെയും സംസ്‌കാരം നെയ്‌തെടുത്തിരിക്കുന്നത് ഒരേ സാമൂഹ്യ വ്യവസ്ഥിതികളാണ്. പുഴകളും കുന്നും വയലുകളുമെല്ലാമുള്ള ഗ്രാമീണതക്ക് തൊട്ടകലെ പൊന്നാനിയിലെ കടലും. മനുഷ്യ ജീവിതത്തിൽ മതേതരത്വത്തിന്റെ സുഗന്ധം പരന്നു കിടക്കുന്ന നാട്ടിടവഴികളുടെ കൂടി സംഗമ സ്ഥലങ്ങളാണിവ. നാഗരികതയുടെ അടയാളങ്ങൾ അടുത്ത കാലത്തു മാത്രം കണ്ടു തുടങ്ങിയ ഗ്രാമങ്ങളാണിതെല്ലാം. സാഹിത്യ കൂട്ടായ്്മകൾക്ക് പൊന്നാനി കഴിഞ്ഞാൽ പിന്നെ കോഴിക്കോട്ടാണ് അരങ്ങുകളുണ്ടായിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ മഹാരഥൻമാരായ സാഹിത്യ പ്രതിഭകൾക്കൊപ്പം സാഹിത്യത്തെ കുറിച്ചും മാനവരാശിയെ കുറിച്ചുമുള്ള സ്വപ്‌നങ്ങളും ആകുലതകളും പങ്കുവെച്ചാണ് അക്കിത്തത്തിലെയും എം.ടിയിലെയും എഴുത്തിന്റെ മുനകൾ രാകിമിനുക്കപ്പെട്ടത്. മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ സ്്മൃതികളുറങ്ങുന്ന തിരൂരിലെ മണ്ണും ആ പ്രതിഭാ തിളക്കത്തിന് മാറ്റു വർധിപ്പിച്ചു. ഭാഷാപിതാവിന്റെ മണ്ണിനെ മലയാള സാഹിത്യത്തിന്റെ തറവാടാക്കി വളർത്തിയെടുക്കുന്നതിൽ പിന്നീട് എം.ടി.വാസുദേവൻ നായർ വിജയിക്കുകയും ചെയ്തു. 
മഹാകവി അക്കിത്തത്തിന് ലഭിച്ച ഈ വലിയ പുരസ്‌കാരം പുതുതലമുറക്ക് പ്രചോദനമാകേണ്ടതുണ്ട്. സാഹിത്യമെന്നത് ജീവിതത്തിന്റെ വേർതിരിച്ചു നിർത്താനാകാത്ത ഭാഗവും ഭാവവുമാണെന്ന ഓർമപ്പെടുത്തൽ കൂടിയാണിത്. മലയാള ഭാഷ അക്ഷരങ്ങളെ വിട്ട് ദൃശ്യങ്ങളിലേക്കും ട്രോളുകളിലേക്കും ചുരുങ്ങുമ്പോൾ രാപ്പകലിലല്ലാതെ എഴുതി ജീവിച്ച ഒരു തലമുറ ഇവിടെയുണ്ടായിരുന്ന ഓർമപ്പെടുത്തൽ കൂടിയാണിത്. മനുഷ്യ ജീവിതത്തെ വർണിക്കാൻ അവർക്ക് അക്ഷരങ്ങളുടെയും വാക്കുകളുടെയും ക്ഷാമമുണ്ടായിരുന്നില്ലെന്നും നാം തിരിച്ചറിയണം. 
ഏഴാം വയസ്സിൽ എഴുതിത്തുടങ്ങിയ മഹാകവി അക്കിത്തം തന്റെ 21 ാം വയസ്സിലാണ് ആദ്യത്തെ പുസ്തകം -ദേശ സേവിക- പ്രസിദ്ധീകരിച്ചത്. ഇരുപത്തിയാറമത്തെ വയസ്സിൽ ഏഴുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ കൃതികളിൽ മികച്ചതായി കരുതപ്പെടുന്നത്. അദ്ദേഹത്തിന് ആദ്യമായി പുരസ്‌കാരം (സഞ്ജയൻ പുരസ്‌കാരം) ലഭിച്ചതും ഈ കവിതക്കാണ്. 
പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. തൊണ്ണൂറാമത്തെ വയസ്സിൽ വരെ കവിതാ രചന നടത്തി പുസ്തകമാക്കിയ അദ്ദേഹത്തിന്റെ പ്രതിഭക്ക് പ്രായം മങ്ങലേൽപിച്ചിട്ടില്ല.
ജ്ഞാനപീഠ പുരസ്‌കാരം ഇന്ത്യയിൽ ഏതൊരു എഴുത്തുകാരനും കൊതിക്കുന്ന അംഗീകാരമാണ്. മലബാറിന്റെ മണ്ണിലേക്ക് അതെത്തിച്ച പ്രതിഭകളുടെ ജീവിതം വരുംതലമുറ പാഠമാക്കേണ്ടതുണ്ട്. അവരുടെ ജീവിതം പഠിക്കേണ്ടത് അവരുടെ സാഹിത്യ കൃതികളിലൂടെയാണ്. ഒരു കാലഘട്ടത്തിന്റെ സ്പന്ദിക്കുന്ന ജീവിതങ്ങളുടെ അക്ഷരക്കാഴ്ചകളാണത്. അത് വായിച്ചും വിലയിരുത്തിയും ഇനിയും വരാനിരിക്കുന്ന തലമുറക്ക് പകർന്നു നൽകിയും അവർ പടർത്തിയ അക്ഷര വെളിച്ചത്തിന്റെ ദീപശിഖകൾ കെടാതെ കാത്തും നാം നാളെകളെ വരവേൽക്കേണ്ടതുണ്ട്. 

Latest News