പവാറിന്റെ വെളിപ്പെടുത്തല്‍; മകള്‍ സുപ്രിയക്ക് മോഡി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു

മുംബൈ- ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ മകള്‍ സുപ്രിയ സുലേക്ക് പ്രധാനമന്ത്രി നരേന്ദ മോഡി കേന്ദ്ര  മന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വെളിപ്പെടുത്തി. രാഷ്ട്രീയ നിലപാടുകള്‍വെച്ച് അത് ശരിയാകില്ലെന്നാണ് താന്‍ മോഡിക്ക് മറുപടി നല്‍കിയതെന്നും മറാത്തി വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ എന്‍.സി.പി നേതാവും സഹോദര പുത്രനുമായ അജിത് പവാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിയും ശരദ് പവാറും നടത്തിയ കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കിയിരിുന്നു.

ബിജെപി-എന്‍സിപി ധാരണയാണ് ഇരവരും തമ്മില്‍ ചര്‍ച്ച ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്.

നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നോ എന്ന ചോദ്യത്തിന്
അത് വാസ്തവമല്ലെന്നായിരുന്നു ശരദ് പവാറിന്റെ മറുപടി.

അത് സത്യമല്ല. മഹാരാഷ്ട്രയില്‍ ബിജെപിയും എന്‍സിപിയും ഒന്നിച്ചു നില്‍ക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. മാത്രമല്ല, മകള്‍ സുപ്രിയ സുലെക്ക് നരേന്ദ്ര മോഡി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു- പവാര്‍ പറഞ്ഞു.

എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ താന്‍ വലിയ സന്തോഷവാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട് പറഞ്ഞതായും  ശരദ് പവാര്‍ വെളിപ്പെടുത്തി.

പ്രധാനമന്ത്രിയുമായി കര്‍ഷക പ്രതിസന്ധിയെ കുറിച്ച് മാത്രമാണ് ചര്‍ച്ച നടന്നതെന്നായിരുന്നു കൂടിക്കാഴചയ്ക്ക് ശേഷം ശരദ് പവാര്‍ പറഞ്ഞിരുന്നത്.

 

 

 

Latest News