Sorry, you need to enable JavaScript to visit this website.

ഹൈദരാബാദ് ക്രൂരതയിൽ പാർലമെന്റിലും രോഷം

ന്യൂദൽഹി - സ്ത്രീകൾക്കെതിരേ നീച കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ തൂക്കിക്കൊല്ലണമെന്നും ആൾക്കൂട്ട വിചാരണയ്ക്കു വിധേയരാക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തി എം.പിമാർ പാർലമെന്റിൽ. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറായ യുവതിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകണമെന്ന ആവശ്യം രാജ്യസഭയിലും ലോക്‌സഭയിലും ഉയർന്നത്. രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച അധ്യക്ഷൻ വെങ്കയ്യ നായിഡു വിഷയം ഉന്നയിക്കാൻ അനുമതി നൽകി. 


രാഷ്ട്രീയം മറന്ന് വിഷയം ചർച്ച ചെയ്യണമെന്ന് ഇരു സഭകളിലും എം.പിമാർ ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന സംഭവം മനുഷ്യ മനഃസാക്ഷിയെ തന്നെ അപമാനിക്കുന്നതാണെന്ന് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. സംഭവത്തിൽ പാർലമെന്റ് അതിയായ ദുഃഖം രേഖപ്പെടുത്തുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടികൾ എടുക്കേണ്ടതാണെന്നും ലോക്‌സഭയിൽ സ്പീക്കർ ഓം ബിർള പറഞ്ഞു. സംഭവം രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അത് എല്ലാവരെയും വേദനിപ്പിച്ചു. കുറ്റവാളികൾക്ക് ഏറ്റവും കഠിന ശിക്ഷ നൽകണം. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി സ്ത്രീകൾക്കെതിരേ ഹീന കുറ്റകൃത്യങ്ങൾ വർധിക്കുന്ന വിഷയം പാർമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
സമൂഹം ഇത്തരം പ്രശ്‌നങ്ങളെ ആഴത്തിൽ കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ജാതി, മത വിവേചനമില്ലാതെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


അതിനിടെ, സമാജ് വാദി പാർട്ടി എം.പിയും നടിയുമായ ജയ ബച്ചൻ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ ജനമധ്യത്തിൽ കൊണ്ടുനിർത്തി ആൾക്കൂട്ടം കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്ന് പറഞ്ഞു. മാനംഭംഗക്കേസിലെ പ്രതികളോട് ഒരു ദയയും കാണിക്കേണ്ടതില്ല. കുറ്റവാളികളെ ജനക്കൂട്ടത്തിന് വിട്ടുകൊടുക്കേണ്ടതാണ്. പ്രതികളെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും അവർ പറഞ്ഞു. ഹൈദരാബാദ് കേസിലെ പ്രതികളെ ഡിസംബർ 31ന് മുമ്പ് തൂക്കിലേറ്റണമെന്ന് എ.ഐ.എ.ഡി.എം.കെ എം.പി വിജില സത്യനാഥ് ആവശ്യപ്പെട്ടു. 


ലോക്‌സഭയിൽ കോൺഗ്രസ് എം.പി ഉത്തം കുമാർ റെഡ്ഡിയാണ് വിഷയം ഉന്നയിച്ചത്. തെലങ്കാനയിലെ സർക്കാരിന്റെ തെറ്റായ മദ്യനയമാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കാൻ ഇടയാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതിലും റെഡ്ഡി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി. സമാന രീതിയിൽ കോയമ്പത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുണ്ടായ ദുരനുഭവം ഡി.എം.കെ നേതാവ് ടി.ആർ. ബാലു ചൂണ്ടിക്കാട്ടി. ഹൈദരാബാദ് കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് തൃണമൂൽ എം.പി സൗഗത റോയ് ആവശ്യപ്പെട്ടു. നിർഭയ കേസിലടക്കം ഇത്തരം ക്രൂര കൃത്യങ്ങൾക്ക് കോടതി വധ ശിക്ഷ വിധിച്ചിട്ടും അതു നടപ്പാക്കാൻ വൈകുന്നതിലെ അപാകതയാണ് രാജ്യത്ത് സമാന സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ബി.ജെ.ഡി എം.പി പിനാകി മിശ്ര ചൂണ്ടിക്കാട്ടി. 

 

Tags

Latest News