Sorry, you need to enable JavaScript to visit this website.

യെദിയൂരപ്പയുടെ നെഞ്ചിടിപ്പേറ്റി ഡി.കെ-കുമാരസ്വാമി കൂടിക്കാഴ്ച

ബംഗളൂരു - കർണാടകയിൽ ബി.ജെ.പി സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് നെഞ്ചിടിപ്പേറ്റി കോൺഗ്രസ് - ജെ.ഡി.എസ് സഖ്യത്തിന് വീണ്ടും നീക്കം. കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയാണ് ഇത്തരമൊരു അഭ്യൂഹത്തിലേക്ക് സൂചന നൽകുന്നത്. ഇരുവരും ഹൂബ്ലി വിമാനത്താവളത്തിൽ കൂടിക്കാഴ്ച നടത്തിയതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഈ മാസം അഞ്ചിനാണ് സംസ്ഥാനത്തെ 15 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പതിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. എട്ട് സീറ്റിലെങ്കിലും ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചില്ലെങ്കിൽ യെദിയൂരപ്പ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. എല്ലാം സീറ്റും ജയിക്കുമെന്ന് യെദിയൂരപ്പ അവകാശപ്പെടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ജെ.ഡി.എസ് ധാരണ ഉണ്ടാകുന്നപക്ഷം സ്ഥിതി മാറും. അത്തരമൊരു സാധ്യതയിലേക്കാണ് ഡി.കെ കുമാരസ്വാമി കൂടിക്കാഴ്ച വിരൽ ചൂണ്ടുന്നത്.


കോൺഗ്രസ് പിന്തുണയോടെ കുമാരസ്വാമി സർക്കാരിനെ, കോൺഗ്രസിലെയും ജെ.ഡി.എസിലെയും എം.എൽ.എമാരെ അടർത്തിയെടുത്താണ് ബി.ജെ.പി താഴെയിറക്കിയത്. രണ്ട് പാർട്ടികളിലെയും 15 എം.എൽ.എമാർ രാജിവെച്ചതോടെ നിയമസഭയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. സർക്കാർ നിലം പൊത്തിയതോടെ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യവും പിരിഞ്ഞു. രാജിവെച്ച എം.എൽ.എമാരുടെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ മൂന്ന് പാർട്ടികളും വെവ്വേറെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പരസ്പരം വിട്ടുവീഴ്ചക്ക് കോൺഗ്രസും ജെ.ഡി.എസും തയാറാവുന്നപക്ഷം ബി.ജെ.പിക്ക് അത് തിരിച്ചടിയാവും.
മഹാരാഷ്ട്രയിൽ കുറുക്കുവഴിയിലൂടെ സർക്കാർ ഉണ്ടാക്കാൻ നോക്കിയ ബി.ജെ.പിക്ക് തിരിച്ചടി നൽകാൻ ശിവസേനയെ കൂട്ടുപിടിക്കാൻ പോലും കോൺഗ്രസ് തയാറായ സാഹചര്യത്തിൽ കർണാടകത്തിലും അത്തരം നീക്കങ്ങൾ നടത്തണമെന്ന് ചില നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

കർണാടകയിൽ ബി.ജെ.പിയുടെ മുഖ്യ എതിരാളി മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഡി.കെ. ശിവകുമാറാണ്. യെദിയൂരപ്പ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഈയിടെയാണ് അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങിയത്. അതിനുശേഷം സംസ്ഥാനത്ത് ബി.ജെ.പി സർക്കാരിനെതിരായ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശിവകുമാറാണ്. അതിനിടെയാണ് അദ്ദേഹം കുമാരസ്വാമിയുമായി അവിചാരിതമായി കൂടിക്കാഴ്ച നടത്തുന്നത്. ബെലഗാവിൽനിന്ന് ചിക്കബല്ലപ്പുരിലേക്ക് പോവുകയായിരുന്ന കുമാരസ്വാമിയുടെ ഹെലിക്കോപ്റ്റർ മോശം കാലാവസ്ഥയെതുടർന്ന് ഹൂബ്ലി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഈ സമയം ബംഗളൂരുവിലേക്ക് പോകാൻ ഡി.കെ ശിവകുമാറും ഹൂബ്ലി വിമാനത്താവളത്തിലെത്തി. ഇരു നേതാക്കളും വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിലാണ് കൂടിക്കാഴ്ച നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Latest News