Sorry, you need to enable JavaScript to visit this website.

പാലാ ജനറൽ ആശുപത്രി വിവാദം കൊഴുക്കുന്നു 

കോട്ടയം - പാലാ ജനറൽ ആശുപത്രി കെ.എം മാണി സ്മാരക ആശുപത്രിയാക്കണമെന്നും വേണ്ടെന്നും. വിവാദം കൊഴുക്കുന്നു. പാലായിലെ ജനറൽ ആശുപത്രിക്ക് കെഎം മാണിയുടെ പേര് നൽകണമെന്ന് ഓഗസ്റ്റിൽ ചേർന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി തീരുമാനിച്ചിരുന്നു. എന്നാൽ  നവംബറിൽ ചേർന്ന വികസന സമിതിയോഗം പ്രൊഫ.കെഎം ചാണ്ടിയുടെ പേര് നൽകണമെന്ന് നിർദേശിച്ചു.ഇതിനെ ചോദ്യം ചെയ്ത് ആശുപത്രി സൂപ്രണ്ടിന് മാനേജിംഗ് കമ്മറ്റി അംഗവും നഗരസഭാംഗവുമായ  ബിജി ജോജോ കത്ത് നൽകിയിരിക്കുകയാണ്.


പാലാ ജനറലാശുപത്രിയ്ക്ക് പ്രൊഫ കെഎം ചാണ്ടിയുടെ പേര് നൽകണമെന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി തീരുമാനം പിൻവലിക്കണമെന്നാണ് ആശുപത്രി സൂപ്രണ്ടിന് നൽകിയ കത്തിലെ ആവശ്യം. മാനേജിംഗ് കമ്മറ്റി യോഗത്തിൽ പങ്കെടുത്തവർ വോട്ടെടുപ്പ് നടത്തിയാണ് തീരുമാനമെടുത്തത്. എന്നാൽ വോട്ടവകാശം ഇല്ലാത്ത അംഗമാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടതെന്നും വോട്ടവകാശം ഇല്ലാത്ത അഞ്ചു പേർ വോട്ട് രേഖപ്പെടുത്തിയതായും മാനേജിംഗ് കമ്മറ്റി അംഗവും കൗൺസിലറുമായ ബിജി ജോജോ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ,കെഎം മാണിയുടെ പേര് നൽകാനുള്ള തീരുമാനം നടപ്പാക്കണമെന്നും കത്തിലൂടെ ബിജി ജോജോ ആവശ്യപ്പെട്ടു. 


ഇക്കഴിഞ്ഞ നവംബർ 26ന് ചേർന്ന വികസനസമിതി യോഗത്തിലാണ് കെഎം ചാണ്ടിയുടെ പേര് നൽകണമെന്ന് തീരുമാനിച്ചത്. എന്നാൽ നേരത്തേ തന്നെ നഗരസഭാ കൗൺസിൽ യോഗം ആശുപത്രിക്ക് കെഎം മാണിയുടെ പേര് നൽകാൻ തീരുമാനമെടുത്തിരുന്നു. ചാണ്ടിയുടെ പേര് നൽകണമെന്ന് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ആശുപത്രി അധികൃതരോട് സർക്കാർ നിർദേശിച്ചിരുന്നു. 


നഗരസഭയ്ക്ക് കീഴിലാണ് ആശുപത്രി. അതിനാൽ തങ്ങളുടെ തീരുമാനത്തിനാണ് പ്രസക്തി എന്നാണ് നഗരസഭാ വാദം. തീരുമാനമെടുക്കാൻ സർക്കാർ നിർദേശിച്ചത് വികസന സമിതിയോടാണെന്നും യോഗമെടുത്ത തീരുമാനത്തിനാകും അംഗീകാരമെന്നും സമിതി അംഗങ്ങളും പറയുന്നു. വികസനസമിതിയിൽ യുഡിഎഫിനാണ് ഭൂരിപക്ഷമെങ്കിലും പല അംഗങ്ങളും എത്തിതിരുന്നതിനാൽ വോട്ടെടുപ്പിൽ കെഎം ചാണ്ടിയുടെ പേര് നിർദേശിക്കപ്പെടുകയായിരുന്നു. ഈ നടപടിയിൽ പിൻവലിക്കണമെന്നാണ് പുതിയ ആവശ്യം. കെഎം മാണിയുടെ നിര്യാണശേഷം കേരള കോൺഗ്രസിൽ ജോസഫ്- ജോസ് വിഭാഗങ്ങൾ തമ്മിലുളള ഭിന്നതയാണ് ഈ വിഷയത്തിലും നിഴലിക്കുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.


വിഷയത്തിൽ കൗൺസിലിനുള്ളിലും പൊട്ടിത്തെറി രൂക്ഷമാണ്. ജോസഫ് ഗ്രൂപ്പിനൊപ്പം ചേർന്ന കുര്യാക്കോസ് പടവനാണ് പിന്നിലെന്നാണ് ജോസ് വിഭാഗത്തിന്റെ ആരോപണം. വികസന സമിതി യോഗത്തിൽ അധ്യക്ഷനായിരുന്ന കുര്യാക്കോസ് പടവന് വിഷയം മാറ്റിവെയ്ക്കാവുന്ന സാഹചര്യമുണ്ടായിട്ടും അത് ചെയ്തില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണപക്ഷത്തെ 11 കൗൺസിലർമാർ ചേർനന് അടിയന്തി കൗൺസിൽ വിളിക്കണമെന്ന നോട്ടീസ് നൽകിയിരിക്കുകയാണ്. ഡിസംബർ 9നകം യോഗം വിളിക്കണമെന്നാണ് ആവശ്യം.

 

Latest News