Sorry, you need to enable JavaScript to visit this website.

മോഹൻ ലാലിന്റെ നേതൃത്വത്തിൽ പാലക്കാട്ട് യു.എ.ഇ ദേശീയദിനം ആഘോഷിച്ചു

ആഘോഷപരിപാടിയിൽ മോഹൻലാലും സിദ്ദിഖും. 

പാലക്കാട്- നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ യു.എ.ഇയുടെ നാൽപ്പത്തിയെട്ടാം ദേശീയദിനം ആഘോഷിച്ചു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ്ബ്രദർ എന്ന സിനിമയുടെ പൊള്ളാച്ചിയിലെ ലൊക്കേഷനിലാണ് ആഘോഷപരിപാടികൾ നടന്നത്. കേരളത്തിന്റെ അതിർത്തിയായ മീനാക്ഷീപുരത്തുള്ള റിസോർട്ടിലായിരുന്നു പരിപാടി. മോഹൻലാൽ കെയ്ക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. സംവിധായകൻ സിദ്ദിഖ് ഉൾപ്പെടെ ചലച്ചിത്രരംഗത്തെ നിരവധി പ്രവർത്തകരുടെ സാന്നധ്യത്തിലായിരുന്നു ചടങ്ങ്. ഇരു രാജ്യങ്ങളുടേയും ദേശീയഗാനം ആലപിച്ചു. കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ എന്ന കൂട്ടായ്മയാണ് ദേശീയദിനാചരണം സംഘടിപ്പിച്ചത്. കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരിയാണ് മോഹൻലാൽ. പ്രവാസികളുടെ പങ്കാളിത്തം ആഘോഷത്തിന് കൊഴുപ്പ് പകർന്നു. നേരത്തേ കേരളാ അതിർത്തിയിൽ നിന്ന് ബൈക്ക് റാലിയോടെയാണ് പരിപാടികൾ തുടങ്ങിയത്. വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെയായിരുന്നു ബൈക്ക് റാലി. ഫെസ്റ്റിവൽ കൂട്ടായ്മ യു.എ.ഇ വിംഗ് തയ്യാറാക്കിയ ഓ..എമിറേറ്റ്‌സ് എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു. ശിഹാബ് ഖാനം എഴുതി ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകിയ അറബി കവിതകളടങ്ങിയതാണ് ആൽബം.
യു.എ.ഇയുടെ ദേശീയദിനാചരണം ഡൽഹിയിൽ നടക്കാറുണ്ടെങ്കിലും പ്രവാസികളുടെ പങ്കാളിത്തത്തോടെ ഇത്തരത്തിലൊരു പരിപാടി ആദ്യമായാണ് നടക്കുന്നത് എന്ന് മെട്രോ ഫിലിം ഫെസ്റ്റിവൽ കൂട്ടായ്മയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും പരിപാടിയുടെ മുഖ്യസംഘാടകനുമായ നടൻ രവീന്ദ്രൻ അവകാശപ്പെട്ടു. മലയാളികളുടെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച വിദേശരാജ്യങ്ങളിലൊന്നാണ് യു.എ.ഇ എന്നും കേരളത്തിന്റെ വികസനത്തിന് ആ രാജ്യത്തോട് ഏറെ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച സൗഹൃദമാണ് നിലനിൽക്കുന്നത്. ആ ബന്ധം കൂടുതൽ കൂടുതൽ ഊട്ടിയുറപ്പിക്കുക എന്നതാണ് ആഘോഷപരിപാടികളുടെ ലക്ഷ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ലോകത്തേറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ ഇന്ത്യയുടെ ദേശീയപതാകയുയുർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച യു.എ.ഇയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു- രവീന്ദ്രൻ പറഞ്ഞു. 
 

Latest News