Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സുതാര്യത ഉറപ്പുവരുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടങ്ങി

റിയാദ് - തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ തീരുമാനങ്ങളും നിയമങ്ങളും എത്രമാത്രം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള സ്വയം വിലയിരുത്തൽ പ്രക്രിയ പദ്ധതി പാലിക്കാത്ത വൻകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ നിർത്തിവെക്കാൻ തുടങ്ങി. 

സ്വയം വിലയിരുത്തൽ നടപടികൾ പൂർത്തിയാക്കണമെന്ന് വൻകിട, ഇടത്തരം സ്ഥാപനങ്ങളോട് മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. നവംബർ അവസാനിക്കുന്നതിനു മുമ്പായി സ്വയം വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇടത്തരം സ്ഥാപനങ്ങൾക്കുള്ള സ്വയം വിലയിരുത്തൽ പ്രക്രിയ ഒക്‌ടോബർ 23-നാണ് ആരംഭിച്ചത്. ഇത് മൂന്നു മാസം നീണ്ടുനിൽക്കും. 


സുതാര്യതാ നിലവാരം ഉയർത്തുന്നതിനും തൊഴിൽ സാഹചര്യം മെച്ചപ്പപ്പെടുത്തുന്നതിനും തൊഴിൽ നിയമപാലന തോത് ഉയർത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വയം വിലയിരുത്തൽ പ്രക്രിയ നിർബന്ധമാക്കുന്നത്. 


സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള സംവിധാനങ്ങളുടെ സുരക്ഷിതത്വവും നിയമപാലനവും ഉറപ്പുവരുത്തുന്നതിനും മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നതിനു മുമ്പായി തെറ്റുകൾ സ്വയം തിരുത്തുന്നതിന് നടപടികൾ സ്വകീരിക്കുന്നതിനുമാണ് സ്വയം വിലയിരുത്തൽ പ്രക്രിയയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.

തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ നിയമങ്ങളും നിയമാവലികളും എത്രയമാത്രം പാലിക്കുന്നുണ്ടെന്ന് അറിയുന്നതിനും തെറ്റുകൾ സ്വയം തിരുത്തുന്നതിനും സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ സ്വയം വിലയിരുത്തൽ പ്രക്രിയക്ക് സുപ്രധാന പങ്കുണ്ട്. മന്ത്രാലയ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്വയം വിലയിരുത്തൽ പ്രക്രിയ നടപ്പാക്കൽ അനിവാര്യമാണ്. മുഴുവൻ സ്ഥാപനങ്ങൾക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഇലക്‌ട്രോണിക് സംവിധാനത്തിൽ സ്വയം വിലയിരുത്തൽ പ്രക്രിയ ആരംഭിക്കുന്നതിന് സാധിക്കും. 


സ്വയം വിലയിരുത്തൽ പ്രക്രിയ പ്രോഗ്രാം തയാറാക്കിയ മുഴുവൻ മാനദണ്ഡങ്ങൾക്കും സത്യസന്ധമായും വസ്തുനിഷ്ഠമായും സ്ഥാപനങ്ങൾ മറുപടികൾ നൽകേണ്ടത് നിർബന്ധമാണ്. 


പതിനേഴു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം വിലയിരുത്തൽ ഘട്ടം എളുപ്പമാക്കിയിട്ടുണ്ട്. ഇതിൽ അഞ്ചു മാനദണ്ഡങ്ങൾ സ്ഥാപനങ്ങളുമായും ആറു മാനദണ്ഡങ്ങൾ തൊഴിലാളികളുമായും ആറു മാനദണ്ഡങ്ങൾ വനിതകളും വികലാംഗരും അടക്കം പ്രത്യേക വിഭാഗങ്ങളിൽപെട്ടവർക്ക് തൊഴിൽ നൽകുന്നതുമായും ബന്ധപ്പെട്ടവയാണ്. സ്വയം വിലയിരുത്തൽ പ്രോഗ്രാമിൽ സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങളുടെ കൃത്യത നിരീക്ഷിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഫീൽഡ് പരിശോധകർ സ്ഥാപനങ്ങളിൽ സന്ദർശനങ്ങൾ നടത്തുമെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു.


വൻകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള സ്വയം വിലയിരുത്തൽ പ്രോഗ്രാം ആറു മാസം മുമ്പാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പ്രഖ്യാപിച്ചത്. വൻകിട, ഇടത്തരം സ്ഥാപനങ്ങൾ സ്വയം വിലയിരുത്തൽ പ്രോഗ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യലും ഓരോ ഇംഗ്ലീഷ് വർഷാരംഭത്തിലും സ്വയം വിലയിരുത്തൽ നടത്തലും നിർബന്ധമാണ്. 
നിശ്ചിത സമയത്തിനകം സ്വയം വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ നിർത്തിവെക്കുമെന്നും മന്ത്രി പുറപ്പെടുവിച്ച തീരുമാനം വ്യക്തമാക്കുന്നു. 

 

Latest News