Saturday , December   14, 2019
Saturday , December   14, 2019

കോൺഗ്രസ് മുത്തശ്ശിയും കടുവാ സേവയും മറ്റും..

 'ഉഷ്ണം ഉഷ്‌ണേന ശാന്തി' എന്നൊരു ചൊല്ലുണ്ട്. ഒരു ചട്ടമ്പിയെ ഒതുക്കാൻ മറുമറുന്നായി മറ്റൊരു ചട്ടമ്പി രംഗ പ്രവേശം ചെയ്യുന്നതു പണ്ടു സാധാരണയായിരുന്നു. മാഫിയാ സംഘങ്ങൾ അവതരിച്ചതോടെയാണ് ഒറ്റക്കുള്ള ചട്ടമ്പിമാരുടെ കാലം കഴിഞ്ഞത്. ഇവയൊക്കെ ഇന്നും വിലസി വാഴുന്നതു കാണാൻ മഹാരാഷ്ട്രയിൽ പോകണം. 1966 മുതൽ അലറി വിളിച്ചിരുന്ന ശിവസേനക്ക് ഭാഗ്യം കൈവന്നത് ഇപ്പോൾ മാത്രം. 'ഭാഗ്യം കേറി വരുന്ന രഹസ്യം പാവം പയ്യനറിഞ്ഞോ' -എന്ന സിനിമാപ്പാട്ട് ബോംബൈയിൽ സ്ഥിര താമസമാക്കിയ മലയാളികൾ ഈയിടെയായി പാടുന്നുമുണ്ട്. ദേവേന്ദ്ര ഫട്‌നാവിസ് എന്ന വേന്ദ്രന്റെ ഭരണത്തോടെ ശിവസേനയും ടൈഗറും അപ്രത്യക്ഷമാകുമെന്ന് താക്കറേ ജൂനിയർ തിരിച്ചറിഞ്ഞു. ഫലം, കീരിയും പാമ്പും അണ്ണാനും മുള്ളൻ പന്നിയുമൊല്ലം ഒന്നിച്ചു ചേർന്നു. 54 വർഷങ്ങൾക്കു ശേഷം മുഖ്യമന്ത്രിക്കസേരയിൽ ആദ്യമായി ഒരു കടുവ! രാവിലെ ദേവേന്ദ്ര പക്ഷത്തും ഉച്ചതിരിഞ്ഞ് ഉദ്ധവ പക്ഷത്തുമായി കഴിഞ്ഞ അജിത് പവാറിന്റെ 'ഉപമുഖ്യ' മന്ത്രിസ്ഥാനമാണ് ഇനിയും റിലീസാകാനിരിക്കുന്ന ചിത്രം! മുംബൈ മൊത്തം പൂരലഹരിയിലാണിപ്പോൾ. തൃശൂർ പൂരത്തെ കടത്തിവെട്ടുന്ന മേളം! അടുത്ത കൊല്ലത്തെ 'ഇലഞ്ഞിത്തറ മേളം' മുംബൈയിലെ ശിവാജി പാർക്കിലായാലോ എന്ന് തൃശ്ശിവപേരൂരിലെ ഭക്തമണ്ഡലികൾ ആലോചിച്ചു പോരുന്നു.
ദില്ലിയിലോ? അക്ബർ ജനപഥം നീളെ വെടിക്കെട്ടാണ്. മൂക്കു മൂടിയും ഒക്‌സിജൻ കരിഞ്ചന്തയിൽ കിട്ടുമോ എന്ന് അന്വേഷിച്ചും നടക്കുന്ന ആം ആദ്മികളെ, മുഖ്യൻ ഉൾപ്പെടെ കോൺഗ്രസ് പടക്കങ്ങൾ തുരത്തും. ദില്ലിപ്പട്ടണം വോട്ടറന്മാരില്ലാത്ത ഭൂമിയാകുമെന്ന് ഭൗമശാസ്ത്രജ്ഞന്മാർ സംശയിക്കുന്നുണ്ട്.
'ഗതികെട്ടാൽ പുലി പുല്ലു'തിന്നുമായിരിക്കാം. പഴഞ്ചൊല്ലിൽ പതിരില്ല എന്നൊരു ചൊല്ലുമുണ്ടല്ലോ. 133 വയസ്സുള്ള കോൺഗ്രസ് മുത്തശ്ശി 56 വയസ്സുള്ള മുംബൈ സേനാ കടുവയെ സേവിക്കാൻ നടക്കുന്നു!  ന്യൂനപക്ഷ വിരോധവും അതിക്രമങ്ങളും കാട്ടുവാൻ സേനയെ വെല്ലുന്ന ഒരു കക്ഷി ഇന്ത്യാ മഹാരാജ്യത്ത് ഇനി ജനിക്കണം! മുത്തശ്ശിക്ക് തലച്ചോറ് മന്ദീഭവിച്ചിരിക്കുന്നു. ഒരു ഉഷ്ണത്തെ മറ്റൊരു ഉഷ്ണം ശമിപ്പിക്കുമോ? ഹേയ്!


****                         ****                         ****

കേരളത്തിലെ വാഹന പരിശോധനയെന്നു കേട്ടാൽ 'തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ' എന്ന വള്ളത്തോളിന്റെ വരികൾ ഓർമിച്ചുപോകും. കടയ്ക്കലിൽ പോലീസ് ചെയ്തത് സാമാന്യം മലയാള ഭാഷയും, പഴഞ്ചൊല്ലുകളുമൊക്കെ അറിയാവുന്നതുകൊണ്ടു മാത്രമാണ്, ലാത്തിയെറിഞ്ഞ് ബൈക്കു യാത്രക്കാരനെ നിലത്തിട്ടു. പക്ഷേ, ഒന്നുണ്ട്, ഗതാഗത നിയമമാണ് വലുത്. മനുഷ്യൻ രണ്ടാമതു മാത്രം. 'പിടിച്ചതിനേക്കാൾ വലുത് അള'യിലുണ്ടെന്നു പറഞ്ഞതു പോലെ കനത്ത പിഴയും കടുത്ത പരിശോധനയുമായി പോലീസ് വീണ്ടും വരാനുള്ള പുറപ്പാടിലാണ്, മാസം 500 കേസുകൾ പിടിക്കുക, നാല് ലക്ഷം രൂപ പിഴയിടുക. ഒരു ലക്ഷത്തിൽനിന്നുമാണ് നാലു ലക്ഷമായത്. ഇക്കണക്കിന് അഞ്ചു കൊല്ലം എത്തുമ്പോൾ ഒരു കോൺക്രീറ്റ് വീട് പണിയാനുള്ള തുക വാഹനം ഓടിക്കുന്ന ഭാഗ്യദോഷി നൽകണം. ചെക്ക്‌പോസ്റ്റുകളിൽ അങ്ങനെയെങ്കിൽ അസിസ്റ്റന്റ് വെഹിക്കൾ ഇൻസ്‌പെക്ടർമാരെ നോക്കൂ, അവർ ഒന്നര-രണ്ടു ലക്ഷം മാത്രം പിഴയിടും. ഓഫീസിൽ കുത്തിയിരുന്ന് വാത-പിത്ത-കഫ ദോഷങ്ങൾ ബാധിച്ച മോട്ടോർ ഇൻസ്‌പെക്ടർമാർ 100 കേസുകൾ ഒപ്പിക്കണം. പിഴ ഒന്നര ലക്ഷം വരെയാകാം. ഇതോടെ വാഹന ഗതാഗതം സാരമായി കുറയും. കൈവശമുള്ള പണം മക്കളായ ചെത്തുപിള്ളേർക്ക് പിഴ കൊടുക്കുവാൻ വേണ്ടി പോക്കറ്റ് മണിയായി നൽകും. എന്നിട്ട് രക്ഷാകർത്താക്കൾ കാൽനട യാത്ര തുടങ്ങും. അങ്ങനെ പുക മലിനീകരണം ഗണ്യമായി കുറയും. വാർധക്യ സഹജമായ മരണത്തിനു പുറമെ ന്യൂജെൻ പിള്ളേരുടെ വാഹന ദണ്ഡന സഹജമായ കാരണങ്ങളായും മരണ നിരക്ക് വർധിക്കും. ജനസംഖ്യാ ഭീഷണിക്ക് അറുതിയുണ്ടാകും. നാട് ഉത്തരോത്തരം അഭിവൃദ്ധിയിലേക്കു കുതിക്കും.

****                        ****                                ****

'കിഫ്ബി' നിറയെ അഴിമതിയാണെന്നും കള്ളക്കണക്കുകളാണെന്നും പറഞ്ഞ് പ്രതിപക്ഷം കുറേക്കാലമായി ബഹളം വെയ്ക്കുന്നു. 'അതുകൊണ്ടരിശം തീരാഞ്ഞിട്ടാ.. ' എന്ന് കുഞ്ചൻ നമ്പ്യാർ പാടിയ പോലെ ഇപ്പോൾ കണ്ണൂരിലെ 'കിയാലി'നെയും കയറിപ്പിടിക്കുന്നു. ശ്രദ്ധേയമായ ഒരു കാര്യമുണ്ട്, നിയമസഭയിലും പുറത്തും ഈ വിവാദങ്ങളിൽ ഏതാനും ചിലർ മാത്രമേ ഗ്രൗണ്ടിലുള്ളൂ. ബാക്കിയുള്ളവർ ഭരണമായാലും പ്രതിപക്ഷമായാലും കണ്ണടച്ച് ഒറ്റയിരിപ്പാണ്. കള്ളയുറക്കം നടിക്കുന്ന വരെ ഉണർത്താനാകില്ല. അവർക്ക് മേൽപറഞ്ഞ രണ്ടു സംഗതികളും ഇതുവരെ 'നഞ്ചാണോ നാരങ്ങയാണോ' എന്നു പിടികിട്ടിയിട്ടില്ല. പിന്നെ ഗ്രൗണ്ടിലിറങ്ങി കളിക്കുന്നവരെങ്കിലും ആ പണിയങ്ങു തുടരട്ടെ. കേന്ദ്രം 'സർക്കാർ വക'യെന്നും കേരളം 'സ്വകാര്യ മേഖല'യെന്നും പറഞ്ഞ് 'കിയാലിനെ' പന്തു തട്ടുമ്പോൾ പഴയ ഇ.എം.എസ് വചനമാണ് ഓർമ വരുന്നത്- നാം നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്ന മക്‌മോഹൻ രേഖയ്ക്കപ്പുറത്തമുള്ള സിനിമാ മേഖലയിലെ ന്യൂജെൻ വിഭാഗത്തിന്റെ 'ലഹരി മരുന്നുപയോഗം' എത്ര ഭേദം. വേഗം തിരിച്ചറിയാനെങ്കിലും പഴുതുണ്ട്! 
 
****                          ****                                   ****

ഏതു നായയ്ക്കുമുണ്ട് ഒരു ദിവസം എന്നു പറഞ്ഞതു പോലെയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ സമയം. വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിനു ശേഷം പുറത്തിറങ്ങൻ ശേഷിയില്ലാതെ കുഴമ്പും കഷായവുമായി കഴിയുകയായിരുന്നു. അപ്പോഴാണ് സംഘടനക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ നീക്കം. അതു കേട്ടപാടെ പെരുന്നയിലെ എണ്ണത്തോണിയിൽനിന്നും മണിച്ചേട്ടൻ കരക്കുകയറി. ശിരോവസ്തിയും അധോവസ്തിയും ഇനിയൊരിക്കലാകാം. ഇനിയും ഇലക്ഷൻ വരുമല്ലോ.
വരികൾക്കിടയിലൂടെ വായിക്കാൻ താൽപര്യമുള്ള വെള്ളാപ്പള്ളിക്കും മറ്റും ഗുട്ടൻസ് പിടികിട്ടിയിരിക്കും. മാർക്‌സിസ്റ്റ് പാർട്ടിക്കും സമസ്ത കേരള നായർ സമാജത്തിനും കേരള നായർ സമാജ സംരക്ഷണ സമിതിക്കും പരാതി പിൻവലിക്കാൻ മോഹം. ഇങ്ങനെ സമസ്ത നായന്മാരെയും പ്രതിനിധീകരിക്കുന്നവർ എങ്ങനെ സുകുമാരൻ നായർ എന്ന മണിച്ചേട്ടന്റെ വലയിൽ വീണു? പോട്ടെ, ജാതി ഒന്നല്ലേ? പക്ഷേ, മാർക്‌സിസ്റ്റ് പാർട്ടിക്കെന്തു പറ്റി? വട്ടിയൂർക്കാവിൽ ജാതി പറഞ്ഞ് വീടുതോറും കയറിയിറങ്ങിയതും പത്രസമ്മേളനം നടത്തിയതും നായന്മാരല്ലെന്ന് ഇനി പാർട്ടി ചർച്ച ചെയ്തു തീരുമാനിച്ചുകളയുമോ എന്ന പേടിയിലാണ് മുന്നണികൾ ആകെ. അടുത്ത തെരഞ്ഞെടുപ്പാണ് പാർട്ടിയുടെ മനസ്സിൽ എന്ന കാര്യം പട്ടാപ്പകൽ പോലെ വ്യക്തം. ഒന്നുമിണ്ടാതിരുന്നാൽ മതി, അടുത്തു വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നായർ ചാടിയിറങ്ങി പ്രസ്താവനകൾ ആവർത്തിച്ചുകൊള്ളും എന്ന ഒരു നിരീക്ഷണവുമുണ്ട്. 

Latest News