Saturday , December   14, 2019
Saturday , December   14, 2019

തപാൽ വഴി ഒരു ആലോചന

കൈവീശി  കുളുർക്കേ ചിരിച്ച് വേണു ബൈക്കിൽ മിന്നി പ്പോയപ്പോൾ വല്ലായ്മയൊന്നും തോന്നിയില്ല. അത്രയേറെ തപാലൊന്നും എനിക്കു വരാനില്ല. പഴയ പരിചയത്തിന്റെ ഓർമ കൊണ്ട് ചിലർ ഒന്നോ രണ്ടോ വാരിക അയച്ചു തരുന്നു. അങ്ങനെയിരിക്കേ ഒരു കല്യാണത്തിനുള്ള കത്ത് വരും. ആഴ്ചയിൽ ഒന്നുമില്ലാത്ത നാളാവും ഏറെയും. അയക്കേണ്ട കത്താണെങ്കിലും അതുപോലെ നന്നേ കുറയും. 
കത്ത് വഴി അറിയിക്കേണ്ട വിവരം മറ്റു വഴിയേ കൈമാറുന്നു. കത്ത് അയക്കാനുണ്ടെങ്കിൽ, കവറിൽ ഇട്ടു കൊടുത്താൽ സ്റ്റമ്പ് ഒട്ടിച്ച് വേണു അയച്ചുകൊള്ളും. തപാൽ ശിപായി അങ്ങനെ പുതിയ ദൗത്യം ഏറ്റെടുക്കുമെന്ന് വന്നപ്പോൾ സന്തോഷം തോന്നി. കത്തൊന്നും തരാനില്ലാതെ വേണു കടന്നുപോയ ആ ദിവസവും ആഴ്ചയിലെ മറ്റു നാളുകളും തപാൽ ചിന്തകൾക്ക് വഴിമരുന്നിട്ടതു പോലെയായിരുന്നു. തപാൽ ബന്ധമുള്ള സംഭവങ്ങൾ പലതും നടന്നു. ഒന്ന് സ്റ്റാമ്പുകളുടെ പ്രദർശനമായിരുന്നു. പ്രദർശനം സന്ദർശിച്ച് ശീലമില്ലാത്ത എനിക്ക് അന്ന് നഗരം ഏതോ ഉത്സവം കൊണ്ടാടുന്ന പോലെ അനുഭവപ്പെട്ടു. 
പത്രത്തിൽ ഫീച്ചർ അടിച്ചു വന്നു. സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും ആളുകളുടെയും മൃഗങ്ങളുടെയും കിളികളുടെയും കടലിന്റെയും കായലിന്റെയും ഓർമ രേഖപ്പെടുത്തുന്ന സ്റ്റാമ്പുകളുടെ വിവരണം വന്നു. പഴകും തോറും വില ഏറിവരുന്ന സ്റ്റാമ്പുകൾ. മാറിവരുന്ന നാണയ വ്യവസ്ഥയിലൂടെ അവ പുതിയ നിറവും മൂല്യവും കൈക്കൊണ്ടു. നിലവിലുണ്ടായിരുന്ന കാലത്ത് അഞ്ചു പൈസ വില മതിച്ച സ്റ്റാമ്പിന് രണ്ടായിരം രൂപ പ്രതിഫലം നൽകാൻ ആളുണ്ടായി. മികച്ച ചിത്രകാരൻ കോറിയിട്ട വരകൾക്ക് അത്ഭുത മൂല്യം കൽപിക്കുന്ന പോലെയായി പഴയ സ്റ്റാമ്പിന് വിലയിടുന്നതും. 
നഗരത്തിൽ മറ്റൊരിടത്ത് പുതിയൊരു സ്റ്റാമ്പിന്റെ പ്രകാശനമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് അഗതികളായ സ്ത്രീകൾക്കു വേണ്ടി ഒരു മന്ദിരം തുറന്നു. അതിനവർ മഹിളാമന്ദിരം എന്നു പേരിട്ടു. അതു തുടങ്ങിവെച്ച ചിന്നമ്മു അമ്മക്ക് വേദന കണ്ടാൽ തിരിച്ചറിയാൻ കഴിവും  ഭേദപ്പെടുത്താൻ ആവേശവും ഉണ്ടായിരുന്നു. അവരുടെ നന്മയുടെ ഓർമ പുതുക്കിക്കൊണ്ട് തപാൽ വകുപ്പ് ഒരു സ്റ്റാമ്പ് ഇറക്കി. ഇറക്കിയ ദിവസം തന്നെ അതു വാങ്ങി സൂക്ഷിക്കാൻ എത്ര പേരുണ്ടായിരുന്നുവെന്ന് തിരക്കിയില്ല. ഏതായാലും സ്റ്റാമ്പ് ശേഖരണം ഗൗരവമേറിയ വിനോദമായി കാണുന്നവർ ഇവിടെയും ഏറിവരുന്നു. 
എന്റെ കുട്ടിക്കാലത്ത് ഉൾനാടൻ തപാലാപ്പീസുകളിൽ വിറ്റഴിഞ്ഞിരുന്നത് സ്റ്റാമ്പുകളല്ല. ആവശ്യമായ സ്റ്റാമ്പ് കണ്ടെത്താനും കവർ സംഘടിപ്പിക്കാനും ആളുകൾക്ക് സൗകര്യമില്ല. സൗമനസ്യമില്ല. ഒരു പോസ്റ്റ് കാർഡിൽ നാലു വരിയിൽ എഴുതിയൊതുക്കാവുന്ന വിവരമേ ഉണ്ടാകുള്ളൂ. അതിനു വേണ്ടി രണ്ടണ മുതൽ മുടക്കി സ്റ്റാമ്പുള്ള ലക്കോട്ട് വാങ്ങണോ? കാർഡിൽ കുനുകുനാ എഴുതിയാലും തീരാത്ത വർത്തമാനം വല്ലതുമുണ്ടെങ്കിൽ ഇൻലന്റ് ഉപയോഗപ്പെടുത്താം. കാർഡും ഇൻലന്റുമായിരുന്നു അന്നത്തെ കത്തുകളുടെ ഇഷ്ടരൂപങ്ങൾ. വല്ലപ്പോഴും ഒരു രൂപയോ മറ്റോ കൈമാറണമെങ്കിൽ, അത് ലക്കോട്ടിനുള്ളിൽ ഒളിപ്പിച്ചയച്ചിരുന്നു ചില വീരന്മാർ.
മാറാല കെട്ടിയ ഒരു തട്ടിൻ പുറത്ത് മിനിമം ഫർണിച്ചറുമായി തപാൽ ആപ്പീസ് പ്രവർത്തിച്ചു. തപാൽ വഴി കത്തിനോടൊപ്പമോ അല്ലാതെയോ പണം കൂടി അയക്കുന്നുണ്ടെങ്കിൽ കൃഷ്ണൻ മാഷ് ഉഷാറായി. ഇടം വലം തിരിയാൻ നേരം കിട്ടിയാൽ അദ്ദേഹം മണി ഓർഡറും കൊണ്ട് മേൽവിലാസക്കാരനെ തേടിയിറങ്ങുകയായി. ചിലപ്പോൾ ചായക്കാശ് ഒത്തെന്നുവരും. ഒരു ചില്ലി കൊടുക്കാത്ത പിശുക്കന്മാരായ ഗ്രാമവൃദ്ധന്മാരെ മറന്നേക്കുക. 
കൃഷ്ണൻ മാഷടെ രീതി ശിപായിമാരായ വേലുവിനും പണിക്കർക്കും അത്ര ബോധിച്ചിരുന്നില്ല. എന്തു ചെയ്യും, പൊറുക്കുക തന്നെ. ചുവന്ന ഫ്രെയിമും വട്ടച്ചില്ലുമുള്ള കണ്ണടയും അനേകം കീശകളോടു കൂടിയ കാക്കിക്കുപ്പായവും ട്രൗസറുമായി വേലു സൈക്കിളിൽ മേജർ ഗഗാറിനെപ്പോലെ സഞ്ചരിച്ചു. നിക്കറിനു പകരം മടക്കിക്കുത്തിയ മുണ്ടായിരുന്നു പണിക്കർക്ക് പഥ്യം.
വിലാസക്കാരെ വിളിച്ചുണർത്താൻ ആ അഞ്ചൽ സഞ്ചാരികൾ ചിലപ്പോൾ മണിയടിക്കും. ആ മണിയടി കേട്ടാൽ പുതിയൊരു ലോകം ഉണരുന്നുവെന്നു ധരിക്കണം. ചില വിലാസക്കാർക്കെങ്കിലും വേലുവും പണിക്കരും കത്ത് വായിച്ചുകൊടുക്കുമായിരുന്നു. രണ്ടാമതൊരാൾ അറിയാൻ പാടില്ലാത്തതൊന്നും എഴുതുന്നയാൾക്കോ വായിക്കുന്നയാൾക്കോ പറയാൻ ഉണ്ടായിരുന്നില്ല. വീടു തോറും കയറിയിറങ്ങിയിരുന്ന വേലുവിന്റെയും പണിക്കരുടെയും കാലം കഴിഞ്ഞപ്പോൾ മെയ്യനങ്ങാതെ കഴിക്കാൻ തഞ്ചം നോക്കിയ ചിലർ അരങ്ങ് തകർത്തു. വിലാസക്കാർക്ക് കണ്ടെടുക്കാൻ പാകത്തിൽ അവർ കത്തുകൾ ഒരു കൽക്കഷ്ണത്തിനടിയിൽ കരുതി വെക്കുകയോ കനാലിലൂടെ ഒഴുക്കിവിടുകയോ ചെയ്തു.  അവരിൽ ഒരാളെ പിരിച്ചുവിട്ടത് വലിയ വാർത്തയായിരുന്നു.
കീശയിലോ സഞ്ചിയിലോ നവലോക നിർമാണത്തിനു വേണ്ട കത്തുകൾ നിറച്ച് ഊരു ചുറ്റിയ അഞ്ചൽക്കാരും തപാൽക്കാരും ബ്രഹ്മപുത്രയെ കന്യാകുമാരിയുമായി ബന്ധിപ്പിച്ചവരായിരുന്നു. അവർ കൈമാറിയ ലിഖിതങ്ങളിൽ ഇന്ത്യയുടെ ദേശീയ ജീവിതം ത്രസിച്ചു. ഇത്ര ഐക്യവും വൈവിധ്യവുമുള്ള ഒരു തപാൽ ശൃംഖല വേറെ എവിടെ കാണാൻ? അതിനെപ്പറ്റി ബി.ജി. വർഗീസ് എന്ന പേരു കേട്ട എഡിറ്റർ എഴുതിയ രസകരമായ കഴിഞ്ഞയാഴ്ചത്തെ വായനയായിരുന്നു.
അപ്പപ്പോൾ ഇറങ്ങിയ തപാൽ സ്റ്റാമ്പുകളെ കൂട്ടിയിണക്കിക്കൊണ്ട് വർഗീസ് ഇന്ത്യയുടെ കഥ പറയുന്നു.  ഒരു പ്രാചീന സംസ്‌കൃതിയുടെയും നവീന ദേശീയതയുടെയും ഉൾത്തുടിപ്പുകൾ വികിരണം ചെയ്യുന്നതാണ് 'അതിവേഗം' എന്ന് അർഥം വരാവുന്ന പോസ്റ്റ്‌ഹേസ്റ്റ് എന്ന തലക്കെട്ടുള്ള പുസ്തകം.  'അതിവേഗം' എന്ന പദം അവിടവിടെ അതിശയോക്തിയായി തോന്നാമെങ്കിലും വ്യാപ്തിയിലും വൈവിധ്യത്തിലും ഇന്ത്യൻ പോസ്റ്റിനെ പിന്നിലാക്കുന്ന മറ്റൊരു ലോക പ്രസ്ഥാനമില്ല. 
കൗമാരക്കാർക്കും ജ്ഞാന വൃദ്ധന്മാർക്കും ഒരുപോലെ ഉപയോഗപ്പെടും പുതിയ കെട്ടും മട്ടുമുള്ള പുസ്തകം. തപാൽ വകുപ്പ് ഓരോരോ അവസരത്തിൽ ഓരോരോ സംഭവം പ്രമാണിച്ച് ഇറക്കിയിട്ടുള്ള സ്റ്റാമ്പുകൾ അലംകൃതികളായിരിക്കുന്നു പുസ്തകം നിറയെ. ഇന്ത്യൻ തപാൽ വകുപ്പിന്റെ സർഗാത്മക സഹകരണത്തോടു കൂടി തയാറാക്കിയ പോസ്റ്റ് ഹേസ്റ്റ് നമ്മുടെ അറിവിന്റെ അതിരുകളെ തള്ളിമാറ്റുന്നു. 
മുഗളന്മാർക്കു മുമ്പ് ഷേർഷാ സുരിയിൽ എത്തിനിൽക്കുന്നു ചിലരുടെ ചരിത്ര മനനത്തിൽ ഇന്ത്യൻ തപാലിന്റെ തുടക്കം. ഭൂരജ്ജപത്രത്തിലോ താമരയിലയിലോ പ്രണയ ലേഖനമെഴുതിയിരുന്ന ശകുന്തളയുടെ കാലം അതിലുമെത്രയോ മുമ്പായിരുന്നു. വർഗീസ് അതിലേക്കും കണ്ണെറിഞ്ഞു  പോകുന്നു. ഇന്ത്യയുടെ ചരിത്രം പറയുമ്പോൾ ഒപ്പം ഭൂമിയുടെ ശാസ്ത്രവും ഇവിടെ ഇതൾ വിടർത്തുന്നു. 
അരാവലി പർവതനിര ഭൂമിയിലെ ആദിഗിരി നിരയുടെ ഭാഗമായിരുന്നു; വിന്ധ്യന് ഹിമാലയത്തേക്കാൾ പഴക്കം കാണും; ഇന്ത്യയുടെ പ്രാചീന സംസ്‌കാരം ഇവിടെ കുടിയേറിപ്പാർത്ത ആര്യന്മാർക്ക് ചാർത്തിക്കൊടുക്കുന്ന പ്രവണത ചോദ്യം ചെയ്യപ്പെടുന്നു, കോൺഗ്രസ് സ്ഥാപിച്ച അല്ലൻഹ്യൂം ബ്രിട്ടീഷ് സിവിൽ സർവീസിൽനിന്ന് പുറത്താക്കപ്പെടുന്നു... അങ്ങനെയങ്ങനെ ഇന്ത്യയുടെ ഭൂതകാലത്തിന്റെ ശബളിമ പകർന്നാടിയതാണ് ഈ പുസ്തകം.
ഇന്ത്യൻ തപാൽ എന്ന ആവേശവും പുതിയ സങ്കേതങ്ങൾക്കും സംഘടനകൾക്കും കീഴ്‌പ്പെട്ടുപോകുന്നതാണ് വർത്തമാന കാലത്തിന്റെ വഴക്കം. ഇന്ത്യയുടെ തിരിച്ചറിവായി, മുഖമുദ്രയായി നില കൊണ്ട ഇന്ത്യൻ തപാലിനു പകരം നിൽക്കാനുള്ള വെമ്പലോടെ പുതിയ പ്രസ്ഥാനങ്ങൾ എത്തിയിരിക്കുന്നു.  ആ വെല്ലുവിളിയെ നേരിടാൻ
ഇന്ത്യൻ തപാൽ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുമോ എന്നതാണ് ചോദ്യം. പലതുകൊണ്ടും സമാനതകളുള്ള ഇന്ത്യൻ റെയിൽ ആകർഷകമായ ഒരു ഡോക്യു പരമ്പരക്ക് വിഷയമാവുകയുണ്ടായി. ഇന്ത്യൻ തപാൽ പുസ്തകത്തിലെത്തിയതേയുള്ളൂ. സിനിമ ഇനിയും കാത്തിരിക്കുന്നു. 
 

Latest News