Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

കേരളത്തിന്റെ പിന്നോക്കാവസ്ഥ  


സുൽത്താൻ ബത്തേരിയിലെ സ്‌കൂൾ വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം ഇത്രയേറെ ജനശ്രദ്ധയാകർഷിക്കാൻ കാരണം ആ കൊച്ചു മക്കളാണ്- നിദാ ഫാത്തിമയും കീർത്തിയും കീർത്തനയും. അവരുടെ നിഷ്‌കളങ്കമായ വിവരണങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ വിശദമായി അറിഞ്ഞു. ഇതിലൊരു കുട്ടി ദൃശ്യ മാധ്യമ പ്രവർത്തകനോട് പറഞ്ഞത് ഇപ്പോൾ സ്മരണീയമാണ്. നാളെ മറ്റൊരു വിഷയം വന്നാൽ നിങ്ങളാരുമുണ്ടാവില്ല. ഞങ്ങളുടെ കാര്യം നോക്കാനാരുണ്ടാവും? അതിനുത്തരവും സോഷ്യൽ മീഡിയ നൽകി. ഈ കുട്ടികൾക്കെന്തെങ്കിലും ഉപദ്രവം നേരിട്ടാൽ കേരളമൊന്നാകെ വയനാട്ടിലേക്കൊഴുകുമെന്നായിരുന്നു അത്. ദൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രക്ഷോഭങ്ങൾക്ക് വൻ വാർത്താ പ്രാധാന്യം ലഭിക്കുന്ന നാടാണ് കേരളം. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ കേരളം ഇന്ത്യക്ക് വഴികാട്ടിയുമാണ്. ജെ.എൻ.യു സമരങ്ങളെ പോലെ ആളുകൾ പ്രത്യേക താൽപര്യമെടുത്ത് ചർച്ച ചെയ്ത സംഭവമാണ് വയനാട്ടിലെ ഷഹല ഷെറിന്റെ അകാല മൃത്യു. കഴിഞ്ഞ ദിവസം വയനാട് ജില്ലാ ജഡ്ജി സ്‌കൂൾ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടക്ക് സംഭവത്തിനുത്തരവാദികളായ അധ്യാപകരും ഡോക്ടറും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. വയനാട്ടിലെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥ കൂടി വെളിപ്പെടുത്തുന്നതായി ഈ സംഭവം. കേരളം നമ്പർ വൺ എന്നു പറയുമ്പോഴും ഒരു കുട്ടിയെ പാമ്പ് കടിച്ചാൽ ചുരമിറങ്ങി മണിക്കൂറുകളെടുത്ത് കോഴിക്കോട്ടേക്ക് പറക്കേണ്ടി വരികെയന്നത് ഗതികേടാണ്. ബത്തേരി താലൂക്ക് ആശുപത്രിയിൽ വെച്ച് താമസിപ്പിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് ചിലർ പറയുന്നു. ബത്തേരിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിന് പകരം അമ്പലവയൽ വഴി മുപ്പത് കിലോ മീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെ സ്വകാര്യ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്താമായിരുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം. അവിടെയാണെങ്കിൽ ആന്റിവെനവും വെന്റിലേറ്ററും വേണ്ടത്ര ലഭ്യവുമാണ്. 
അങ്ങനെയെങ്കിൽ ഇക്കാര്യം അത്യാസന്ന നിലയിലുള്ള കുട്ടിയുമായി ചുരമിറങ്ങുന്നതിന് മുമ്പ് ആരും അറിയിക്കാതിരുന്നതെന്ത്? ബത്തേരി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഷഹല ഛർദിച്ച ശേഷമാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ സൗകര്യ ലഭ്യതയെ കുറിച്ച് ആരോ വിളിച്ച് അന്വേഷിച്ചതായി അവിടത്തെ ഡോക്ടർ പറയുന്നു. സമഗ്രമായ അന്വേഷണം വരുമ്പോൾ ഈ വക കാര്യങ്ങൾ കൂടി അന്വേഷിക്കേണ്ടതുണ്ട്. 
അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്റെ വിഷമങ്ങൾ വിളിച്ചു പറഞ്ഞ പോരാളി നിദ ഫാത്തിമ ഇതിന് മുമ്പും സമരങ്ങളിൽ പങ്കാളിയായിട്ടുണ്ട്. സുൽത്താൻ ബത്തേരി എന്ന പട്ടണം ഭൂപടത്തിലില്ലാതാവുന്ന വിധത്തിൽ ചില കേന്ദ്രങ്ങൾ നടത്തിയ നീക്കത്തിനെതിരെയുള്ളതായിരുന്നു ആ പ്രക്ഷോഭം. കോഴിക്കോട്-കെല്ലഗൽ ദേശീയ പാതക്ക് പകരം തലശ്ശേരി-മാനന്തവാടി-മൈസൂർ-കെല്ലഗൽ പാത പ്രധാന പാതയാക്കി മാറ്റാനായിരുന്നു നീക്കം. കോഴിക്കോട്-മൈസൂർ പാത ഇല്ലാതാക്കാൻ ശ്രമം തുടങ്ങിയിട്ടും കുറച്ചു കാലമായല്ലോ. ആദ്യം രാത്രി യാത്രാ നിരോധനം. പിന്നീട് എന്നെന്നേക്കുമായി ഇല്ലാതാക്കൽ. ഇതൊക്കെ ശ്രദ്ധിക്കാൻ നമ്മുടെ ജനപ്രതിനിധികൾക്ക് എവിടെ നേരം? ആകാശത്ത് പറക്കുന്ന അവർക്ക് ഇതൊന്നും അറിയേണ്ട കാര്യവുമില്ലല്ലോ. കേരളത്തിലെ 500 സ്‌കൂൾ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന റിപ്പോർട്ടും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. ഇതിൽ 90 എണ്ണവും വയനാട്ടിലാണ്. 
ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടർന്ന് വിദ്യാലയത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സർവജന സ്‌കൂളിൽ കുട്ടികളുടെ ഉപരോധം തുടരുകയാണ്. അധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് കുട്ടികളുടെ ആരോപണം. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട പി.ടി.എ സ്‌കൂളിനുള്ളിൽ കയറി പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും കുട്ടികൾ പറയുന്നു.
ഷഹലയുടെ ചിത്രം പതിപ്പിച്ച പ്ലക്കാഡുകളുമായാണ് കുട്ടികൾ  ഉപരോധം നടത്തുന്നത്. സസ്‌പെൻഡ് ചെയ്ത അധ്യാപകരെ പിരിച്ചുവിടണമെന്നും കേസിൽ പെട്ട നാല് പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുട്ടികൾ ആവശ്യപ്പെടുന്നു. വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച കേസിൽ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവിൽ തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹൈസ്‌കൂളിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ മോഹൻകുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊഴിയെടുക്കാനാവാതെ മടങ്ങുകയായിരുന്നു. പോലീസ് സ്‌റ്റേഷനിൽ ഉടൻ എത്തണമെന്ന് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.
കുട്ടി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്നാണ് വയനാട് ജില്ലാ ജഡ്ജി എ. ഹാരിസ് കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് നൽകിയ റിപ്പോർട്ട്. 
ഒരു നിമിഷത്തെ ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ ഷഹലയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഷഹലയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അധ്യാപകർക്കും കൃത്യമായ ചികിത്സ നൽകുന്നതിൽ പരിശോധിച്ച ഡോക്ടർക്കും വീഴ്ച പറ്റിയെന്നും തന്റെ  അന്വേഷണ റിപ്പോർട്ടിൽ ജഡ്ജി പറഞ്ഞു. കുട്ടിയെ തോളിലേറ്റി രക്ഷിതാവ് തനിച്ച് ഓട്ടോയിൽ പോകുന്ന സി.സി.ടി.വി ദൃശ്യം വേദനാജനകമാണെന്ന് റിപ്പോർട്ടിലുണ്ട്. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് കൃത്യമായ ചികിത്സ നൽകാൻ പരിശോധിച്ച ഡോക്ടർക്ക് സാധിച്ചില്ല. 
ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചതിന് ശേഷം സ്‌കൂൾ അങ്കണത്തിലെ ഒരാൾ പൊക്കത്തിലുള്ള ചിതൽ പുറ്റ് പൊളിച്ച് നീക്കി. കുട്ടിയുടെ മരണത്തിന് ശേഷമാണ് അധികൃതർ നടപടി സ്വീകരിച്ചത്. ഷഹലയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും പരിസരങ്ങൾ അടിയന്തരമായി സുരക്ഷിതമാക്കണമെന്ന ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണ് നടപടി.
സ്‌കൂൾ പരിസരത്തെ മാലിന്യങ്ങൾ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ക്ലാസ് മുറിയിലെ മാളത്തിൽ ഷഹലയുടെ കാൽ കുടുങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്. ഈ പാമ്പിനെ ഇതുവരെ പിടികൂടാനായിട്ടില്ല. 
വയനാട് ജില്ലയിലെ സ്‌കൂൾ പരിസരങ്ങൾ എല്ലാം സുരക്ഷിതമാക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കർശന ഉത്തരവിറങ്ങിയിട്ടും സ്‌കൂൾ പരിസരത്തെ വൃത്തിഹീനമായ കുളവും ബാത്ത് റൂം പരിസരങ്ങളും വൃത്തിയാക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ല.
ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സർവജന സ്‌കൂളിന്റെ നവീകരണത്തിന് വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ നൽകും. വയനാട്ടിലെ മുഴുവൻ സ്‌കൂളുകളിലും പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടടുത്ത കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലുള്ള മന്ത്രി ടി.പി. രാമകൃഷ്ണനും കഴിഞ്ഞ ദിവസമാണ് സ്‌കൂൾ സന്ദർശിച്ചത്. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പക്രന്തളം ചുരത്തിൽ നിന്ന് ഏറെ അകലെയല്ല ഈ മന്ത്രിയുടെ വസതി. 
വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ചൊല്ലി ഊറ്റം കൊണ്ടിരുന്ന എൽ.ഡി.എഫിന് ഈ സംഭവം എത്രത്തോളം ഡാമേജുണ്ടാക്കി എന്നത് മന്ത്രിയുടെ വൈകിയുള്ള സന്ദർശനത്തിൽ നിന്നു വ്യക്തമാണ്. അതിനിടക്ക് നാദാപുരത്ത് നിന്നൊരു സന്തോഷ വാർത്തയുമുണ്ട്. അവിടെ സ്‌കൂളും പരിസരവും വൃത്തിയാക്കാൻ അമ്മമാർ നേരിട്ട് രംഗത്തിറങ്ങി. അത് തന്നെയാണ് ഏറ്റവും ഉചിതവും. ദുരന്തങ്ങളുണ്ടാവുമ്പോൾ മാത്രം സടകുടഞ്ഞെഴുന്നേൽക്കുന്നതാണല്ലോ സർക്കാർ സംവിധാനം. 

Latest News