Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാരാഷ്ട്ര ബിജെപിയിൽ പ്രതിസന്ധി; പങ്കജ മുണ്ടേയുടെ നേതൃത്വത്തിൽ 12 എം.എൽ.എമാർ ശിവസേനയിലേക്ക്?

മുംബൈ- ബി.ജെ.പി വിട്ടേക്കുമെന്ന സൂചന ശക്തമാക്കി ഫഡ്‌നാവിസ് മന്ത്രിസഭയിൽ അംഗമായിരുന്ന പങ്കജ മുണ്ടേ. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ മുന്നോട്ടുള്ള വഴി ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ടെന്നും എനിക്ക് എന്നോട് തന്നെ ആശയവിനിമയം നടത്താൻ കുറച്ച് സമയം ആവശ്യമാണെന്നും മുൻ കേന്ദ്ര മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടേയുടെ മകൾ കൂടിയായ പങ്കജ ട്വീറ്റ് ചെയ്തിരുന്നു.
'നിലവിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ ഭാവി തീരുമാനിക്കേണ്ടതുണ്ട്. അടുത്തതായി എന്തുചെയ്യണം? ഏത് പാതയാണ് സ്വീകരിക്കേണ്ടത്? നമുക്ക് ആളുകൾക്ക് എന്ത് നൽകാനാകും? നമ്മുടെ ശക്തി എന്താണ്? ജനങ്ങളുടെ പ്രതീക്ഷകൾ എന്താണ്? എല്ലാം പരിശോധിക്കേണ്ടതുണ്ട്. ഈ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ ചിന്തിക്കുകയും ഡിസംബർ 12 ന് മുൻപായി നിങ്ങളുടെ മുൻപിൽ വരികയും ചെയ്യും. എനിക്ക് ധാരാളം കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പങ്കജ പറഞ്ഞു. ഇതാണ് ഇവർ ബി.ജെ.പി വിട്ടേക്കുമെന്ന വാദത്തിന് പിൻബലമായി പലരും ചൂണ്ടിക്കാട്ടുന്നത്. മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്ന് പങ്കജ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. സ്വയം ഒരു തീരുമാനത്തിലെത്താൻ തനിക്ക് എട്ടുമുതൽ പത്തുദിവസം വരെ വേണമെന്നും മുണ്ടെ പറഞ്ഞു.

ഗോപിനാഥ് മുണ്ടെയുടെ ഓർമ്മദിനമാണ് ഡിസംബർ 12. പിതാവിന്റെ അറുപതാം ജന്മദിനമായ ഡിസംബർ 12 ന് മുൻപ് ഒരു തീരുമാനം പറയുമെന്നും ഡിസംബർ 12 ന് ബീഡ് ജില്ലയിലുള്ള പിതാവിന്റെ സ്മൃതി മണ്ഡലത്തിലേക്ക് അനുനായികൾ എത്തിച്ചേരണമെന്നും മുണ്ടെ ആവശ്യപ്പെട്ടിട്ടുണ്ട്.

പങ്കജ മുണ്ടെയും പന്ത്രണ്ട് ബി.ജെ.പി എം.എൽ.എമാരും ശിവസേനയ്‌ക്കൊപ്പം ചേർന്നേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾ കൃത്യമായി പ്രവചിക്കുന്ന കട്ടാന്യൂസാണ് ഇക്കാര്യവും റിപ്പോർട്ട് ചെയ്തത്.  അജിത് പവാർ എൻ.സി.പിയിൽനിന്ന് വിട്ട് ഉപമുഖ്യമന്ത്രിയായേക്കുമെന്ന് പ്രവചിച്ചാണ് ഇവർ ആദ്യം ശ്രദ്ധാകേന്ദ്രമായത്. 

'70,000 കോടി രൂപയുടെ ജലസേചന കുംഭകോണക്കേസിൽ ഉൾപ്പെട്ട അജിത് പവാറിന് അഴിമതി വിരുദ്ധ ബ്യൂറോ ക്ലീൻ ചിറ്റ് നൽകുന്നു.' എന്ന വാർത്ത നവംബർ 24 ന് കട്ട ന്യൂസ് നൽകി. ഇതും തൊട്ടടുത്ത ദിവസം സംഭവിച്ചു. ഏറ്റവും ഒടുവിലായാണ് പങ്കജയുടെ ശിവസേന പ്രവേശനം കട്ടാ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതിനിടെ ട്വിറ്റർ ബയോയിലും പങ്കജ മാറ്റം വരുത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ്, മുൻ മന്ത്രി എന്നെഴുതിയ ബയോ മാറ്റി RT's r not endorsements (എന്റെ റീട്വീറ്റുകൾ എന്റെ അഭിപ്രായമാകണമെന്നില്ല ) എന്നാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മഹാരാഷ്ട്ര സർക്കാരിൽ ഗ്രാമവികസന, ശിശു വികസന മന്ത്രിയായിരുന്നു പങ്കജ. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബന്ധു കൂടിയായി എൻ.സി.പി നേതാവ് ധനഞ്ജയ് മുണ്ടെയോട് 30,000 ത്തിലധികം വോട്ടുകൾക്കാണ് പങ്കജ പരാജയപ്പെട്ടത്. 

അതേസമയം ബി.ജെ.പിയിൽ നിന്നും പങ്കജ അകലുകയാണെന്ന വാർത്ത മഹാരാഷ്ട്ര ബി.ജെ.പി വക്താവ് ഷിരീഷ് ബോറാൽക്കർ നിഷേധിച്ചു.
അവർ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ബി.ജെ.പിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അവർ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഷീരീഷ് ബോറാൽക്കറിന്റെ വിശദീകരണം.

Latest News