Sorry, you need to enable JavaScript to visit this website.

വനിതാ ഡോക്ടറുടെ കൊല; രണ്ട് മൊഴികള്‍ നിര്‍ണായകമായി; പ്രതികളെ തള്ളിപ്പറഞ്ഞ് അമ്മമാര്‍

ഹൈദരാബാദ്- ഹൈദരാബാദില്‍ 26 കാരി വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത് ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനും ഒരു ടയര്‍ മെക്കാനിക്കും നല്‍കിയ മൊഴികള്‍.

ചുവപ്പ് നിറമുളള സ്‌കൂട്ടിയില്‍ രണ്ട് പേര്‍ വ്യാഴാഴ്ച പുലര്‍ച്ചെ പെട്രോള്‍ അടിക്കാനെത്തിയെന്നായിരുന്നു ജീവനക്കാരന്‍ പോലീസിനെ വിളിച്ചറിയിച്ചത്. പെട്രോള്‍ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ ഷാദ് നഗര്‍ ലക്ഷ്യമാക്കി പോയെന്ന വിവരം കൂടി നല്‍കിയത് എല്ലാ പെട്രോള്‍ സ്‌റ്റേഷനിലേയും സി.സി.ടി.വി പരിശോധിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചു. ടോള്‍ പ്ലാസക്കു സമീപത്തെ ടയര്‍ മെക്കാനിക്ക് നല്‍കിയ വിവരങ്ങളും പെട്രോള്‍ പമ്പ് ജീവനക്കാരന്‍ നല്‍കിയ മൊഴിയും സമാനമായിരുന്നു. അറസ്റ്റിലായ നാല് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്.

സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ നിന്ന് 27 ന് രാത്രിയാണ് യുവതിയെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും ചെയ്തു. 25 കിലോമീറ്റര്‍ അകലെയാണ്  മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാഗ്ദാനം നല്‍കി ചതിയില്‍പ്പെടുത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2019/12/02/hydcrime.jpg

അതിനിടെ, ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂവെന്ന് വ്യക്തമാക്കി പ്രതികളുടെ  അമ്മമാര്‍. മക്കള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും എന്ത് ശിക്ഷ കൊടുത്താലും അത് അംഗീകരിക്കുമെന്നുമാണ് അമ്മമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ഞാനുമൊരു പെണ്‍കുട്ടിയുടെ അമ്മയാണ്. എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂവെന്നായിരുന്നു പ്രതികളിലൊരാളായ ചെന്നകേശലുവിന്റെ മാതാവ് ജയമ്മയുടെ പ്രതികരണം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മകനെ സുഹൃത്ത് മുഹമ്മദ് ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാനുണ്ടെന്ന് പറഞ്ഞാണ് വിളിച്ചു കൊണ്ടു പോയത്. തിരിച്ചുവന്ന അവനെ വെള്ളിയാഴ്ച പോലീസ് വന്ന്  അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരമ്മയ്ക്ക് മകളെ നഷ്ടമായിരിക്കയാണെന്നും അതുകൊണ്ട്  മകനെ രക്ഷിക്കണമെന്ന് പറയാനാകില്ലെന്നും അവര്‍ പറഞ്ഞു.

മക്കള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ  നല്‍കണെന്നാണ് പ്രതികളായ ശിവയുടേയും മുഹമ്മദിന്റേയും മാതാക്കളുടെ പ്രതികരണം. തന്റെ മകന്‍ വലിയ തെറ്റാണ് ചെയ്തതെന്നം മകനുവേണ്ടി വാദിക്കില്ലെന്നുമാണ് മറ്റൊരു പ്രതി നവീനിന്റെ അമ്മയും പ്രതികരിച്ചത്.

 

Latest News