Sorry, you need to enable JavaScript to visit this website.

രാഹുല്‍ ബജാജിന്റെ വിമര്‍ശനം ദേശീയ താല്‍പര്യത്തെ ഹനിക്കുമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍

ന്യൂദല്‍ഹി- മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആളുകള്‍ ഭയക്കുന്നുവെന്ന വ്യവസായി രാഹുല്‍ ബജാജിന്റെ പ്രസ്താവന ദേശീയ താല്‍പര്യത്തെ ഹനിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജാജിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രചാരണം ലഭിച്ചാല്‍ അത് ദേശീയതാല്‍പര്യത്തിന് വിഘാതമാകുമെന്നാണ് മന്ത്രി ട്വിറ്ററില്‍ കുറിച്ചത്. മുംബൈയില്‍ നടന്ന ചടങ്ങളില്‍ ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മുഖത്ത് നോക്കിയാണ് ബജാജ് രാജ്യത്ത് നിലനില്‍ക്കുന്ന ഭയാന്തരീക്ഷത്തെ കുറിച്ച് പറഞ്ഞത്. ഈ വേദിയില്‍ നിര്‍മലയും ഉണ്ടായിരുന്നു.

ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന് മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്യും. സ്വന്തം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഉത്തരങ്ങള്‍ തേടുകയാണ്. അഭിപ്രായം പ്രചരിപ്പിക്കുന്നത് ദേശീയ താല്‍പര്യത്തെ മുറിപ്പെടുത്തും- നിര്‍മല ട്വീറ്റ് ചെയ്തു.

വിമര്‍ശനങ്ങളോട് സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ആത്മവിശ്വാസമില്ലാത്തതിനാല്‍ വ്യവസായികള്‍ക്ക് മോഡി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഭയമാണെന്നായിരുന്നു രാഹുല്‍ ബജാജിന്റെ പ്രസ്താവന.
 

Latest News