റിമാന്റിലായ യുവാവിന് ജയിലില്‍ നിക്കാഹ്

മഞ്ചേരി- യുവാവ് ആത്്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ യുവാവിന് ജയിലില്‍ നിക്കാഹ്. കോട്ടക്കലില്‍ പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി യുവാവ് ആഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ കോട്ടക്കല്‍ പുതുപറമ്പ് സ്വദേശി മോങ്ങം തടത്തില്‍ ഷബീറിന്റെ നിക്കാഹാണ് മഞ്ചേരി ജയിലില്‍ നടന്നത്.

പുതുപറമ്പില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഷാഹിര്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഷബീറിനെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് വൈകീട്ട് ഷബീറിന്റെ നിക്കാഹ് നിശ്ചയിച്ചതായിരുന്നു. പോലീസ് ഇയാളെ അന്ന് ഉച്ചയോടെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

കോടതിയില്‍ ഷബീറിന്റെ അഭിഭാഷകന്‍ നിക്കാഹിന്റെ കാര്യം മജിസ്‌ട്രേറ്റിനെ അറിയിക്കുകയായിരുന്നു. ഷബീറിനെ റിമാന്റ് ചെയ്യുകയാണെന്നും നിക്കാഹ് നടത്താന്‍ ജയിലില്‍ സൗകര്യമൊരുക്കണമെന്നും മജിസ്‌ട്രേറ്റ് ജയില്‍ അധികൃതരോടും പോലീസിനോടും ആവശ്യപ്പെട്ടു.

തുടര്‍ന്ന് രാത്രി വധുവിന്റെ വീട്ടുകാരും യുവാവിന്റെ വീട്ടുകാരും കാര്‍മികരുമടക്കം 11 പേര്‍ ജയിലില്‍ എത്തി. ജയില്‍ അധികൃതരുടെയും പോലീസിന്റെയും സാന്നിധ്യത്തില്‍ നിക്കാഹ് നടത്തി ബന്ധുക്കള്‍ തിരിച്ചുപോയി. ഡിസംബറിലാണ് വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

 

Latest News