Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം ഹാജിമാരെത്തും -മന്ത്രി നഖ്‌വി

ജിദ്ദ- അടുത്ത വർഷം ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം തീർഥാടകർ ഹജ് നിർവഹിക്കാനെത്തുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ഹജ് നടപടിക്രമങ്ങൾ നൂറു ശതമാനവും ഡിജിറ്റലൈസ് ചെയ്ത ആദ്യ രാജ്യമെന്ന ബഹുമതിക്ക് ഇന്ത്യ അർഹമായെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ-സൗദി ഹജ് കരാർ ഒപ്പിട്ട ശേഷം കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ഡിജിറ്റലൈസേഷന്റെ ഭാഗമായി ഹജ് അപേക്ഷാ സമർപ്പണം പൂർണമായും ഓൺലൈൻ വഴിയാക്കി. ഇതുവരെ 1,80,000 അപേക്ഷകൾ ലഭിച്ചു. ഹജ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 15 ആണ്. അതു ദീർഘിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ആലോചിച്ച് തീയതി ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 


ഇ-ടാഗിംഗ് സംവിധാനമാണ് മറ്റൊന്ന്. ഇതിനായി മുംബൈയിലെ ഹജ് ഹൗസിൽ 100 ലൈനുള്ള ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി. ഹാജിമാരുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്ന ഇ-മസീഹ സംവിധാനം തുടരും. കഴിഞ്ഞ വർഷമാണ് മക്കയിലും മദീനയിലും ഇതു നടപ്പാക്കിയത്. ഈ വർഷം വിജയവാഡയിൽ പുതിയ എംബാർക്കേഷൻ പോയന്റ് തുടങ്ങും. ഇതോടെ എംബാർക്കേഷൻ പോയന്റുകളുടെ എണ്ണം 22 ആകുമെന്നും മന്ത്രി പറഞ്ഞു. എമിഗ്രേഷൻ നടപടികൾ അതതു രാജ്യത്തുവെച്ചു പൂർത്തിയാക്കുന്ന റോഡ് ടു മക്ക പദ്ധതി ഇന്ത്യയിലും നടപ്പാക്കുന്നതിന് ഇന്ത്യ തയാറാണ്. ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ചു നടപ്പാക്കേണ്ട പദ്ധതിയാണിത്. ഇക്കാര്യത്തിൽ നടപടികൾ പുരോഗമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. 


കഴിഞ്ഞ വർഷം ഹാജിമാർക്ക് മികച്ച സേവനമാണ് നൽകിയത്. ഈ വർഷവും കുറ്റമറ്റ സേവനം ലഭ്യമാക്കുന്നിനുള്ള നടപടികൾ ഇക്കഴിഞ്ഞ ഹജ് അവസാനിച്ചതിന്റെ പിറ്റേ ദിവസം തന്നെ ആരംഭിച്ചു. ഹാജിമാർക്ക് മികച്ച സേവനം നൽകിവരുന്ന സൗദി ഭരണ കർത്താക്കളോടുള്ള ഇന്ത്യയുടെ കടപ്പാടും നന്ദിയും ബന്ധപ്പെട്ടവരെ അറിയിച്ചതായും മന്ത്രി പറഞ്ഞു. 


ഇന്നലെ രാവിലെ സൗദി ഹജ് മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും സൗദിയെ പ്രതിനിധീകരിച്ച് ഹജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലേ ബിൻ താഹിർ ബിൻതനും കരാറിൽ  ഒപ്പുവെച്ചു. 
പത്രസമ്മേളനത്തിൽ ന്യൂനപക്ഷകാര്യ (ഹജ്) മന്ത്രാലയ അഡീഷണൽ സെക്രട്ടറി ജാനേ ആലം, ഹജ് കമ്മിറ്റി ആക്ടിംഗ് ചെയർമാൻ ശൈഖ് ജിനാ നബി, ഹജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്‌സൂദ് അഹമ്മദ്, ന്യൂനപക്ഷ മന്ത്രാലയ ഡയറക്ടർ നിജാമുദ്ദീൻ, അംബാസഡർ ഡോ. ഔസാഫ് സഈദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ വൈ. സാബിർ എന്നിവർ പങ്കെടുത്തു. 

Latest News