Sorry, you need to enable JavaScript to visit this website.

റഷ്യയില്‍ ബസ് തണുത്തുറഞ്ഞ നദിയിലേക്കു വീണ് കുട്ടികളടക്കം 19 മരണം

മോസ്‌കോ- സൈബീരിയയില്‍ യാത്രാ ബസ് പാലത്തില്‍ നിന്നും തണുത്തുറഞ്ഞ് കിടക്കുന്ന നദിയിലേക്ക് മറിഞ്ഞ് കുട്ടികളടക്കം 19 പേര്‍ മരിച്ചു. നാല്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പാലത്തിലൂടെ കടന്നു പോകുന്നതിനിടെ ഒരു ടയര്‍ പൊട്ടിയാണ് ബസ് നിയന്ത്രണംതെറ്റി കിഴക്കന്‍ സൈബീരിയയിലെ സബയ്കല്‍സ്‌കിയിലെ കുവെംഗ നദിയിലേക്കു പതിച്ചത്. കൊടുംശൈത്യം കാരണം നദിയിലെ ജലം ഉറഞ്ഞ് ഐസ് രൂപത്തിലായിരുന്നു. മരിച്ചവരില്‍ രണ്ടു ചെറിയ കുട്ടികളുണ്ടെന്നാണ് റിപോര്‍ട്ട്. തലകീഴായാണ് ബസ് മറിഞ്ഞുവീണത്. പരിക്കേറ്റ 19 പേരെ ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. 

രക്ഷാ പ്രവര്‍ത്തനത്തിനായി വന്‍ സംഘം സ്ഥലത്തെത്തി. രണ്ടു ഹെലികോപ്്റ്ററുകളും ആംബുലന്‍സുകളും അടക്കം 70 അംഗ രക്ഷാ സംഘമാണ് ഇവിടെ എത്തിയത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം കാരണം സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു. റഷ്യന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍നോട്ടമുള്ള അന്വേഷണ കമ്മിറ്റിയുടെ തലവന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ ഡ്രൈവറും കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന് വര്‍ഷങ്ങളുടെ പരിചയസമ്പത്തുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
 

Latest News