Sorry, you need to enable JavaScript to visit this website.

പ്രീമിയം ഇഖാമക്കാര്‍ക്ക് ഭൂമി വാങ്ങാനാവില്ല, 99 വര്‍ഷത്തേക്ക് പാട്ടത്തിനു ലഭിക്കും

റിയാദ്- സൗദി അറേബ്യയിൽ സ്ഥിര താമസമുദ്ദേശിച്ച് പ്രീമിയം ഇഖാമയെടുക്കുന്നവർക്ക് മക്കയിലും മദീനയിലും ഭൂമി വിനിയോഗിക്കുന്നതിനുള്ള വ്യവസ്ഥകൾ വാണിജ്യ, നീതിന്യായ മന്ത്രാലയങ്ങൾ അംഗീകരിച്ചു. ഇവിടങ്ങളിൽ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കില്ലെങ്കിലും 99 വർഷത്തേക്ക് പാട്ടത്തിന് ലഭിക്കാനുള്ള അനുമതി ഇത്തരം ഇഖാമയുള്ളവർക്ക് ഉണ്ടാകും. ഇതു സംബന്ധിച്ച വ്യവസ്ഥകളിൽ നീതിന്യായ മന്ത്രി ഡോ. വലീദ് ബിൻ മുഹമ്മദ് അൽസംആനിയും വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബിയും ഒപ്പുവെച്ചു.


രാജ്യത്ത് അംഗീകൃത അഭിഭാഷകർ വഴിയാണ് 99 വർഷം വരെയുള്ള വിനിയോഗക്കരാറിൽ ഒപ്പുവെക്കേണ്ടത്. ഇക്കാലയളവിൽ പ്രീമിയം ഇഖാമ നിബന്ധനകൾ ലംഘിക്കാൻ പാടില്ല. ഭൂരേഖകളിലും പാട്ടക്കരാറിലും നോട്ടറി സാക്ഷ്യപ്പെടുത്തണം. ശേഷം നോട്ടറി വിഭാഗം ഭൂ വിനിയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ഔൺലൈനായി പ്രീമിയം റസിഡൻസി സെന്ററിനെ അറിയിക്കണം.


ഭൂമിയുടെ വിശദ വിവരങ്ങൾ, പാട്ടക്കാലാവധി, തർക്കങ്ങളുണ്ടായാൽ സമീപിക്കേണ്ട കോടതി വിവരങ്ങൾ, ഓരോ വിഭാഗത്തിന്റെയും അവകാശങ്ങളും ബാധ്യതകളും, ഭൂമിയിൽ മറ്റു ബാധ്യതകളൊന്നുമില്ലെന്ന വ്യക്തമാക്കൽ തുടങ്ങിയവ കരാറിൽ ഉൾപ്പെടുത്തേണ്ടതാണ്. പ്രീമിയം ഇഖാമയെടുക്കുന്നവർക്ക് മക്കയിലും മദീനയിലും വാണിജ്യ, വ്യവസായ, താമസ ആവശ്യങ്ങൾക്ക് 99 വർഷത്തേക്ക് ഭൂമി വിനിയോഗിക്കാനുള്ള അവകാശം നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭൂമിയുടെ ഉടമസ്ഥാവകാശം ഇവർക്കുണ്ടാകും. കുടുംബ സമേതം സൗദിയിൽ സ്ഥിര താമസം, അടുത്ത ബന്ധുക്കൾക്ക് സന്ദർശക വിസ, സ്വകാര്യമേഖലയിൽ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി, വിദേശ നിക്ഷേപ വ്യവസ്ഥകൾക്ക് വിധേയമായി വ്യാപാരം നടത്താനുള്ള അനുമതി തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാണ്. ഇന്ത്യക്കാരടക്കം നിരവധി വിദേശികൾ പ്രീമിയം ഇഖാമക്ക് അപേക്ഷിച്ചിട്ടുണ്ട്.
 

Latest News