കുറച്ച് കാത്തിരിക്കൂ, ഉറപ്പായും തിരിച്ചുവരുമെന്ന് ഫഡ്‌നാവിസ്; മഹാരാഷ്ട്രയില്‍ അട്ടിമറി സൂചന നല്‍കി ബിജെപി

മുംബൈ- രാഷ്ട്രീയ കണക്കുകളിലാണ് ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം കൈവിട്ടുപോയതെന്നും എന്നാല്‍ വൈകാതെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 'തിരിച്ചുവരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നുവരുമെന്ന് പറയാന്‍ വിട്ടുപോയി. ഒരു കാര്യം ഉറപ്പിച്ചോളൂ.. കുറച്ച് കൂടി കാത്തിരുന്നാല്‍ മതി,' ഫഡ്‌നാവിസ് പറഞ്ഞു. മറ്റൊരു അട്ടിമറിക്കു കൂടി ബിജെപി ഒരുങ്ങുന്നതായുള്ള സൂചന നല്‍കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ താന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവ പലതും തുടങ്ങുകയും ചെയ്തിട്ടുണ്ട്. അവ ഉല്‍ഘാടനം ചെയ്യാന്‍ താന്‍ എത്തുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

105 എംഎല്‍എമാരുള്ള വലിയ ഒറ്റകക്ഷിയും ഭൂരിപക്ഷം വോട്ടര്‍മാരുടെ പിന്തുണയും ബിജെപിക്ക് ഉണ്ട്. 40 ശതമാനത്തോളം മാത്രം വോട്ടു നേടിയവരാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ജനാധിപത്യത്തിന്റെ ഭാഗമെന്ന നിലയില്‍ ഇത് അംഗീകരിക്കുന്നുവെന്നും നിയമസഭയില്‍ ഫഡ്‌നാവിസ് പറഞ്ഞു.

Latest News