നിങ്ങളെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് പേടിയെന്ന് അമിത് ഷായുടെ മുഖത്ത് നോക്കി വ്യവസായി രാഹുല്‍ ബജാജ്

മുംബൈ- രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തി പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. വിമര്‍ശനങ്ങളെ അംഗീകരിക്കില്ലെന്ന് തിരിച്ചറിവുള്ളതിനാല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനം പേടിക്കുന്ന സ്ഥിതിയാണെന്നും രാഹുല്‍ ബജാജ് പറഞ്ഞു.

ഇക്കണോമിക് ടൈംസിന്റെ പുരസ്‌കാര വിതരണ വേദിയിലായിരുന്നു രാഹുല്‍ ബജാജിന്റെ രൂക്ഷവിമര്‍ശനം. എന്തുകൊണ്ട് ജനങ്ങള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ അവസരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരടങ്ങുന്ന പാനലിനോട് അദ്ദേഹം ചോദിച്ചു.

യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഭരണം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷവും അനിശ്ചിതത്വവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുപിഎ ഭരണത്തില്‍ ആരെയും അധിക്ഷേപിക്കാവുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തുറന്ന് വിമര്‍ശിക്കാന്‍ പോലുമുള്ള അവസരമില്ല. അത് നിങ്ങള്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും രാഹുല്‍ ബജാജ് പറഞ്ഞു.

ഗാന്ധിയെ വെടിവെച്ചതാരാണെന്ന കാര്യത്തില്‍ സംശയമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഭയത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളിലൂടെ നരേന്ദ്രമോഡി സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്നുമുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി. സുതാര്യമായ രീതിയിലും വിമര്‍ശനമുള്‍ക്കൊണ്ടുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു.

 

Latest News