Sorry, you need to enable JavaScript to visit this website.

പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കരുത്; സൗദിയില്‍ പിഴ അഞ്ച് കോടി റിയാല്‍വരെ

റിയാദ് - പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാർക്ക് അഞ്ചു കോടി റിയാൽ വരെ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സംശയകരമായ ബാങ്കിംഗ് ഇടപാടുകൾക്ക് തങ്ങളെ മുതലെടുക്കുന്നതിന്  മറ്റുള്ളവർക്ക് അവസരം നൽകരുത്. ഇത്തരം ഇടപാടുകൾക്ക് കൂട്ടുനിൽക്കുന്നത് യഥാർഥ ഉപയോക്താവിനെ മറച്ചുവെക്കുന്നതിന് സഹായിക്കും. കൂടാതെ നിങ്ങളുടെ പേര് ദുരുപയോഗിച്ച് നിയമ വിരുദ്ധ ഇടപാടുകൾ നടത്തുന്നതിന് കുറ്റവാളികൾക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികൾക്ക് അഞ്ചു കോടി റിയാൽ വരെ പിഴ ചുമത്തുന്നതിന് പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിലെ 31 ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

കുറ്റക്കാർക്ക് ചുമത്തുന്ന പിഴ ഒരു സാഹചര്യത്തിലും വെളുപ്പിക്കലിന് ഉപയോഗിച്ച പണത്തിന്റെ ഇരട്ടിയിൽ കുറവാകില്ല. ഇതിനു പുറമെ, ഇത്തരം കേസുകളിൽ പ്രതികളാകുന്നവർ ക്രിമിനൽ ഉത്തരവാദിത്തവും വഹിക്കേണ്ടിവരും. പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരാകുന്നവർക്ക് നേരത്തെ ലഭിച്ച ലൈസൻസ് പ്രകാരമുള്ള മേഖലയിൽ പ്രവർത്തിക്കുന്നതിൽനിന്ന് താൽക്കാലികമായോ എന്നെന്നേക്കുമായോ വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുവദിക്കുന്നു. കുറ്റകൃത്യം നടത്തുന്നതിന് ഉപയോഗിക്കുന്ന ഓഫീസുകൾ അടച്ചുപൂട്ടാനും ഉത്തരവിടാം. പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പണം കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.


പണം വെളുപ്പിക്കൽ കേസുകളിൽ തടവിന് ശിക്ഷിക്കപ്പെടുന്ന സൗദി പൗരന്മാർക്ക് തടവുശിക്ഷക്ക് തുല്യമായ കാലത്തേക്ക് വിദേശ യാത്രാ വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്. 


നിയമ വിരുദ്ധ ആസ്തികൾ വിപണി വിലയിലും കുറഞ്ഞ നിരക്കിൽ വിറ്റ് പണമാക്കുന്നതിന് പണം വെളുപ്പിക്കൽ ഇടപാടുകാർ ശ്രമിച്ചേക്കും. ഇത് പ്രാദേശിക വിപണിയിൽ മാന്യവും നീതിപൂർവകവുമായ മത്സരത്തെയും മറ്റു വാണിജ്യ മേഖലകളെയും പ്രതികൂലമായി ബാധിക്കും.

പണം വെളുപ്പിക്കൽ ഇടപാടുകൾ ഏതു രാജ്യങ്ങളിലും ബിനാമി ബിസിനസും നിയമ വിരുദ്ധ സമ്പദ്‌വ്യവസ്ഥയും ഉയർന്നുവരുന്നതിന് ഇടയാക്കും. ഇത് നിയമാനുസൃത സമ്പദ്‌വ്യവസ്ഥയുടെ വളർച്ച പിന്നോട്ടടിക്കും.

 
 

Latest News