ലഷ്‌കര്‍ കാന്‍ഡര്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍- ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ജമ്മു കശ്മീരിലെ ഉന്നത കമാന്‍ഡര്‍ അബു ദുജാനയും മറ്റൊരു തീവ്രവാദിയും സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹക്രിപോറയില്‍ ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വീടു വളഞ്ഞ് ആക്രമിക്കുകയായിരുന്നു. കടുത്ത വെടിവയ്പ്പ് നടന്നു.

അബു ദുജാനയുടെ തലയ്ക്ക് സൈന്യം 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മേയില്‍ പുല്‍വാമയില്‍ വച്ച് സൈന്യത്തിന്‍റെ പിടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ദുജാന രക്ഷപ്പെട്ടത്. ഇയാള്‍ അഞ്ചു തവണ സൈന്യത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാന്‍കാരനായ ദുജാന പാക് അധീന കശ്മീര്‍ വഴി 2010-ലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. കശ്മീരീന്‍റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനു പുറമെ ദക്ഷിണ കശ്മീരില്‍ ശക്തമായ ശൃംഖലയുണ്ടാക്കാനും ഇയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഹിസ്ബ് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടേയും 2014-ല്‍ കൊല്ലപ്പെട്ട മറ്റൊരു തീവ്രവാദിയുടെയും ഖബറടക്ക ചടങ്ങുകളില്‍ പരസ്യമായി ദുജാന പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് ദുജാനയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ സുരക്ഷാ സേന ശക്തമാക്കിയത്. 

Latest News