ഇടക്കാല സ്പീക്കറെ ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ പടക്കൊരുങ്ങി ബിജെപി, ഗവര്‍ണര്‍ക്കു പരാതി നല്‍കും

മുംബൈ- മഹാരാഷ്ട്ര നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച ബിജെപി സര്‍ക്കാരിനെതിരെ പോരിനിറങ്ങുന്നു. വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി ഇടക്കാല സ്പീക്കറായിരുന്ന ബിജെപി നേതാവ് കാളിദാസ് കൊലംബക്കറെ മാറ്റി മഹാ വികാസ് അഘാഡി സര്‍ക്കാര്‍ എന്‍സിപി നേതാവ് ദിലീപ് വാസ്‌ലെയെ ഇടക്കാല സ്പീക്കറായി നിയമിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. നിയമസഭ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയ്ക്ക് എതിരായാണെന്ന് ആരോപിച്ചാണ് വിശ്വാസ വോട്ടെടുപ്പിനു തൊട്ടുമുമ്പായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. സഭാ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് കത്തു നല്‍കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

വിശ്വാസ വോട്ടെടുപ്പിനായ സഭാ സമ്മേളനം ചേര്‍ന്നയുടന്‍ ബിജെപി അംഗങ്ങള്‍ ബഹളം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഫഡ്‌നാവിസ് സഭയെ ചോദ്യം ചെയ്ത് പ്രസംഗിച്ചത്. വിശ്വാസ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയത്. കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ വിശ്വാസ വോട്ട് പ്രമേയം അവതരിപ്പിച്ചു. എന്‍സിപി നേതാവ് നവാബ് മാലിക്കും ശിവ സേന നേതാവ് സുനില്‍ പ്രഭുവും പിന്തുണച്ചതോടെ വോട്ടിനിട്ടു. 

Latest News