മൈസൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ യുഎസില്‍ വെടിവെച്ചു കൊന്നു

മൈസുര്‍- യുഎസിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ മൈസൂര്‍ സ്വദേശി അഭിഷേക് സുധേഷ് ഭട്ട് (25) ഹോട്ടലില്‍ അജ്ഞാത ആക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അഭിഷേക് ഹോട്ടലിലെ പാര്‍ട് ടൈം ജീവനക്കാരനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൈസുരുവിലെ കുവെമ്പുനഗര്‍ സ്വദേശിയായ അഭിഷേക് രണ്ടു വര്‍ഷം മുമ്പാണ് ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലേക്കു പോയത്. പഠനം പൂര്‍ത്തിയാക്കാന്‍ നാലു മാസം കൂടി ബാക്കിയുണ്ടായിരുന്നു. 

കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാന്‍ഡിനോയിലെ മോശം കാലാവസ്ഥ കാരണം മൃതദേഹം നാട്ടിലേക്കു കൊണ്ടു വരാന്‍ ബുദ്ധിമുട്ട് നേരിടുന്നതായും കുടുംബം പറയുന്നു. യുഎസിലെ താങ്ക്‌സ് ഗിവിംഗ് ആഘോഷ ദിവസമായ വ്യാഴാഴ്ചയാണ് അഭിഷേക് കൊല്ലപ്പെട്ടത്. ഇതുമൂലം വിവരങ്ങള്‍ അറിയാന്‍ താമസിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. സഹായം തേടി യുഎസ് കോണ്‍സുലേറ്റിനേയും ഇന്ത്യന്‍ ഹൈക്കമ്മീഷനേയും സമീപിച്ചിട്ടുണ്ട്. അഭിഷേകിന്റെ മാതാപിതാക്കളും സഹോദരനും യുഎസിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്.
 

Latest News