ലണ്ടന്‍- അച്ഛനില്ലാതെ അമ്മമാര്‍ മാത്രം വളര്‍ത്തുന്ന കുട്ടികള്‍ മോശക്കാരാണെന്നും അജ്ഞരും ആക്രമോത്സുകരും നിയമവിരുദ്ധരാണെന്നും ലേഖനമെഴുതിയ ആളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ആ വാക്കുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയാണ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് റേഡിയോ സ്റ്റേഷനായ എല്‍ബിസിക്കു നല്‍കിയ അഭിമുഖത്തിനിടെ ബോറിസിന് ഒരു അപ്രതീക്ഷിത ചോദ്യം നേരിടേണ്ടി വന്നു. എത്ര മക്കളുണ്ട് എന്നടക്കമുള്ള കുടുംബ കാര്യങ്ങളായിരുന്നു ചോദ്യം. പരിപാടിയിലേക്കു ഫോണില്‍ വിളിച്ച റൂത്ത് എന്ന സിംഗിള്‍ മദര്‍ ആണ് 1995ല്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ വെള്ളം കുടിപ്പിച്ചത്.
പ്രധാനമന്ത്രിക്ക് എത്ര മക്കളുണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ബോറിസ് തയാറായില്ല. രോഷത്തോടെയാണ് റൂത്ത് പ്രധാനമന്ത്രിയെ നേരിട്ടത്. 'സ്വന്തം കുടുംബത്തെ കുറിച്ചു പറയാന്‍ വിസമ്മതിക്കുന്ന താങ്കള്‍ എന്നെ പോലുള്ള ആളുകളെ കുറ്റംപറഞ്ഞ് ആനന്ദിക്കുന്നത് എങ്ങനെയാണ്?' താങ്കളുടെ ആ പഴയ ലേഖനത്തിലെ വാക്കുകളിലെ അപമാനം എന്റെ മക്കള്‍ക്കു പോലും സഹിക്കേണ്ടി വന്നിട്ടുണ്ട്- റൂത്ത് തുറന്നടിച്ചു.
ഇണകളെ മാറ്റി പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള ബോറിസ് ജോണ്‍സണെതിരെ പലതവണ അവിഹിത ബന്ധ ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. രണ്ടു തവണ വിവാഹം ചെയ്ത ബോറിസിന് നാലു മക്കളുണ്ട്. ഏറ്റവും ഒടുവിലെ ഭാര്യ മറീന വീലറില്‍ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. 2018ലാണ് മറീസ ബോറിസുമായി പിരിഞ്ഞത്. എന്നാല്‍ ബോറിസിന് മറ്റൊരു ബന്ധത്തില്‍ അഞ്ചാമതൊരു മകള്‍ കൂടിയുണ്ടെന്ന കാര്യം ബ്രിട്ടനിലാകെ പാട്ടാണ്. അവിഹിത ബന്ധങ്ങളുടെ പേരില്‍ ബോറിസ് ഇടക്കിടെ ബ്രിട്ടീഷ് മാധ്യമങ്ങളിലും നിറയാറുണ്ട്. തന്നെ വീണ്ടു വഞ്ചിച്ചെന്നാരോപിച്ചാണ് ഭാര്യ മറീന കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചു പോയത്. ഒരു അമേരിക്കന്‍ വ്യവസായി പ്രമുഖയായ ജെനിഫര്‍ അര്‍കുറിയുമായി ബോറിസിന് ബന്ധമുണ്ടെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. ബോറിസിന് അഞ്ചു മക്കളുണ്ടെന്ന കാര്യം ജെനിഫര്‍ ഒരു ടിവി അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു.
ഭാര്യമാരുമായി പിരിഞ്ഞ ബോറിസ് ഇപ്പോള്‍ 31കാരി കാമുകി കാരി സൈമണ്ട്‌സുമൊത്താണ് പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിയുന്നത്. ഈ ബന്ധത്തില്‍ ഇനിയും മക്കളെ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യവും ബോറിസിന് നേരിടേണ്ടി വന്നു. ഈ ചര്‍ച്ചയ്‌ക്കൊന്നും താനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഡിസംബര്‍ 12ന് ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു പ്രാചരണത്തിനിടെയാണ് ബോറിസിന്റെ വ്യക്തി ജീവിതവും ചര്‍ച്ചയായത്. മക്കളെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ അവരെ സ്‌നേഹിക്കുന്നുവെന്നും അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും ചര്‍ച്ചയാക്കരുതെന്നും പറഞ്ഞാണ് ബോറിസ് തടിതപ്പാന്‍ ശ്രമിച്ചത്. എന്നാല്‍ അഭിമുഖത്തിന്റെ വിഡിയോ പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്.