Sorry, you need to enable JavaScript to visit this website.

പഠിപ്പിച്ച ഭാഷയ്ക്കു പകരം സ്വന്തമായി ഭാഷയുണ്ടാക്കി; ഫേസ്ബുക്കിന്‍റെ കൃത്രിമ ബുദ്ധി സംവിധാനം കൈവിട്ടു പോയി

സാന്‍ ഫ്രാന്‍സിസ്‌കോ- ഏറെ പ്രതീക്ഷയോടെ വികസിപ്പിച്ചു കൊണ്ടിരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റിലിജന്‍സ് (എ.ഐ) അഥവാ കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യ ഫേസ്ബുക്ക് പൂട്ടി. ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്ന, മനുഷ്യനു പകരം വെക്കാവുന്ന ടെക്‌നോളജിയായി ലോകം കാണുന്ന ഈ സംവിധാനത്തില്‍ പ്രോഗ്രാം ചെയ്ത ഇംഗ്ലീഷ ഭാഷയ്ക്കു പകരം ഫേസ്ബുക്കിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനങ്ങളിലൊന്ന് സ്വന്തമായ ഭാഷ സൃഷ്ടിച്ച് പരസ്പരം ആശയ വിനിമയം നടത്തി തുടങ്ങിയതോടൊണ് കമ്പനി ഇതു പൂട്ടിയത്. മനുഷ്യരുമായ ആശയവിനിമയം നടത്തുന്ന ചാറ്റ്‌ബോട്ടുകളെന്ന് വിളിക്കുന്ന എ.ഐ പ്രോഗാമാണ് ഫേസ്ബുക്കിലെ ഗവേഷകര്‍ക്ക് പിടികൊടുക്കാതെ സ്വന്തമായി ഉണ്ടാക്കിയ ഭാഷയില്‍ സംവദിച്ചു തുടങ്ങിയത്. ഇതു ഗേവഷകര്‍ക്ക് മനസ്സിലാകാതെ വരികയും കൈവിട്ടുപോകുകയും ചെയ്തതോടെയാണ് അപകടം മണത്തത്. ഉടന്‍ തന്നെ ഇത് അവസാനിപ്പിക്കുകയായിരുന്നു.

ഫേസ്ബുക്ക് വികസിപ്പിച്ച ചാറ്റ്‌ബോട്ടുകള്‍ക്ക് പരസ്പരവും ഗവേഷകരോടും ആശയവിനിമയം നടത്താന്‍ പ്രോഗ്രാം ചെയ്ത ഭാഷ ഇംഗ്ലീഷ് ആയിരുന്നു. തുടക്കത്തില്‍ പരസ്പരം ഇംഗ്ലീഷില്‍ ആശയം വിനിമയം നടത്തിയിരുന്ന ചാറ്റ്‌ബോട്ടുകള്‍ ക്രമേണ സ്വന്തമായി ഒരു ഭാഷ രൂപപ്പെടുത്തിയെടുക്കുകയും ആ ഭാഷയില്‍ ആശയവിനിമയം നടത്തി തുടങ്ങുകയുമായിരുന്നു.

ഡയലോഗ് ഏജന്‍റുമാരായ ചാറ്റ്‌ബോട്ടുകളെ കൂടുതല്‍ പരിഷ്‌കരിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിനിടെ ജൂണിലാണ് ഫേസ്ബുക്ക് എ.ഐ റിസര്‍ച്ച് ലാബിലെ ഗവേഷകര്‍ ചാറ്റ്‌ബോട്ടുകള്‍ തങ്ങള്‍ക്കു മനസ്സിലാകാത്ത സ്വന്തമായ ഒരു ഭാഷയില്‍ ആശയവിനിമയം നടത്തുന്നതായി ശ്രദ്ധിച്ചത്. ഗേവഷകര്‍ രൂപം നല്‍കിയ പ്രോഗ്രാമുകള്‍ക്കതീതമായി ചാറ്റ്‌ബോട്ടുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മെഷീന്‍ ലേണിംഗ് അല്‍ഗോരിതം ഉപയോഗിച്ച് ചാറ്റ്‌ബോട്ടുകള്‍ സ്വതന്ത്രമായി ആശയവിനിമയം നടത്തുകയും സംഭാഷണ നൈപുണ്യം ശക്തിപ്പെടുത്തുന്നതും ഗവേഷകര്‍ തിരിച്ചറിഞ്ഞു. ക്രമേണ ഈ കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ സംഭാഷണ കഴിവില്‍ പുരോഗതിയുണ്ടായതായും കണ്ടെത്തി. 

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഗവേഷണ രംഗത്ത് ഇതു വലിയൊരു മുന്നേറ്റമാണെങ്കിലും മനുഷ്യരെ കവച്ചുവയ്ക്കുന്ന തരത്തിലേക്ക് ഈ സാങ്കേതിക വിദ്യ വളരുമെന്ന ആശങ്കയാണ് പ്രോഫസര്‍ സ്റ്റീഫന്‍ ഹോക്കിങ് അടക്കമുള്ള അതിവിദഗ്ധരായ ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നത്. വളരെ മന്ദഗതിയിലുള്ള ജൈവശാസ്ത്രപരമായ പരിണാമങ്ങള്‍ സംഭവിക്കുന്ന മനുഷ്യരെ ഈ കൃത്രിമ ബുദ്ധി സംവിധാനം മറികടക്കുമെന്നാണ് ആശങ്ക.

ലോകത്തെ തന്നെ മാറ്റിമറിച്ച സാങ്കേതിവിദ്യാ കമ്പനികളെ നയിക്കുന്ന ടെസ്‌ല മേധാവി ഇലോണ്‍ മാസ്‌ക്, മൈക്രോസോഫ്റ്റ് മുന്‍ തലവന്‍ ബില്‍ ഗേറ്റ്‌സ്, ആപ്പ്ള്‍ സ്ഥാപകരിലൊരാളായ സ്റ്റീവ് വോസ്‌നിയാക് തുടങ്ങിയവര്‍ കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയുടെ അപകടങ്ങളെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ മുഖ്യധാരയിലേക്ക് വരുന്നതോടെ ഭാവി സംരക്ഷിക്കാന്‍ ചില നിയന്ത്രണങ്ങളും മുന്‍കരുതലുകളും ആവശ്യമാണെന്ന് നേരത്തെ ഇലോന്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. കൃതിമ ബുദ്ധി സാങ്കേതിവിദ്യ എന്നത് ഒരു നാഗരികത എന്ന നിലയില്‍ നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍ മസ്‌കിന്‍റെ ഈ സമീപനം നിഷേധാത്മകവും നിരുത്തരവാദപരവുമാണെന്നായിരുന്നു ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ പ്രതികരണം. ഇതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണിപ്പോള്‍ തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം കൈവിട്ടു പോയെന്നു സമ്മതിച്ച് അതു ഫേസ്ബുക്ക് നിര്‍ത്തിയത് എന്നതും ശ്രദ്ധേയം.    

Latest News