Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഗതാഗത നിയമ ലംഘകർക്ക് ബ്ലാക്ക് പോയന്റ് വരുന്നു

  • മൂന്നു വർഷത്തിനകം 90 ബ്ലാക്ക് പോയന്റുകൾ ലഭിക്കുന്നവരുടെ ലൈസൻസ് പിൻവലിക്കും


റിയാദ് - ഗതാഗത നിയമ ലംഘകർക്ക് ബ്ലാക്ക് പോയന്റ് നൽകുന്ന രീതി നടപ്പാക്കാനൊരുങ്ങി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. പരിഷ്‌കരിച്ച ട്രാഫിക് നിയമാവലിയിലാണ് ഇതു സംബന്ധിച്ച നിർദേശമുള്ളത്. മൂന്നു വർഷത്തിനകം 90 ബ്ലാക്ക് പോയന്റുകൾ ലഭിക്കുന്നവരുടെ ലൈസൻസ് പിൻവലിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ നിയമാവലിയിലുണ്ട്.
ഗതാഗത നിയമ ലംഘനങ്ങളുടെ അപകട തോതിനനുസൃതമായാണ് ഡ്രൈവർമാർക്ക് നിശ്ചിത ബ്ലാക്ക് പോയന്റ് നൽകുക. ബ്ലാക്ക് പോയന്റുകൾ പരമാവധി പരിധി കവിയുന്ന പക്ഷം ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കും. ആദ്യ നിയമ ലംഘനം രേഖപ്പെടുത്തി മൂന്നു വർഷത്തിനുള്ളിൽ 90 ബ്ലാക്ക് പോയന്റ് ലഭിക്കുന്നവരുടെ ലൈസൻസുകളാണ് പിൻവലിക്കുക. 36 നിയമ ലംഘനങ്ങൾക്ക് രണ്ടു ബ്ലാക്ക് പോയന്റുകൾ വീതമാണ് ലഭിക്കുക. മറ്റേതാനും നിയമ ലംഘനങ്ങൾക്ക് മൂന്നു ബ്ലാക്ക് പോയന്റുകൾ വീതം ലഭിക്കും.


നിയമ ലംഘനത്തിന് രേഖപ്പെടുത്തുന്ന ബ്ലാക്ക് പോയന്റുകളെ കുറിച്ച് എസ്.എം.എസുകളും ഇ-മെയിലുകളും വഴി ഡ്രൈവർമാരെ അറിയിക്കും. താൽക്കാലികമായോ എന്നെന്നേക്കുമായോ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിക്കുന്ന സാഹചര്യങ്ങളും നിയമാവലി നിർണയിക്കുന്നു. എന്നെന്നേക്കുമായി ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കപ്പെട്ടാലും ഒരു വർഷത്തിനു ശേഷം പുതിയ ഡ്രൈവിംഗ് ലൈസൻസിനു വേണ്ടി സമീപിക്കാവുന്നതാണ്. ഏറ്റവും ഒടുവിൽ ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി ഒരു വർഷക്കാലം വേറെ നിയമ ലംഘനം നടത്താത്തവരുടെ പേരിൽ നേരത്തെ ചുമത്തിയ ബ്ലാക്ക് പോയന്റുകൾ റദ്ദാക്കും. 


പൊതുജന സുരക്ഷക്ക് ഭീഷണിയായ ഗുരുതര നിയമ ലംഘനങ്ങൾ ഒരു വർഷത്തിനുള്ളിൽ രണ്ടാമതും ആവർത്തിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകും. ഒരു വർഷത്തിനുള്ളിൽ മൂന്നാമതും ഇത്തരത്തിൽ പെട്ട നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു കൊല്ലത്തിൽ കവിയാത്ത തടവുശിക്ഷയോ ഇരട്ടി പിഴയോ വിധിക്കുന്നതിന് കേസ് കോടതിക്ക് സമർപ്പിക്കും. അമിത വേഗം, മദ്യ ലഹരിയിൽ വാഹനമോടിക്കൽ, റെഡ് സിഗ്നൽ കട്ട് ചെയ്യൽ, അപകടകരമാംവിധം ഓവർടേക്ക് ചെയ്യൽ, എതിർദിശയിൽ വാഹനമോടിക്കൽ എന്നിവ അടക്കം ഒമ്പതു നിയമ ലംഘനങ്ങളാണ് പൊതുജന സുരക്ഷക്ക് ഭീഷണിയായ നിയമ ലംഘനങ്ങളായി നിയമാവലി നിർണയിക്കുന്നത്. 


കേടായ കാറുകൾ വ്യവസ്ഥകൾ പാലിക്കാതെ വിദേശങ്ങളിൽ വിൽപന നടത്തുന്നത് നിയമാവലി വിലക്കുന്നു. ഇത് ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ലഭിക്കും. ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകൾ അടയ്ക്കുന്നതിനു മുമ്പ് മരിച്ചവരുടെ പേരിലുള്ള പിഴകൾ എഴുതിത്തള്ളും. നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തിയ കാര്യം അറിയിച്ച് മുപ്പതു ദിവസത്തിനകം വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് അനുവാദമുണ്ട്. 
പുരാതന, ചരിത്ര വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കുന്നതിന് നിയമാവലി അനുവദിക്കുന്നു. ഇതിന് മൂവായിരം റിയാൽ ഫീസ് നൽകണം. ഇത്തരം നമ്പർ പ്ലേറ്റുകൾ പുതുക്കുന്നതിന് 100 റിയാലാണ് ഫീസ്. 


ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ 20,000 റിയാലിൽ ഏറെയായി ഉയരുന്ന പക്ഷവും പിഴ ചുമത്തിയ കാര്യം അറിയിച്ച് ആറു മാസം പിന്നിട്ടിട്ടും പിഴകൾ അടയ്ക്കാത്ത പക്ഷവും മുപ്പതു ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് നിയമ ലംഘകരെ അറിയിക്കും. ഈ സമയത്തിനകവും പിഴകൾ അടയ്ക്കാത്ത പക്ഷം പിഴകൾ അടയ്ക്കുന്നതു വരെ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെക്കുന്ന കാര്യം പരിശോധിക്കുന്നതിന് കേസുകൾ പ്രത്യേക കോടതിക്ക് കൈമാറുന്നതിനും നിയമാവലി അനുശാസിക്കുന്നു. നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി പിഴ ചുമത്തി പത്തു ദിവസത്തിനകം ഇക്കാര്യം ഓട്ടോമാറ്റിക് സംവിധാനത്തിൽ നിയമ ലംഘകരെ അറിയിക്കുകയും ചെയ്യും. 


ട്രാഫിക് കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും വാഹന ഗതാഗതവുമായി ബന്ധപ്പെട്ട പൊതുനയങ്ങൾക്ക് രൂപം നൽകുന്നതിനും സുപ്രീം കൗൺസിൽ സ്ഥാപിക്കുന്നതിനും പരിഷ്‌കരിച്ച നിയമാവലി അനുശാസിക്കുന്നു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരായ കേസുകളും ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതലയുള്ള പ്രത്യേക വകുപ്പുകളുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലുകളും പരിശോധിക്കുന്ന ചുമതല പ്രത്യേക കോടതികൾക്കായിരിക്കുമെന്ന് നിയമാവലി വ്യക്തമാക്കുന്നു.


 

Latest News