മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും  വിദേശ യാത്ര അനാവശ്യം -ചെന്നിത്തല 

തിരുവനന്തപുരം- മുൻപെങ്ങും ഇല്ലാത്തവിധം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മൂന്നോ നാലോ ഉദ്യോഗസ്ഥർ സ്വതന്ത്രമായി യാത്ര ചെയ്ത് ധാരണയിൽ ആകേണ്ട കാര്യത്തിനു 13 അംഗ സംഘവുമായി മുഖ്യമന്ത്രി ടൂർ പോയത് തീർത്തും അനാവശ്യമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരു മുഖ്യമന്ത്രി ഔദ്യോഗിക കാര്യങ്ങൾക്കായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ തെറ്റില്ല. മുഖ്യമന്ത്രി തലത്തിൽ തീരുമാനിക്കേണ്ട കാര്യങ്ങൾക്കായിരിക്കണം യാത്ര എന്നേ ഉള്ളൂ. ഇപ്പോൾ മുഖ്യമന്ത്രി നടത്തുന്ന ജപ്പാൻ, കൊറിയ സന്ദർശനത്തിൽ കാണാൻ സാധിക്കുന്നത് സെക്രട്ടറി തലത്തിൽപോലും പ്രാതിനിധ്യം ആവശ്യം ഇല്ലാത്ത ചടങ്ങുകൾക്കും കരാർ ഒപ്പിടലുകൾക്കുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്തിയിരിക്കുന്നത് എന്നാണ്.
ഇത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ലെന്നും അനാവശ്യമായ ധൂർത്ത് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന നടപടിയല്ല.
ജപ്പാനിലെ ഒസാക്ക യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് സാൻവിച്ച് കോഴ്‌സുകൾ നടത്താൻ തീരുമാനിച്ചതാണ് ഒരു പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിയും ഒസാക്ക യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റുമായി ചർച്ച ചെയ്ത് തീരുമാനിച്ചതായാണ് കാണുന്നത്. രണ്ട് യൂണിവേഴ്‌സിറ്റികൾ തമ്മിൽ സഹകരിക്കുന്ന ഒരു കാര്യം. വൈസ്ചാൻസലർ തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കണ്ട ഒന്ന് മാത്രമാണിത്. ഇതിനെന്തിനാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്നത്. മിനിമം  മന്ത്രിതല ചർച്ച എങ്കിലും വേണ്ട കാര്യത്തിനു മാത്രമേ മുഖ്യമന്ത്രി പോകേണ്ടതുള്ളൂ. ഒരു ഫോട്ടോ എക്‌സിബിഷൻ ഉദ്ഘാടനം, ഹിറോഷിമാ ദുരന്തസ്മാരക സന്ദർശനം എന്നിവയാണ്. ഇതിലൊന്നും തന്നെ സംസ്ഥാന താൽപര്യം ഇല്ല. ടോക്യോയിലെ ഇൻഡ്യൻ എംബസ്സിയിൽ നടന്ന ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ സെമിനാറാണ് മറ്റൊന്ന്. സാധാരണ സെക്രട്ടറി തലത്തിൽ സംഘടിപ്പിക്കുന്ന ഒന്നാണിത്. ജപ്പാനിൽ നിന്നുള്ള വ്യവസായ മന്ത്രി പോലും പങ്കെടുത്തിട്ടില്ല. സെമിനാർ ഉദ്ഘാടനം ചെയ്തത് ഇൻഡ്യൻ അംബാസഡർ മാത്രമാണ്. ഈ ചടങ്ങിൽ പങ്കെടുത്തത് തന്നെ മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ല.
ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനത്തിനുള്ള സാങ്കേതിക സഹകരണത്തിനു തോഷിബാ കമ്പനി താൽപര്യപത്രം നൽകി എന്നാതാണ് മറ്റൊരു കാര്യം. ഒരു താൽപര്യപത്രം വാങ്ങാൻ ആണോ മുഖ്യമന്ത്രി ജപ്പാനിൽ പോകുന്നത്. അതും തോഷിബായുടെ ഇൻഡ്യൻ മാനേജിംഗ് ഡയറക്ടറുടെ കയ്യിൽ നിന്നും. ഇ-മെയിലിൽ സ്വീകരിക്കാവുന്ന ഒരു കാര്യം മാത്രമാണ് ഇത്. താൽപര്യപത്രം പരിശോധിച്ച് എല്ലാ കാര്യങ്ങളിലും ധാരണയായി ഒരു എം.ഒ.യു ഒപ്പിടുന്ന കാര്യമാണെങ്കിൽ പോലും, അത് സെക്രട്ടറി തലത്തിൽ ചെയ്യേണ്ട ഒന്ന് മാത്രമാണ്. 
തോഷിബായുടെ ഇൻഡ്യൻ മാനേജിംഗ് ഡയറക്ടറുമായി ധാരണ ഒപ്പിടാൻ മാക്‌സിമം ഡൽഹിയിൽ വരെ പോയാൽ പോരെ. അതിനു ജപ്പാനിൽ എന്തിനു പോണം. ഇവിടെ ധാരണാപത്രം പോലുമല്ല, വെറും താൽപര്യ പത്രം കൈമാറുന്ന ഒരു ചടങ്ങായിരുന്നു നടന്നത്. ടൂറിസം ഡയറക്ടർ മാത്രം പങ്കെടുക്കണ്ട ഒരു പരിപാടിക്കാണ് ഇപ്പോൾ മുഖ്യമന്ത്രിയും സംഘവും ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്. സാധാരണ ഒന്നിലധികം സ്ഥലങ്ങളിൽ സന്ദർശനം ഉണ്ടാകുമ്പോൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിമാരും അവർ ഔദ്യോഗികമായി പങ്കെടുക്കേണ്ട സ്ഥലങ്ങളിലും, ദിവസങ്ങളിലും മാത്രമാണ് യാത്ര ചെയ്യുന്നത്. 
ഇവിടെ കാണാൻ സാധിക്കുന്നത് എല്ലാ സ്ഥലത്തും എല്ലാവരും പോകുന്നതാണ്. അങ്ങനെ പോകാൻ ഇത് ഉല്ലാസ യാത്ര അല്ല. ഖജനാവിൽ നിന്നും പൊതു പണം ചിലവഴിച്ചുള്ള ഔദ്യോഗിക സന്ദർശനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


 

Latest News