കണ്ണൂർ- പയ്യാവൂർ ചന്ദനക്കാംപാറയിലെ സ്വകാര്യ സ്‌കൂളിലെ കായികാധ്യാപകൻ എട്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി. അധ്യാപകനെ സസ്‌പെൻഡു ചെയ്തു.
പീഡന വാർത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലെത്തി വിദ്യാർഥിനികൾക്ക് കൗൺസലിംഗ് നൽകി. ഇതിലാണ് പീഡന വിവരം കുട്ടികൾ വെളിപ്പെടുത്തിയത്. സ്‌കൂളിലെ എട്ടോളം കുട്ടികളാണ് പരാതിയുമായി എത്തിയത്. മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നുമാണ് പരാതി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് നിർദേശം. ഈ അധ്യാപകനെതിരെ നേരത്തെയും ഇത്തരത്തിലുള്ള പരാതി ഉയർന്നിരുന്നു.
അടുത്തിടെ വീണ്ടും പരാതി ഉയർന്നതിനെത്തുടർന്ന് പീഡനത്തിനിരയായ കുട്ടിയിൽ നിന്നും മൊഴിയെടുത്തിട്ടും തുടർ നടപടികൾക്ക് സ്‌കൂൾ അധികൃതർ തയ്യാറായില്ല. അധ്യാപകനെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സ്‌കൂൾ പരിസരങ്ങളിൽ പോസ്റ്റർ പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടൽ ഉണ്ടായത്. ഇതിന് പിന്നാലെയാണ് അധ്യാപകനെ സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തത്. പീഡനവുമായി ബന്ധപ്പെട്ട് ലീഗൽ സർവീസ് സൊസൈറ്റി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അധ്യാപകനെതിരെ നിയമപരമായ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും.