Sorry, you need to enable JavaScript to visit this website.

മഞ്ചേരിയിൽ കാണാതായ  കുടുംബത്തെ മീനാക്ഷിപുരത്ത് കണ്ടെത്തി

മഞ്ചേരി- മഞ്ചേരിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ ഒന്നടങ്കം കാണാതായ കുടുംബത്തെ മഞ്ചേരി പോലീസ് തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. പയ്യനാട് അമയംകോട് കുന്നുമ്മൽ വെള്ളാമ്പറ്റ ഇബ്രാഹിം (42), ഭാര്യ  ഫൗസിയ (38), മക്കളായ അദ്‌നാൻ (11), അംനാ ഷെറിൻ (10) എന്നിവരെയാണ് മഞ്ചേരി സി.ഐ സി.അലവി, എസ്.ഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്. ഇക്കഴിഞ്ഞ സെപ്തംബർ 22 നാണ് കുടുംബത്തെ കാണാതായത്. ഇതു സംബന്ധിച്ച് ഫൗസിയയുടെ സഹോദരൻ പിലാക്കൽ അബ്ദുൽ നാസർ മഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു.  കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മാതാവിനോട് സഹോദരിയുടെ പയ്യനാട് ചോലക്കലിലുള്ള വീട്ടിലേക്ക് പോകാനാവശ്യപ്പെടുകയും ഓട്ടോ കൂലി നൽകി പറഞ്ഞയച്ച ശേഷമായിരുന്നു ഇവരുടെ തിരോധാനം. ചികിത്സാവശ്യാർഥം പോകുന്നുവെന്ന് അയൽവാസികളോടു പറഞ്ഞിരുന്നു. സ്വന്തം കാറിൽ യാത്ര തിരിച്ച കുടുംബത്തെ മൊബൈൽ ഫോണിലും കിട്ടാതായതോടെയാണ് ബന്ധുക്കൾ പോലീസിനെ സമീപിച്ചത്. ഇബ്രാഹിമിന്റെ ഉടമസ്ഥതയിൽ കച്ചേരിപ്പടി ചെങ്ങണ ബൈപ്പാസിൽ പ്രവർത്തിച്ചു വരുന്ന ഹാർഡ്‌വെയർ കടയും അടച്ചിട്ട നിലയിലാണ്. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന്റെ തിരോധാനത്തിനു പിന്നിലെന്ന് സംശയിച്ചിരുന്നു. കാണാതായ ഇബ്രാഹിം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊള്ളാച്ചിയിൽ വിൽപന നടത്തിയതായി കണ്ടെത്തിയതോടെയാണ് തിരോധാനത്തിന്റെ ചുരുളഴിയുന്നത്. കുടുംബം ഉപയോഗിച്ചിരുന്നത് ടൊയോട്ടോ കാംറി കാറായിരുന്നു. അന്വേഷണസംഘം പ്രദേശത്ത് തമ്പടിച്ച് കാറിന്റെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയും മറ്റും ഉപയോഗിച്ച് പ്രചരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പെട്രോൾ പമ്പ് ജീവനക്കാർ നൽകിയ വിവരങ്ങളും കുടുംബത്തെ കണ്ടെത്താൻ സഹായകമായി. തുടർന്നാണ് മീനാക്ഷിപുരത്തെ ഹോട്ടലിൽ ഇബ്രാഹിം ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത കുടുംബത്തെ പോലീസ് നാട്ടിലെത്തിച്ചു.
 

Latest News