Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ  എം.പി കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി 

റോം-പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് സ്ഥലപരിമിതികളും ഇല്ലെന്ന് തെളിയിക്കുകയാണ് ഒരു ഇറ്റാലിയന്‍ എംപി. പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്ക് ഇടെയാണ് ഈ എംപി പബ്ലിക് ഗ്യാലറിയില്‍ ഇരുന്ന കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഭൂകമ്പത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള സുപ്രധാന ചര്‍ച്ചയ്ക്കിടെയാണ് 33കാരന്‍ ഫഌവിയോ ഡി മൂറോ തന്റെ സുപ്രധാന നീക്കം നടത്തിയത്.
ലീഗ് പാര്‍ട്ടി അംഗമായ മൂറോ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് ഇടെയാണ് മേശയ്ക്കടിയില്‍ നിന്നും മോതിരം പുറത്തെടുത്തത്. ഇതിന് ശേഷം പങ്കാളി എലിസ ഡെ ലിയോയോട് ആ ചോദ്യവും ഉന്നയിച്ചു. ഇതോടെ അരികിലിരുന്ന രണ്ട് എംപിമാര്‍ കൈയടിച്ച് അഭ്യര്‍ത്ഥനയ്ക്ക് അകമ്പടിയേകി. റോമിലെ ഡെപ്യൂട്ടീസ് ചേംബറില്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതിന് ഇടെയാണ് എംപിയുടെ ഈ പ്രണയാഭ്യര്‍ത്ഥന.
'ഈ ദിവസം എനിക്ക് മറ്റുള്ള ദിവസങ്ങള്‍ പോലെയല്ല, ഇതൊരു സവിശേഷ ദിനമാണ്, വ്യത്യസ്തമായ ദിനം', മുറോ പറഞ്ഞു. ഇതുപറഞ്ഞ ശേഷം മേശയ്ക്ക് അടിയില്‍ നിന്നും മോതിരം പുറത്തെടുത്ത് പൊതുജനങ്ങളുടെ ഗ്യാലറിയില്‍ ഉണ്ടായിരുന്ന പങ്കാളി എലിസയോട് ചോദ്യം ഉന്നയിച്ചു. 'എലിസ, എന്നെ വിവാഹം ചെയ്യാമോ?', അദ്ദേഹം പറഞ്ഞു. മറ്റ് രാഷ്ട്രീയക്കാര്‍ എംപിയെ അനുമോദിച്ചെങ്കിലും സ്പീക്കര്‍ക്ക് ഇതത്ര ഇഷ്ടമായില്ല.
എംപി മൂറോ താങ്ങളുടെ വികാരം മനസ്സിലാക്കുന്നു. പക്ഷെ ഈ ആവശ്യത്തിന് ഈ സമയം ഉപയോഗിച്ചത് ശരിയായില്ല, സ്പീക്കര്‍ റോബര്‍ട്ടോ ഫികോ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ഇത് പ്രണയത്തിന്റെ വിഷയമായതിനാല്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഒരു സഹ എംപി ചൂണ്ടിക്കാണിച്ചു. ഭാഗ്യത്തിന് കാമുകി ഈ അഭ്യര്‍ത്ഥനയ്ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാതെ എംപിയെ കൂടുതല്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചു.

Latest News