Sorry, you need to enable JavaScript to visit this website.

ഭരണഘടനയുടെ ചൈതന്യം 

ഭരണഘടനയെ അക്ഷരങ്ങളിൽ വായിക്കുന്നവർക്ക് അതിന്റെ ചൈതന്യം ഉൾക്കൊള്ളാനാവില്ല. ഭരണഘടനയുടെ വിലാപങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഇക്കാലത്ത് അതിന്റെ ചൈതന്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. ഇന്ത്യയുടെ ബഹുസ്വരതയുടെ അടിസ്ഥാനം ഭരണഘടനയാണ്. അതിനെ അപ്രസക്തമാക്കാനുള്ള ഓരോ നീക്കവും ഇന്ത്യ എന്ന ആശയത്തെത്തന്നെയാണ് ഇല്ലാതാക്കുന്നത്. 

1953 സെപ്റ്റംബർ രണ്ട് 
രാജ്യസഭയിൽ പ്രസംഗിക്കുകയായിരുന്നു ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കർ. ഗവർണർമാരുടെ അധികാരം സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: സർ, ഞാനാണ് ഭരണഘടന ഉണ്ടാക്കിയതെന്ന് എന്റെ സുഹൃത്തുക്കൾ പറയുന്നു, അത് കത്തിക്കുന്ന ആദ്യ ആളായിരിക്കും ഞാനെന്ന് പറയാനും ഞാൻ തയാറാണ്. ഈ ഭരണഘടനയുമായി മുന്നോട്ടു പോകാൻ ജനങ്ങൾ തയാറാണെങ്കിൽ അവർ ഭൂരിപക്ഷവും ന്യൂനപക്ഷവും ഈ രാജ്യത്തുണ്ടെന്ന് ഓർക്കണം. ന്യൂനപക്ഷത്തെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്നത് ജനാധിപത്യത്തിന് ഹിതകരമല്ല. ന്യൂനപക്ഷത്തെ ദ്രോഹിക്കുന്നതാണ് ഏറ്റവും വലിയ അപകടം എന്ന് ഞാൻ തറപ്പിച്ചുപറയുന്നു.


ഈ വാക്കുകൾ വിവാദം വിളിച്ചുവരുത്തി. എന്നാൽ ഉത്തമ ബോധ്യത്തോടെയാണ് താൻ അത് പറഞ്ഞത് എന്ന് അംബേദ്കർ വിശ്വസിച്ചു. ജനാധിപത്യ മൂല്യങ്ങൾക്കേൽക്കുന്ന പ്രഹരം അനുവദിച്ചുകൊടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. 
രണ്ടു വർഷത്തിന് ശേഷം രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി പറയവേ അംബേദ്കർ ഇങ്ങനെ വിശദീകരിച്ചു: ഭരണഘടന കത്തിക്കുമെന്ന് ഞാൻ പറഞ്ഞതിന്റെ കാരണങ്ങളാണ് നിങ്ങൾ അന്വേഷിക്കുന്നത്. ഞാൻ പറയാം. നമ്മൾ ക്ഷേത്രങ്ങൾ നിർമിക്കുന്നത് ദൈവങ്ങൾക്ക് വേണ്ടിയാണ്. ദൈവങ്ങൾ അവിടെ ഇരിക്കും മുമ്പെ ചെകുത്താൻമാർ കയറിയിരുന്നാൽ എന്തു ചെയ്യും. ആ ക്ഷേത്രം നാം പൊളിച്ചുകളയും. അത്രയേ ഉള്ളൂ.


ഭരണഘടനയെ മാനിക്കാത്തവരും അതിന്റെ ആത്മാവ് ഉൾക്കൊള്ളാത്തവരും ഭരണഘടനയെ വിശുദ്ധ പുസ്തകം എന്ന് വിളിക്കുമ്പോൾ ഡോ. അംബേദ്കറെ ഓർമ വരുന്നു. താനുണ്ടാക്കിയ ഭരണഘടന താൻ തന്നെ കത്തിക്കുമെന്ന് വിളിച്ചുപറഞ്ഞ ഭരണഘടനാ ശിൽപിയെ. ഭരണഘടന കൈകാര്യം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണഘടനയിലെ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നവർക്കെതിരായ നിലപാട് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. 70 വർഷങ്ങൾ കഴിയുന്നു. ഈ മൂല്യബോധത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ന് ചിലർ ഭരണഘടന കത്തിക്കണമെന്ന് ആഗ്രഹിക്കുന്നത്. മറിച്ച്, ഭരണഘടന ഉയർത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങൾ ഇല്ലാതാകണമെന്ന് അദമ്യമായി ആഗ്രഹിക്കുന്നതുകൊണ്ടാണ്.
1949 നവംബർ 26 നാണ് ഭരണഘടനക്ക് കോൺസ്റ്റിറ്റിയൂഷനൽ അസംബ്ലി അംഗീകാരം നൽകുന്നത്. അന്ന് അതിനെതിരെ അന്ന് സ്വന്തം മുഖപത്രത്തിൽ ലേഖനം എഴുതിയവരുടെ പിൻഗാമികളാണ് ഇന്ന് ഭരണഘടനാദിനം ആചരിക്കുന്നത് എന്നത് ചരിത്രത്തിലെ വൈരുധ്യമാകാം. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിച്ചു തുടങ്ങിയത്. നോക്കൂ, ഭരണഘടനക്ക് പുല്ലുവില കൽപിക്കുന്നവർ, തന്നെ ഭരണഘടനാ ദിനം ആചരിക്കുന്നു. ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെടുമ്പോഴുള്ളതിൽനിന്നുള്ള ഒരു വ്യത്യസ്ത നിലപാടും തങ്ങൾക്കുള്ളതായി അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാഴ്‌വാക്കുകൾ കൊണ്ട് മൂടിപ്പൊതിഞ്ഞ് നടത്തുന്ന ചില പ്രസ്താവങ്ങളല്ലാതെ. രാജ്യത്തെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും ഭരണഘടനയുടെ ചൈതന്യമായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ഭീതിയുടെ റിപ്പബ്ലിക് ആയി മാറുമായിരുന്നില്ല. 
ഭരണഘടനയുടെ  ആത്മാവ് മോഡി ഭരണത്തിൽ പിച്ചിച്ചീന്തപ്പെടുന്നുവെന്ന തോന്നൽ വ്യാപകമാണ്. ഒരുപ േക്ഷ ഈ സർക്കാരിനെതിരായ രാഷ്ട്രീയ പ്രസ്താവനകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട വാക്കും ഭരണഘടനയെന്നാവും. അംബേദ്കർ സൂചിപ്പിച്ചപോലെ, സവിശേഷ ന്യൂനപക്ഷങ്ങൾ ഈ ഭരണത്തിന് കീഴിൽ അതിവേഗം അന്യവൽക്കരിക്കപ്പെടുന്നുണ്ട്. അത്തരമൊരവസ്ഥയിലാണ് ഭരണഘടന താൻ കത്തിച്ചുകളയുമെന്ന് അദ്ദേഹം പറയുന്നത്. കേന്ദ്ര സർക്കാറിന്റെ നയപരമായ പല തീരുമാനങ്ങളും ഭരണഘടനയുടെ യഥാർഥ അന്തസ്സത്തക്ക് വിരുദ്ധമാണെന്ന വിലയിരുത്തൽ ശക്തമായ സാഹചര്യത്തിലാണ് ഈ വിമർശം പ്രസക്തമാകുന്നത്. 


ഇക്കഴിഞ്ഞ 26 ന്, ഭരണഘടനാ ദിനത്തിൽ പാർലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത് ഭരണഘടനാ ധാർമികത എല്ലാവരും ഉയർത്തിപ്പിടിക്കണമെന്നാണ്. എന്താണ് ഭരണഘടനാ ധാർമികത? ഭരണഘടന ഏതാനും അക്ഷരങ്ങളുടേയും വാക്യങ്ങളുടേയും ഒരു സങ്കലനം മാത്രമല്ല. അത് പ്രതിനിധാനം ചെയ്യുന്ന ഒരു മൂല്യവ്യവസ്ഥയുണ്ട്. അതിലടങ്ങിയ വാക്കുകൾ പ്രക്ഷേപിക്കുന്നത് ചില ആദർശങ്ങളാണ്. വകുപ്പുകളും ഉപ വകുപ്പുകളും ഉൾക്കൊള്ളുന്ന ചലനരഹിതവും ചൈതന്യരഹിതവുമായ ഒരു വിരസ പുസ്തകമല്ല അത്. ഭരണഘടനാ ധാർമികതയെന്നാൽ അത് ഉൽപാദിപ്പിക്കുന്ന മൂല്യങ്ങളുടെ പേരാണ്. അത് ഉൾക്കൊള്ളാൻ നാം തയാറല്ല എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ നടന്ന സംഭവവികാസങ്ങൾ. അർധരാത്രി ആരുമറിയാതെ രാഷ്ട്രപതി ഭരണം പിൻവലിക്കാനും ഭൂരിപക്ഷമില്ലാത്ത ഒരു സർക്കാറിനെ അധികാരത്തിലേറ്റാനും കൂട്ടുനിന്ന രാഷ്ട്രപതി തന്നെയാണ്, മഹാരാഷ്ട്രയിലെ നാണക്കേടുകൾ മറനീക്കി പുറത്തുവന്ന ദിവസം, ഭരണഘടനാ ധാർമികതയെക്കുറിച്ച് സംസാരിക്കുന്നത്.
അതേ ദിവസം, അതേ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്, കുടിവെള്ളം സംരക്ഷിച്ചും നികുതി അടച്ചും പൗരന്മാർ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റണമെന്നാണ്. രാജ്യത്തെ ജനങ്ങളെ ഇതിലും കൂടുതലായി പരിഹസിക്കാൻ ഒരു പ്രധാനമന്ത്രിക്ക് കഴിയുമോ? ഭരണഘടനയുടെ മൂല്യങ്ങളെ ഉൾക്കൊള്ളാൻ തയാറല്ലെന്നും അതിനെ അക്ഷരങ്ങളിലൂടെ മാത്രമേ വായിക്കൂ എന്നുമാണ് അദ്ദേഹം തറപ്പിച്ചുപറയുന്നത്. ഭരണഘടനക്ക് രാജ്യം അംഗീകാരം നൽകിയ ദിവസം, ആർ.എസ്.എസ് പ്രതികരിച്ചതിൽനിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാടുമില്ല എന്ന് പ്രധാനമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. 


സാമൂഹിക നീതിയും ജനാധിപത്യവുമാണ് ഭരണഘടനയുടെ അന്തസ്സത്ത. അത് പാലിക്കാൻ കഴിയാത്തവർക്ക് ഭരണഘടനയുടെ മൂല്യങ്ങളെ അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ വ്യത്യസ്ത മത, സംസ്‌കാര, ഭാഷകൾ പിന്തുടരുന്ന ജനങ്ങളുടെ കൂട്ടായ്മയാണ്. അതിനാൽ തന്നെ ബഹുസ്വരതയാണ് ഈ രാജ്യത്തിന്റെ ആത്മാവ്. അത് നമ്മെ പഠിപ്പിക്കുന്നത് ഭരണഘടനയാണ്. ഏകശിലാരൂപമായ ഒരു സംസ്‌കാരത്തിന്റെയോ ഭാഷയുടെയോ നാടല്ല ഭാരതം. ബഹുസ്വരതയെ അംഗീകരിക്കാത്തവരാണ് ഒരു പ്രത്യേക ഭാഷയെ ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുന്നത്. അവർ പ്രതിപക്ഷത്തെ മാനിക്കുന്നില്ല. പരിപൂർണമായും വിശ്വാസ്യമല്ലാത്ത ഒരു തെരഞ്ഞെടുപ്പിലൂടെ നേടിയെടുത്ത ഭൂരിപക്ഷം മാത്രമാണ് അവരുടെ ആയുധം. എന്നാൽ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ആരേയും ഭരണഘടനക്ക് അതീതരാക്കുന്നില്ല. ഈ യാഥാർഥ്യം വിസ്മരിച്ചുകൊണ്ടാണ് നാം ഭരണഘടനാ ദിനം ആചരിക്കുന്നത്. 


സർക്കാർ മാത്രമല്ല, നമ്മുടെ ജുഡീഷ്യറിയും ഭരണഘടനാ ധാർമികതയെ പലപ്പോഴും മറന്നുപോകുന്നു. ഒരു തർക്കമുണ്ടാകുമ്പോൾ അത്, ഭരണഘടനയുടെ മൂല്യങ്ങളോട് എത്രമാത്രം അടുത്തുനിൽക്കുന്നു അല്ലെങ്കിൽ അകന്നു നിൽക്കുന്നു എന്ന് നിശ്ചയിക്കാനാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചുകൾക്ക് രൂപം നൽകുന്നത്. കൃത്യമായ നിയമ വ്യവസ്ഥകൾക്കപ്പുറത്തേക്ക് കടന്ന് ചില കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടി വരുമ്പോഴാണ് നാം ഭരണഘടനയുടെ അന്തസ്സത്തെയെക്കുറിച്ച് അന്വേഷിക്കുന്നത്. എന്നാൽ ഭരണകൂടത്തിന്റെ സ്വാധീനം കൊണ്ടോ അല്ലാതെയോ, പരമോന്നത കോടതി പോലും വിധിപ്രസ്താവങ്ങളിൽ ഈ ധാർമിതകയെ ഉയർത്തിപ്പിടിക്കാൻ മറക്കുന്നു. അയോധ്യ ഭൂമിതർക്കത്തിലും ശബരിമല സ്ത്രീപ്രവേശത്തിലും സുപ്രീം കോടതി നൽകിയ വിധികൾ ഭരണഘടനയുടെ മൂല്യങ്ങൾക്കാണോ ചില പ്രത്യേക വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കാണോ പ്രാധാന്യം നൽകുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. 


ഈ രണ്ട് കാര്യങ്ങളിലും ഭരണഘടനക്കപ്പുറം, വിശ്വാസം എന്ന മാനദണ്ഡത്തിന് സുപ്രീം കോടതി ഊന്നൽ കൊടുക്കുന്നതായി കാണാം. ഇത് വാസ്തവത്തിൽ ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ്. 
കേന്ദ്ര സർക്കാറിന്റെ മറ്റു പല നടപടികളും ഇത്തരത്തിൽ ഭരണഘടനയുടെ ആത്മാവിനെ പിച്ചിച്ചീന്തുന്ന രീതിയിലേക്കാണ് പോകുന്നത്. പൗരത്വം പോലും മതാടിസ്ഥാനത്തിൽ മാറ്റാൻ പോകുന്നു എന്ന ഭീതി വ്യാപകമായിക്കഴിഞ്ഞു. ചില പ്രത്യേക ദിനങ്ങളിൽ പുകഴ്ത്തിയതുകൊണ്ടു മാത്രം ഭരണഘടന സജീവമായ ഒരു നിർമാണ പ്രക്രിയയുടെ പ്രചോദനമായിത്തീരില്ല. അതിന് ആത്മാർഥമായ പരിശ്രമവും കലർപറ്റ രാഷ്ട്രബോധവും തന്നെ വേണം.
 

Latest News