Sorry, you need to enable JavaScript to visit this website.

പൗരത്വത്തിന്റെ മറവിൽ ജനാധിപത്യ അട്ടിമറി ശ്രമം 

ഓരോ പത്തു വർഷം കൂടുമ്പോഴും നടക്കുന്ന സെൻസസ് 2021 ൽ നടക്കാനിരിക്കേ ദേശീയ പൗരത്വ രജിസ്റ്ററിനു വേണ്ടിയുള്ള മോഡി സർക്കാറിന്റെ തിടുക്കം രാജ്യത്തിനു നൽകുന്നത് കനത്ത അപകട സൂചനയാണ്. ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവക്കു വേണ്ടിയുള്ള കേന്ദ്ര സർക്കാറിന്റെ ഈ വാദഗതികൾ കരുത്താർജിക്കുന്നതിന് നടപ്പ് പാർലമെന്റ് സമ്മേളനം സാക്ഷ്യം വഹിക്കുകയാണ്. ദശവത്സര ഇടവേളകളിലെ സെൻസസിനു പുറമെ ഏതാണ്ട് 123 കോടി ജനങ്ങൾക്ക് അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് ആധാർ കാർഡുകൾ കേന്ദ്ര സർക്കാർ തന്നെ നൽകിയിട്ടുണ്ട്. അവയിലൊന്നും ഉൾപ്പെടാത്ത ആരെങ്കിലും അവശേഷിക്കുന്നു എങ്കിൽ അത്തരക്കാരെ കണ്ടെത്തുക അസാധ്യമാണെന്ന് കരുതുക വയ്യ. ഈ പശ്ചാത്തലത്തിൽ വേണം പൗരത്വ രജിസ്റ്ററിനും ഭേദഗതി നിയമത്തിനും വേണ്ടിയുള്ള നീക്കം വിലയിരുത്തപ്പെടാൻ. നിലവിലുള്ള പൗരത്വ നിയമത്തിലോ നിർദിഷ്ട ഭേദഗതി നിയമത്തിലോ വിദേശ പൗരത്വം നിർണയിക്കാനുള്ള യാതൊരു സ്വതന്ത്ര സംവിധാനവും നിർദേശിക്കുന്നില്ല. അതിന്റെ വെളിച്ചത്തിലാണ് 'നിയമവിരുദ്ധ കുടിയേറ്റ നിർണയ ട്രൈബ്യൂണൽ' നിയമം, 2005 ൽ സുപ്രീം കോടതി റദ്ദാക്കിയത്. വിദേശി ആരെന്നു കൃത്യമായി നിർണയിക്കാനുള്ള സംവിധാനമോ അതിർത്തികളിൽ അനധികൃത കുടിയേറ്റക്കാരെ ഫലപ്രഥമായി തടയാനോ കഴിയാത്ത ഭരണകൂടം പൗരത്വ രജിസ്റ്റർ തയാറാക്കാനുള്ള യത്‌നത്തിനു പുറപ്പെടുന്നത് പൗരന്മാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന നടപടിയായിരിക്കും.
പൗരത്വ രജിസ്റ്റർ തയാറാക്കിയ അസമിന്റെ അവസ്ഥ ഭരണകൂടത്തിന് ഗുണപാഠമാകണം. അവിടെ പൗരത്വ രജിസ്റ്ററിൽ നിന്നും ഒഴിവാക്കപ്പെട്ട 19 ലക്ഷം പേരിൽ ഗണ്യമായ തോതിൽ ഹിന്ദുക്കളും ഗോത്രവർഗക്കാരും ഉൾപ്പെടുന്നു. അത്തരത്തിൽ ഒഴിവാക്കപ്പെട്ട നിരവധി പേർ ആത്മഹത്യയിൽ അഭയം കണ്ടെത്തിയതും വിസ്മരിക്കരുത്. പൗരത്വ രജിസ്റ്ററിന്റെ ധാർമികത വിലയിരുത്തും മുമ്പ് അതിന്റെ പ്രായോഗികത പരിശോധിക്കപ്പെടേണ്ടതുണ്ട്. അസമിലെ 3.3 കോടി ജനങ്ങളുടെ പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിന് 50,000 സർക്കാർ ജീവനക്കാർ ഏഴു വർഷക്കാലം സമയമെടുത്തു. അതിനായി 1600 കോടി രൂപയാണ് ചെലവഴിക്കേണ്ടിവന്നത്. അതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിന് 1.33 കോടി സർക്കാർ ഉദ്യോഗസ്ഥർ പത്തു വർഷക്കാലം പണിയെടുത്താലും ദൗത്യം പൂർത്തീകരിക്കാനാവുമോ എന്ന് വിദഗ്ധർ സംശയിക്കുന്നു. അതിന് ചുരുങ്ങിയത് 4.26 ലക്ഷം കോടി രൂപയെങ്കിലും ചെലവഴിക്കേണ്ടിവരും. വിദ്യാഭ്യാസത്തിനു വേണ്ടി വാർഷിക ബജറ്റിൽ വകയിരുത്തുന്ന തുകയുടെ നാലിരട്ടിയിലധികമാണ് അത്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്ത് ഇതിനേക്കാൾ വലിയ അനർഥം മറ്റെന്താണ്? 
1.33 കോടി സർക്കാർ ജീവനക്കാർ എന്നാൽ 2.9 കോടി വരുന്ന ജീവനക്കാരുടെ പകുതിയിൽ അധികമാണ്. ഫലത്തിൽ ഒരു ദശകക്കാലം രാജ്യത്തെ സമ്പൂർണമായി സ്തംഭിപ്പിക്കുന്ന ഭ്രാന്തൻ സാഹസികതയായി പൗരത്വ രജിസ്റ്റർ തയാറാക്കൽ പ്രക്രിയ മാറും. രജിസ്റ്ററിൽ ഇന്ത്യൻ പൗരനാണ് താനെന്ന് സ്ഥാപിക്കേണ്ട ബാധ്യത പൗരന്റേതായിരിക്കും. ആഭ്യന്തര മന്ത്രി പൗരത്വത്തിനു തെളിവായി ഹാജരാക്കേണ്ട രേഖകളുടെ ഒരു പട്ടിക പുറത്തുവിട്ടിട്ടുണ്ട്. നിരക്ഷരരായ 25 ശതമാനത്തിലധികം ജനങ്ങൾ അത്തരത്തിൽ രേഖകൾ ഹാജരാക്കുമെന്ന് അധികാര ദുര കൊണ്ട് അന്ധത ബാധിച്ചവർക്ക് മാത്രമേ കരുതാനാവു. പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്.
അസമിൽ പൗരത്വ രജിസ്റ്റർ എന്ന ആവശ്യം ഉന്നയിച്ചവർ തന്നെ ഇപ്പോൾ അതിനെതിരെ തിരിഞ്ഞിരിക്കുന്നു. ബി.ജെ.പി നേതാക്കളും സഖ്യകക്ഷികളും രജിസ്റ്ററിനും പൗരത്വ നിയമത്തിനും എതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. ബി.ജെ.പിയും സംഘ്പരിവാറും പൗരത്വ രജിസ്റ്റർ, പൗരത്വ നിയമം എന്നിവയിലൂടെ ലക്ഷ്യം വെയ്ക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്. അത് യാതൊരു മറയും കൂടാതെ നിർദിഷ്ട പൗരത്വ ഭേദഗതി നിയമം വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, ക്രിസ്ത്യൻ അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നാണ് ബിൽ പറയുന്നത്. അതിൽ നിന്നു തന്നെ ആർക്കാണ് പൗരത്വം നിഷേധിക്കപ്പെടുകയെന്നും പകൽ പോലെ വ്യക്തം. ഇന്ത്യ ശക്തമായ ജനാധിപത്യ രാഷ്ട്രീയ അടിത്തറയിൽ പടുത്തുയർത്തപ്പെട്ട റിപ്പബ്ലിക്കാണ്. ഇവിടെ പൗരത്വത്തിന് മത, ജാതി, വംശ, വർണ, ഭാഷാ പരിഗണനകൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും അതിന് ആധാരമായ ഭരണഘടനയുടെയും നിർമാതാക്കൾ വിഭാവനം ചെയ്യുന്നില്ല. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാപന സങ്കൽപങ്ങളെയും തത്വങ്ങളെയും അട്ടിമറിക്കാനാണ് പൗരത്വത്തിന്റെ പേരിൽ മോഡി സർക്കാർ ശ്രമിക്കുന്നത്.

Latest News