ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കൂപ്പുകുത്തി; ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍

ന്യൂദല്‍ഹി- ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആറു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കിലേക്കു കൂപ്പുകുത്തി. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഈ സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്തബര്‍ (രണ്ടാം) പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.5 ശതമാനമാണ്. തൊട്ടു മുമ്പത്തെ പാദത്തില്‍ ഇത് 5 ശതമാനമായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഏഴു ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ഇതാണ് ഒരു വര്‍ഷത്തിനിടെ 4.5 ശതമാനമായി ഇടിഞ്ഞത്. സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടിയതിലും അപ്പുറത്താണ് ഈ ഇടിവ്. റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ രണ്ടാം പാദത്തിലെ വളര്‍ച്ച 4.7 ശതമാനമാണ് പ്രവചിച്ചിരുന്നത്. 2013ലെ ജനുവരി-മാര്‍ച്ച് പാദത്തിലെ 4.3 ശതമാനമെന്ന നിരക്കിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലെ ഉത്സവ സീസണുകള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വേകിയിരുന്നതായും ഇതു വളര്‍ച്ചാ നിരക്കില്‍ പ്രതിഫലിക്കുമെന്നും പ്രവചിച്ച സാമ്പത്തിക വിദഗ്ധരെ നിരാശരാക്കുന്നതാണ് പുതിയ കണക്ക്. 

സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് മുന്‍ മാസങ്ങളില്‍ സര്‍ക്കാർ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. വിദേശ നിക്ഷേപര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന നികുതി പിന്‍വലിച്ചതും പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചതും കോര്‍പറേറ്റ് നികുതി ഇളവുകളും ഇതിന്റെ ഭാഗമായിരുന്നു. ഈ നടപടികള്‍ വളര്‍ച്ചയെ കാര്യമായി സഹായിച്ചില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച ഇടിയുമെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാന്ദ്യമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
vugm5fq

Latest News