വളാഞ്ചേരി- നീണ്ട 20 വര്‍ഷക്കാലം കണ്ണിലെണ്ണയൊഴിച്ച് മകനെ കാത്തിരുന്ന മൂസയെയും നഫീസയെയും കാണാന്‍ ഒടുവില്‍ യൂനുസ് സലീം എത്തി. വെങ്ങാട് മേല്‍മുറിയിലെ പാട്ടശ്ശേരി മൂസയുടെ മൂത്ത മകന്‍ യൂനുസ് സലീം (39) ആണ് ഇരുപത് വര്‍ഷത്തിനു ശേഷം ജലന്തറില്‍നിന്ന് കൂടപ്പിറപ്പുകളെ കാണാനെത്തിയത്. 20 വര്‍ഷം മുന്‍പ് 1999 ഏപ്രില്‍ 21 ന് ആരോടും പറയാതെ നാടും വീടും വിട്ടുപോയതായിരുന്നു യൂനുസ്.
യൂനുസിന്റെ ജീവിതത്തിലേക്ക് ഒരു ഫ്‌ളാഷ് ബാക്ക്: പതിമൂന്നാമത്തെ വയസ്സിലാണ് യൂനുസ് സലീം ആദ്യം നാടുവിട്ടത്. അന്ന് കുടുംബാംഗങ്ങള്‍ എട്ടു ദിവസത്തിനു ശേഷം കോഴിക്കോട്ടെ കടയില്‍നിന്ന് കണ്ടെത്തി തിരിച്ചെത്തിച്ചു.
തുടര്‍ന്ന് പതിനേഴാമത്തെ വയസ്സിലാണ് വീണ്ടും നാടുവിട്ടത്. പല നാടുകള്‍ സഞ്ചരിച്ച് അവസാനം യൂനുസ് ജലന്തറില്‍ എത്തി അവിടെ പഴക്കച്ചവടം തുടങ്ങി. 11 വര്‍ഷം മുന്‍പ് അവിടെന്ന് വിവാഹവും കഴിച്ചു.
കഴിഞ്ഞ ദിവസം യൂനുസിന്റെ 9 വയസ്സുകാരി മകളെ വീട്ടില്‍നിന്ന് കാണാതായി. യൂനുസും ഭാര്യ സാനുവും ആധിയോടെ സമീപത്തെല്ലാം തിരക്കിയിട്ടും കുട്ടിയെ കണ്ടുകിട്ടിയില്ല. ഒടുവില്‍ ഒരു മണിക്കൂറിനു ശേഷമാണ് അറിയുന്നത് കുട്ടി സാനുവിന്റെ സഹോദരിയോടൊപ്പമുണ്ടെന്ന്. മകളെയും കൂട്ടി മടങ്ങുമ്പോള്‍ യൂനുസിനോട് സാനു ചോദിച്ചു; നിങ്ങളുടെ വാപ്പയും ഉമ്മയും 20 വര്‍ഷമായി ഇതുപോലെ തീ തിന്നുന്നുണ്ടാവില്ലെ എന്ന്.
അന്ന് രാത്രി യൂനുസിന് കിടന്നിട്ട് ഉറക്കം വന്നില്ല. പിറ്റേന്ന് രാവിലെ തീരുമാനമെടുത്ത് ഒരുങ്ങിയിറങ്ങി മാതാപിതാക്കളേയും കൂടപ്പിറപ്പുകളെയും കാണാന്‍.
നാടുമായി തീരെ ബന്ധമില്ലാതായിരുന്ന യൂനുസ് ഇവര്‍ ആദ്യം താമസിച്ചിരുന്ന കുറ്റിപ്പുറത്തിനും എടപ്പാളിന് ഇടയിലുള്ള മാണൂര്‍ എത്തി അന്വേഷിച്ചപ്പോഴാണ് യൂനുസിന്റെ കുടുംബം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെങ്ങാട്ടേക്ക് താമസം മാറ്റിയത് അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും യൂനുസിനെ ഇവിടെന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയുമായിരുന്നു.
20 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നഫീസ മകനെ കണ്‍നിറയെ കണ്ടു. ഓടിയെത്തി ചേര്‍ത്തുപിടിച്ച് കൊച്ചു കുട്ടിയെ പോലെ ഉമ്മ വച്ചു, പിന്നെ വിതുമ്പി. ഇനി യൂനുസിന്റെ ഉമ്മയ്ക്ക് ഒരാഗ്രഹം കൂടിയുണ്ട്. യൂനുസിന്റെ വരവിന് വഴിയൊരുക്കിയ മരുമകളെയും പേരക്കുട്ടിയെയും കാണണം. അവരെ വൈകാതെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പഞ്ചാബി കലര്‍ന്ന മലയാളത്തില്‍ യൂനുസിന്റെ ഉറപ്പ്.






