ഇന്ത്യയിൽ നിർമിക്കുന്ന റിഫൈനറിക്ക്  ചെലവ് 7000 കോടി ഡോളർ

അബുദാബി - സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോയുടെയും യു.എ.ഇയിലെ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെയും പങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമിക്കുന്ന കൂറ്റൻ റിഫൈനറി, പെട്രോകെമിക്കൽ കോംപ്ലക്‌സിന് 7000 കോടി ഡോളർ ചെലവ് വരുമെന്ന് യു.എ.ഇയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ എമിറേറ്റ്‌സ് ന്യൂസ് ഏജൻസി പറഞ്ഞു.

സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാന്റെയും അധ്യക്ഷതയിൽ ബുധനാഴ്ച വൈകിട്ട് അബുദാബിയിൽ ചേർന്ന സൗദി-യു.എ.ഇ ഏകോപന സമിതി യോഗത്തിൽ ഇന്ത്യയിലെ റിഫൈനറി പദ്ധതിയെ കുറിച്ച് വിശകലനം ചെയ്തിരുന്നു.

പദ്ധതിക്ക് 7000 കോടി ഡോളറാണ് പ്രാഥമിക ചെലവ് കണക്കാക്കുന്നതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി പറഞ്ഞു. 
മുംബൈയിൽനിന്ന് 100 കിലോമീറ്റർ ദൂരെ തീരദേശത്താണ് പ്രതിദിനം 12 ലക്ഷം ബാരൽ എണ്ണ സംസ്‌കരിക്കുന്നതിന് ശേഷിയുള്ള റിഫൈനറി, പെട്രോകെമിക്കൽ കോംപ്ലക്‌സ് നിർമിക്കുന്നത്. പദ്ധതിക്ക് 4500 കോടിയിലേറെ ഡോളർ ചെലവ് വരുമെന്ന് ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ പറഞ്ഞിരുന്നു. ഇതിലും ഏറെ കൂടുതലാണ് പദ്ധതിച്ചെലവായി സൗദി അറേബ്യയും യു.എ.ഇയും പ്രതീക്ഷിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  

Latest News