Sorry, you need to enable JavaScript to visit this website.

അറാംകോ ഐ.പി.ഒ: വ്യക്തികളുടെ ബുക്കിംഗ് ലക്ഷ്യം കവിഞ്ഞു

റിയാദ് - സൗദി അറാംകോ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിൽ വ്യക്തികളുടെ സബ്‌സ്‌ക്രിപ്ഷൻ ലക്ഷ്യം കവിഞ്ഞതായി സൗദി അറാംകോ ഓഹരി സബ്‌സ്‌ക്രിപ്ഷൻ മാനേജറായ സാംബ കാപിറ്റലിന്റെ വൈസ് ചെയർമാൻ റാനിയ നശാർ അറിയിച്ചു.

ഇന്നലെ ഉച്ചക്ക് 12 മണിക്കുള്ള കണക്കുകൾ പ്രകാരം വ്യക്തികൾക്ക് നീക്കിവെച്ച ഷെയറുകൾ ആകെ 41,72,815 പേർ സബ്‌സ്‌ക്രൈബ് ചെയ്തു. 3813 കോടിയിലേറെ റിയാൽ വിലവരുന്ന 119.1 കോടി ഷെയറുകളാണ് ഇവർ സബ്‌സ്‌ക്രൈബ് ചെയ്തത്.

വ്യക്തികൾക്കുള്ള സബ്‌സ്‌ക്രിപ്ഷൻ ഇന്നലെ അർധ രാത്രി 12 വരെ തുടർന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നീക്കിവെച്ച ഓഹരികളുടെ സബ്‌സ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ ഇന്ന് പരസ്യപ്പെടുത്തും. പ്രതീക്ഷിച്ചതു പോലെ തന്നെ വ്യക്തികൾക്ക് നീക്കിവെച്ച ഓഹരികൾക്കുള്ള സബ്‌സ്‌ക്രിപ്ഷൻ പങ്കാളിത്തം ഉയർന്ന നിലയിലായിരുന്നെന്ന് റാനിയ നശാർ പറഞ്ഞു. 

അര ശതമാനം (100 കോടി) ഓഹരികളാണ് വ്യക്തികൾക്കു വേണ്ടി നീക്കിവെച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ തന്നെ 119 കോടിയിലേറെ ഓഹരികൾ വ്യക്തികൾ സബ്‌സ്‌ക്രൈബ് ചെയ്തു. സൗദി പൗരന്മാർക്കും ഗൾഫ് പൗരന്മാർക്കും സൗദിയിൽ കഴിയുന്ന വിദേശികൾക്കും അറാംകോ ഓഹരികൾ വാങ്ങാൻ അവസരമുണ്ടായിരുന്നു. സ്ഥാപനങ്ങൾക്ക് ഒരു ശതമാനം ഓഹരികൾ (200 കോടി ഷെയറുകൾ) ആണ് നീക്കിവെച്ചിരിക്കുന്നത്. 


സൗദി അറാംകോ ഓഹരി വില ശ്രേണിയായി പ്രഖ്യാപിച്ചിരിക്കുന്നത് 30 റിയാൽ മുതൽ 32 റിയാൽ വരെയാണ്. കമ്പനിക്ക് 20,000 കോടി ഷെയറുകളാണുള്ളത്. ഇതിന്റെ ഒന്നര ശതമാനത്തിന് തുല്യമായ 300 കോടി ഓഹരികളാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നത്. ഇതു പ്രകാരം സൗദി അറാംകോയുടെ ഓഹരി മൂല്യം 1.6 ട്രില്യൺ ഡോളർ മുതൽ 1.71 ട്രില്യൺ ഡോളർ വരെയാണെന്നാണ് (6 ട്രില്യൺ റിയാൽ മുതൽ 6.4 ട്രില്യൺ റിയാൽ വരെ) കണക്കാക്കുന്നത്. 


കമ്പനിയുടെ മൂലധനം 6000 കോടി റിയാലാണ്. ഇത് 20,000 കോടി സാദാ ഷെയറുകളായി തിരിച്ചിരിക്കുന്നു. ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനിടെ വ്യക്തികൾക്ക് ഓഹരിയൊന്നിന് 32 റിയാൽ നിരക്കിലാണ് നൽകുന്നത്. അന്തിമ നിരക്ക് 32 റിയാലിൽ കുറവാണെങ്കിൽ അധികം അടച്ച തുക തിരികെ ഈടാക്കുകയോ അധിക ഓഹരികൾ നേടുകയോ ചെയ്യുന്നതിന് നിക്ഷേപകർക്ക് അവസരമുണ്ടാകും. സ്ഥാപനങ്ങൾക്കുള്ള സബ്‌സ്‌ക്രിപ്ഷൻ സമയം ഡിസംബർ നാലു വരെയാണ്. അന്തിമ ഐ.പി.ഒ നിരക്ക് ഡിസംബർ അഞ്ചിന് പ്രഖ്യാപിക്കും. 

 

Latest News