ഒറ്റ വിസ കൊണ്ട് സൗദിയും യു.എ.ഇ.യും സന്ദർശിക്കാം; പദ്ധതി അടുത്തവർഷം

റിയാദ് - യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിലവിലുള്ള ഷെൻഗൻ വിസക്ക് സമാനമായ സംയുക്ത വിസ അനുവദിക്കാൻ സൗദിക്കും യു.എ.ഇക്കും നീക്കം. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ യു.എ.ഇ സന്ദർശനത്തിനിടെ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാന്റെയും അധ്യക്ഷതയിൽ ചേർന്ന സൗദി-യു.എ.ഇ ഏകോപന സമിതിയുടെ രണ്ടാമത് യോഗത്തിലെ സുപ്രധാന തീരുമാനമാണിത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സംയുക്ത ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസിയായ എമിറേറ്റ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 
സൗദി അറേബ്യയും യു.എ.ഇയും സന്ദർശിക്കാൻ വിദേശികൾക്ക് അവസരമൊരുക്കുന്ന സംയുക്ത ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജും യു.എ.ഇ സാമ്പത്തിക മന്ത്രാലയവും നടപടികളെടുക്കും. ഇരു രാജ്യങ്ങളിലും വിനോദ സഞ്ചാരികളുടെ എണ്ണം ഉയർത്തുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥകളിൽ ടൂറിസം മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം സൗദി അറേബ്യയിലും യു.എ.ഇയിലും രണ്ടു കോടിയിലേറെ വിദേശികൾ ജോലി ചെയ്യുന്നുണ്ട്. പ്രതിവർഷം 2.2 കോടിയിലേറെ വിദേശ ടൂറിസ്റ്റുകൾ യു.എ.ഇ സന്ദർശിക്കുന്നു. ഹജ്, ഉംറ തീർഥാടകർ അടക്കം രണ്ടു കോടിയോളം സന്ദർശകരെ പ്രതിവർഷം സൗദി അറേബ്യയും സ്വീകരിക്കുന്നു. ഇരു രാജ്യങ്ങളിലും കഴിയുന്ന വിദേശികൾക്കും രണ്ടു രാജ്യങ്ങളും സന്ദർശിക്കുന്ന ടൂറിസ്റ്റുകളും അടക്കമുള്ളവർക്ക് സൗദി അറേബ്യയും യു.എ.ഇയും സന്ദർശിക്കുന്നതിന് സംയുക്ത വിസ അവസരമൊരുക്കും. 
അറബ് ഷെൻഗൻ വിസ അടുത്ത വർഷം അനുവദിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ സാമ്പത്തിക മന്ത്രി എൻജിനീയർ സുൽത്താൻ അൽമൻസൂരി പറഞ്ഞു. രണ്ടു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകളുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കാൻ പുതിയ വിസ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. വിദേശികൾക്ക് സംയുക്ത ടൂറിസ്റ്റ് വിസകൾ അനുവദിക്കൽ അടക്കം ഏഴു തന്ത്രപ്രധാന പദ്ധതികളെ കുറിച്ച് രണ്ടാമത് സൗദി-യു.എ.ഇ ഏകോപന സമിതി യോഗം വിശകലനം ചെയ്തു. 
യൂറോപ്യൻ യൂനിയനിലും യൂറോപ്യൻ യൂനിയന് പുറത്തുമുള്ള 26 രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഷെൻഗൻ വിസ നേടുന്നവർക്ക് സാധിക്കും. ഷെൻഗൻ രാജ്യങ്ങളിൽ പെട്ട ഏതു രാജ്യം അനുവദിക്കുന്ന വിസയും ഉപയോഗിച്ച് 26 രാജ്യങ്ങളും സന്ദർശിക്കാനാകും. യൂറോപ്യൻ യൂനിയനിൽ പെടാത്ത സ്വിറ്റ്‌സർലാന്റ്, ഐസ്‌ലാന്റ്, നോർവെ എന്നീ രാജ്യങ്ങൾ ഷെൻഗൻ വിസ ഉപയോഗിച്ച് സന്ദർശിക്കാം. എന്നാൽ യൂറോപ്യൻ യൂനിയനിൽ പെട്ട റുമാനിയ, ബൾഗേറിയ, ക്രോയേഷ്യ, അയർലാന്റ്, യുനൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾ ഷെൻഗൻ വിസയിൽ സന്ദർശിക്കാനാകില്ല. ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്റ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്‌സംബർഗ്, മാൾട്ട, നെതർലാന്റ്‌സ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്യ, സ്ലോവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലാന്റ്, ലിച്‌ടെൻസ്റ്റൈൻ എന്നീ രാജ്യങ്ങളാണ് ഷെൻഗൻ വിസ മേഖലയിൽ ഉൾപ്പെടുന്നത്.
 

Latest News