Sorry, you need to enable JavaScript to visit this website.

സ്‌കൂൾ കലോത്സവം: അറബി എക്‌സിബിഷൻ ശ്രദ്ധേയമാവുന്നു

കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ അറബിക് എക്‌സ്‌പോ

കാഞ്ഞങ്ങാട്  - അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി അറബിക് സാഹിത്യോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച അറബിക് എക്‌സ്‌പോ ശ്രദ്ധേയമാവുന്നു.  
അറബി ഭാഷാ  ചരിത്രം, എഴുത്തുകാർ, കവികൾ, പ്രതിഭാശാലികൾ, അറബി സാഹിത്യം സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ സാധ്യതകൾ, ഭാഷാ പഠന കോഴ്‌സുകൾ, അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങൾ, വിവിധ കോഴ്‌സുകൾ നടത്തുന്ന കോളേജുകൾ, യൂനിവേഴ്‌സിറ്റികൾ തുടങ്ങിയ അറബി ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് അറിവും അവബോധവും നൽകുന്ന എക്‌സിബിഷനാണ് ഒരുക്കിയിരിക്കുന്നത്. അറബി ഭാഷയുടെ ഉത്ഭവവും വളർച്ചയും പ്രതിപാദിക്കുന്ന ചാർട്ടുകൾ, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ, കാലിഗ്രഫികൾ, ചെറിയതും വലിയതുമായ ഖുർആൻ പ്രതികൾ, മത സൗഹാർദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തലങ്ങൾ, പഴയതും പുതിയതുമായ ഗ്രന്ഥങ്ങൾ, യെമൻ, കുവൈത്ത്, ഇറാഖ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലേതും മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൗലാനാ അബുൽ കലാം ആസാദ്, മദർ തെരേസ, ശ്രീനാരായണ ഗുരു ..... തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തവരും അല്ലാതെയുമുള്ള മഹത് വ്യക്തികളുടെ പേരിലുള്ള  നാണയങ്ങൾ, സ്റ്റാമ്പുകൾ, അമരിക്ക, ബ്രിട്ടൻ, ഇന്തോനേഷ്യ, സിംഗപപ്പുർ എന്നിവിടങ്ങളിലെ കറൻസികൾ, അറബി, ഉറുദു, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് മലയാളം, അറബി ഭാഷകളിലെ പത്രങ്ങൾ, വിവിധ നാടുകളിലെ സ്റ്റാമ്പുകൾ എന്നിവയും എക്‌സിബിഷനെ സമ്പന്നമാക്കുന്നു. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉൾപ്പെടെ വിവിധ മേഖലയിലെ പ്രമുഖർ അറബിക് എക്‌സ്‌പോ സന്ദർശിച്ചു.
അറബി സാഹിത്യോത്സവ ചെയർപേഴ്‌സൺ സി.എം. സൈനബ, കൺവീനർ കെ. അബ്ദുൽ മജീദ്,വൈസ് പ്രസിഡന്റ് കണ്ണൂർ അബ്ദുല്ല മാസ്റ്റർ, ജോ. കൺവീനർമാരായ എൻഎ അബ്ദുൽ ഖാദർ , യാസർ അറഫാത്ത് , ചാലിയം ഗവൺമെന്റ് ഫിഷറീസ് സ്‌കൂൾ അധ്യാപകൻ എ. അബ്ദുൾ റഹീം, ഫറോക്ക് നല്ലൂർ നാരായണ എൽ.പി. ബേസിക് സ്‌കൂൾ അധ്യാപകൻ കെ. അബ്ദുൽ ലത്തീഫ്, കാസിം വടകര എന്നിവരുടെ നേതൃത്വത്തിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചത്. പ്രദർശനം ഡിസംബർ ഒന്നിന് സമാപിക്കും. 
 

Latest News