Sorry, you need to enable JavaScript to visit this website.

ഷെയ്ൻ നിഗം സിനിമയിൽ തിരിച്ചുവന്നില്ലെങ്കിൽ തല മൊട്ടയടിക്കാമെന്ന് ബൈജു കൊട്ടാരക്കര

കൊച്ചി- ഷെയ്ൻ നിഗമിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിയ നിർമാതാക്കളുടെ സംഘടനയെ ചോദ്യം ചെയ്ത് സംവിധായകൻ ബൈജു കൊട്ടാരക്കര. ഏതാനും നാളുകൾക്കുള്ളിൽ ഷെയ്ൻ തിരിച്ചുവരുമെന്നും വിലക്ക് നടക്കില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
മലയാള സിനിമയിൽ വിലക്കുകൾ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാർ, സുകുമാരൻ, വിനയൻ, ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ്. ഷെയ്ൻ നിഗമിന് നിങ്ങൾ കൊടുത്ത പിഴയായ ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയിൽ അഭിനയിപ്പിക്കില്ല എന്നു പറയുന്നു. ഇത് നടക്കാൻ പോകുന്നില്ല. തുടർന്നും അയാൾ സിനിമയിലുണ്ടാവും. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ നിർമാതാക്കളുടെ അസോസിയേഷനിലെ നേതാക്കൾ തല മുണ്ഡനം ചെയ്യാൻ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കിൽ തലമുണ്ഡനം ചെയ്തു കൊച്ചിയിൽ എം.ജി റോഡിലൂടെ നടക്കാൻ ഞാൻ തയ്യാറാണ്- ബൈജു കൊട്ടാരക്കര ഫേസ്ബുക്കിൽ കുറിച്ചു. കുറച്ചു കാലങ്ങൾക്കു മുമ്പ് മലയാള സിനിമയിലെ ചില താരങ്ങൾ ലഹരി പാർട്ടികൾ നടത്തുകയും ലഹരി ലൊക്കേഷനുകളിൽ ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാൻ ചില ചാനൽ ചർച്ചകളിൽ പറഞ്ഞപ്പോൾ നിർമാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകൾ ഉൾപ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാൻ ആ സമയം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ എന്തായി, കുത്തഴിഞ്ഞില്ലേ സുഹൃത്തുക്കളെ. ഇതിനുള്ള മറുപടി എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. ഇപ്പോൾ പറയുന്നു ലൊക്കേഷനുകളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് . ചിലരുടെ ഡേറ്റുകൾക്ക് വേണ്ടി എന്ത് തോന്ന്യാസവും അനുവദിച്ചുകൊടുക്കുന്ന നിർമാതാക്കളാണ് ഇതിന് കാരണക്കാർ. എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാൻ. 
താനും വിലക്കിനെ അഭിമുഖീകരിക്കുകയാണ്. 2011 ൽ ഒരു നിർമാണ കമ്പനി രജിസ്റ്റർ ചെയ്യാൻ 85000 രൂപയോളം എന്റെ കൈയ്യിൽ നിന്നും വാങ്ങിയിട്ട് ഇന്നും മെംബർഷിപ്പ് തന്നിട്ടില്ല. അതിന്റെ പണി പുറകെ വരുന്നുണ്ട്. കുറേക്കാലം വിനയനെ വിലക്കി, എന്നിട്ടിപ്പോ എന്തായി വിനയൻ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു. സംഘടനയിൽ മത്സരിക്കുന്നു- ബൈജു ചൂണ്ടിക്കാട്ടി.  


 

Latest News