സന്ദേശങ്ങൾ സ്വയം അപ്രത്യക്ഷമാകും; കിടിലൻ ഫീച്ചറുമായി വാട്‌സാപ്പ് 

നിശ്ചിത സമയപരിധിക്കുശേഷം സന്ദേശങ്ങൾ സ്വയം ഇല്ലാതാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്‌സാപ്പ് പുറത്തിറക്കുന്നു. പരീക്ഷണത്തിലിരിക്കുന്ന ഈ ഫീച്ചർ ഇപ്പോൾ ഗ്രൂപ്പുകൾക്ക് മാത്രമാണ് ലഭിക്കുക. വാട്‌സാപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ( 2.19.348 ) പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബീറ്റാ പതിപ്പ് അപ്‌ഡേറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. 


വാട്‌സാപ് ഉപയോക്താക്കൾക്കിടയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ്. ഉപയോക്താക്കൾക്ക് സമയപരിധി നിശ്ചയിക്കാൻ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. ഇതിനുശേഷം തെരഞ്ഞെടുത്ത സന്ദേശങ്ങൾ സ്വയമേവ അപ്രത്യക്ഷമാകും. 


മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിൽ നിലവിലുള്ള സീക്രട്ട് ചാറ്റിനു സമാനമാണിത്. അയച്ച എല്ലാ സന്ദേശങ്ങളും സ്വയം ഡിലീറ്റ് ചെയ്യുന്ന ടൈമറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സ്വീകർത്താവ് സന്ദേശം വായിച്ചുകഴിഞ്ഞാൽ ടൈമർ ആരംഭിക്കുകയും ടൈമർ ഓഫാകുമ്പോഴോ അല്ലെങ്കിൽ അയച്ചയാൾ നിശ്ചയിച്ച സമയപരിധി അവസാനിക്കുമ്പോഴോ സന്ദേശം അയച്ചയാളുടേയും സ്വീകർത്താവിന്റേയും ഇൻബോക്‌സിൽനിന്ന് ഇല്ലാതാകും.


ഗ്രൂപ്പ് അഡ്മിനുകൾക്ക് മാത്രമേ നിലവിൽ ഈ ഫീച്ചർ നിയന്ത്രിക്കുന്നതിനായി ടോഗിൾ ബട്ടൺ ഉപയോഗിക്കാൻ കഴിയൂ. ഗ്രൂപ്പ് ചാറ്റിനു മാത്രമേ ഈ ഫീച്ചർ ലഭിക്കൂ എന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും  നിലവിൽ ഗ്രൂപ്പിലെ രണ്ടു അംഗങ്ങൾ തമ്മിൽ നടത്തുന്ന പ്രൈവറ്റ് ചാറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 


അഞ്ച് സെക്കൻഡ്, ഒരു മണിക്കൂർ എന്നിങ്ങനെ ഉപയോക്താക്കൾക്ക് രണ്ട് ഓപ്ഷനുകളാണ് ലഭിക്കക. സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്ന സംവിധാനം വാട്‌സാപ് വെബിലും പ്രവർത്തിക്കും. 
മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഓണാക്കിയാൽ ഗ്രൂപ്പ് സന്ദേശങ്ങളും അംഗങ്ങൾ തമ്മിൽ നടത്തിയ ചാറ്റുകളും  നിശ്ചിത സമയ പരിധിക്കു ശേഷം പൂർണമായും അപ്രത്യക്ഷമാകും.
മെസേജിംഗ് ആപ്പുകളിൽ തുടരുന്ന മത്സരം നിരന്തരം പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താൻ വാട്‌സാപ്പിനെ പ്രേരിപ്പിക്കുന്നുണ്ട്. 
ആപ്പിൾ ഐഒഎസ് 13 ന്റെ ഇരുണ്ട തീമിന് അനുയോജ്യമായ ഐഒഎസ് അധിഷ്ഠിത വാട്‌സാപ്പ് പതിപ്പും ഉടൻ പുറത്തിറങ്ങും. സ്റ്റാറ്റസ് ടാബിലും നിരവധി പുതിയ ഫീച്ചറുകൾ വരുന്നുണ്ട്. ഫോട്ടോകൾ, വിഡിയോകൾ, ജിഫ് സ്റ്റിക്കറുകൾ, ഇമോജികൾ മുതലായവ സ്റ്റാറ്റസിൽ ഉചിതമായി ഉൾപ്പെടുത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കും. 


 

Latest News