Sorry, you need to enable JavaScript to visit this website.

സാംസങ് ഫോണുകളിൽ ആൻഡ്രോയിഡ് 10  ജനുവരിയിൽ 

സാംസങ് ഫോണുകളിലെ ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് ജനുവരി മുതൽ.  സാംസങ് എസ്10, എസ്10 പ്ലസ് ഫോണുകളിലാണ് അപ്‌ഡേറ്റ് ആദ്യം എത്തുക. ഗാലക്‌സി നോട്ട് 10 , ഗാലക്‌സി നോട്ട് 9 ഫോണുകളിലും ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് ജനുവരിയിൽ തന്നെ ലഭിക്കും. 
സാംസങ് ഫോണുകളിലും ടാബുകളിലും 2019 ൽ തന്നെ ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് എത്തുമെന്നാണ് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നെതങ്കിലും പിന്നീട് 2020ലേക്ക് നീട്ടുകയായിരുന്നു. നേരത്തെ തന്നെ ആൻഡ്രോയിഡ് 10 ഒഎസ് ഉപയോഗിക്കാൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ ആൻഡ്രോയിഡ് 10 ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമാകാം. 
ഗാലക്‌സി ഫോണുകളിൽ സാധാരണ വളരെ വൈകിയാണ് സാംസങ് ആൻഡ്രോയിഡ് അപ്‌ഡേറ്റ് എത്തിക്കാറുള്ളത്. കഴിഞ്ഞ സെപ്റ്റംബറിൽ പിക്‌സൽ ഫോണുകളിലാണ് ആദ്യമായി ആൻഡ്രോയിഡ് 10 എത്തിയത്. 
ഗാലക്‌സി എസ്9 ഫോണിൽ ഏപ്രിലിലാണ് പുതിയ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ലഭിക്കുക. ഗാലക്‌സി എ50, ഗാലക്‌സി എ70 ഫോണുകളിലും ഏപ്രിലിൽ  അപ്‌ഡേറ്റ് ലഭിക്കും. 
സ്മാർട്‌ഫോണുകൾക്ക് പുറമെ ടാബ്‌ലെറ്റുകളിലും സാംസങ് ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് ലഭിക്കും. ഗാലക്‌സി ടാബ് എസ് 6 ൽ ഏപ്രിലിലും ഗാലക്‌സി ടാബ് എസ് 4, ഗാലക്‌സി ടാബ് 5എസ്ഇ എന്നിവയിൽ ജൂലൈയിലുമാണ് അപ്‌ഡേറ്റ് ലഭിക്കുക. 
വൺ പ്ലസ്, എച്ച്എംഡി ഗ്ലോബൽ പോലുള്ള കമ്പനികൾ തങ്ങളുടെ ഫോണുകളിലേക്ക് വേഗത്തിൽതന്നെ ആൻഡ്രോയിഡ് അപ്‌ഡേറ്റ് എത്തിക്കാറുണ്ട്. ഓപ്പോയും, റിയൽമിയും ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള പുതിയ കളർ ഒഎസ് 7 ജനുവരി മുതൽ ഫോണുകളിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News