കോയമ്പത്തൂരില്‍ ക്ലീനിംഗ് ജോലിക്കായി ബിരുദധാരികളുടെ മത്സരം

കോയമ്പത്തൂര്‍-ശുചീകരണ തൊഴിലാളികളെ നിയമിക്കാനായി കോയമ്പത്തൂര്‍ കോര്‍പറേഷന്‍ നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയത് ബി.എസ്‌സി, എം.എസ്‌സി, എംകോം, ബി.ഇ ബിരുദധാരികള്‍. നൂറുകണക്കിനാളുകളാണ് അഭിമുഖത്തിനെത്തിയത്.

സ്ഥിരം ജോലി ലഭിക്കുന്നതിനായി സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരും കോര്‍പറേഷന്റെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കുന്ന ശമ്പളം എത്രയാണെന്ന് അറിയില്ലെങ്കിലും ജോലി ചെയ്യാന്‍ സന്നദ്ധരാണെന്നാണ് അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു.

ബികോം ബിരുദധാരിയായ പൂവിഴി മീന, എംകോം നേടിയ ഭര്‍ത്താവ് രാഹുല്‍ എന്നിവര്‍ ഒരുമിച്ചാണ് അഭിമുഖത്തിനെത്തിയത്. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരുമിച്ച് ജോലി ചെയ്യുമെന്നും ഇവര്‍ പറഞ്ഞു.

15 വര്‍ഷത്തോളം കരാര്‍ തൊഴിലാളിയായ പി ഈശ്വരി തനിക്ക് സ്ഥിരജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്  അഭിമുഖത്തിനെത്തിയത്.

ശുചീകരണ തൊഴിലാളികളുടെ 549 ഒഴിവിലേക്ക് 7000 പേരാണ് അപേക്ഷിച്ചത്. തമിഴ് വായിക്കാനും എഴുതാനും അറിയുന്ന പത്താം ക്ലാസ് പൂര്‍ത്തിയായവര്‍ക്കാണ് ഒഴിവിലേക്ക് അപേക്ഷിക്കാനാകുക. 15,700 മുതല്‍ 50,000 വരെയാണ് ശമ്പളം.

 

Latest News