Sorry, you need to enable JavaScript to visit this website.

ലോകം വൈദ്യുതി വാഹനങ്ങളിലേക്ക്; ബാറ്ററികൾ മെച്ചപ്പെടുത്തി കമ്പനികളുടെ മത്സരം

ആഗോള വാഹന നിർമാതാക്കൾ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിഞ്ഞതോടെ ഇവയുടെ ബാറ്ററി നിർമാതക്കൾ തമ്മിലുള്ള മത്സരവും കടുക്കുന്നു. വൈദ്യുതി വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ നിർമിക്കുന്നതിൽ നിലവിൽ ഏഷ്യൻ കമ്പനികൾക്കാണ് മേധാവിത്തം. ആഗോള തലത്തിലുള്ള വാഹനനിർമാതാക്കളിൽനിന്ന് മികച്ച ഓർഡറുകൾ കരസ്ഥമാക്കുന്നതിന് ഈ കമ്പനികൾ യൂറോപ്പിലേക്കും ചൈനയിലേക്കും അമേരിക്കയിലേക്കും തങ്ങളുടെ ഉൽപാദനം വ്യാപിപ്പിക്കുകയാണ്. 


വരുംവർഷങ്ങളിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ ലഭിക്കുമോ എന്ന ആശങ്ക കാർനിർമാതാക്കൾ പങ്കുവെക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ബാറ്ററികളുടെ ലഭ്യത ഉറപ്പുവരുത്താനും കരാറുകളിൽ ഏർപ്പെടാനുമുള്ള മത്സരത്തിലാണ് ദക്ഷിണ കൊറിയയിലെ എസ്.കെ ഇന്നവേഷനും എൽജി കെമും. 
ചൈനയുടെ കോണ്ടംപററി ആംപറക്‌സ് ടെക്‌നോളജി (സി.എ.ടി.എൽ) ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് വെഹിക്കിൾ ബാറ്ററി നിർമാതാക്കളാണ്. ബിഎംഡബ്ല്യു, വോക്‌സ് വാഗൺ, മെർസിഡസ് കാർ നിർമിക്കുന്ന ഡെയിംലർ, വോൾവോ, ടൊയോട്ട, ഹോണ്ട തുടങ്ങിയ കമ്പനികളാണ് ഉപഭോക്താക്കൾ. സബ്‌സിഡി ലഭിക്കാൻ ചൈനീസ് ബാറ്ററികൾ ഉപയോഗിച്ചിരിക്കണമെന്ന സർക്കാർ നിബന്ധനയാണ് കമ്പനിയുടെ വളർച്ചക്ക് സഹായകമായത്. ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള സബ്‌സിഡി അടുത്ത വർഷത്തോടെ ഒഴിവാക്കാൻ ഒരുങ്ങുകയാണ് ചൈന. ആദ്യ വിദേശ പ്ലാന്റ് ജർമനിയിൽ നിർമിക്കുന്ന സി.എ.ടി.എല്ലിന്റെ അടുത്ത ഫാക്ടറി അമേരിക്കയിലായിരിക്കും.

 


ഇലക്ട്രിക്ക് വാഹനങ്ങളുടെ തുടക്കക്കാരായ അമേരിക്കൻ കമ്പനിയായ ടെസ്‌ലക്ക് ബാറ്ററി നൽകിയിരുന്ന ജപ്പാനിലെ പാനസോണിക് കോർപറേഷൻ അമേരിക്കയിൽ കൂടുതൽ പ്ലാന്റ് തുടങ്ങുകയാണ്. ജപ്പാനിലും ചൈനയിലും പ്ലാന്റ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഹോണ്ടയും ഫോഡും പാനസോണിക്കിന്റെ ബാറ്ററി ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു. 
യു.എസ് നിക്ഷേപകൻ വാറൻ ബഫറ്റിന്റെ പിന്തുണയുള്ള ചൈനീസ് കമ്പനിയായ ബി.വൈ.ഡിയാണ് ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററി നിർമിക്കുന്ന മറ്റൊരു പ്രമുഖ കമ്പനി. യൂറോപ്പിലേക്ക് ബാറ്ററി നിർമാണം വ്യാപിപ്പിക്കാനാണ് പദ്ധതി.


ദക്ഷിണ കൊറിയൻ കമ്പനിയായ എൽ.ജി കെം ലിമിറ്റഡ് ഫോഡ്, റിനോ, ഹ്യൂണ്ടായി, ടെസ് ല, വോക്‌സ് വാഗൺ, വോൾവോ കമ്പനികൾക്ക് ബാറ്ററികൾ നൽകുന്നു. 
ഷാങ്ഹായിയിൽ ടെസ് ല പ്ലാന്റിനു സമീപം ബാറ്ററി നിർമാണ ഫാക്ടറി ആരംഭിക്കുകയാണ് അടുത്ത പദ്ധതി. വോൾവോ കാറുകൾ നിർമിക്കുന്ന ചൈനയുടെ ഗീലി ഓട്ടോമൊബൈൽ ഹോൾഡിംഗ്‌സുമായി എൽജി കെമിന് സംയുക്ത സംരംഭമുണ്ട്. 


മിഷിഗണിലുള്ള പ്ലാന്റിനു പുറമെ അമേരിക്കയിൽ മറ്റൊരു ഫാക്ടറി കൂടി ആരംഭിക്കുന്ന കമ്പനി പോളണ്ടിലും ബാറ്ററി പ്ലാന്റ് ആരംഭിക്കുന്നു.
സാംസങ് ഇലക്‌ട്രോണിക്‌സിന്റെ അനുബന്ധ സ്ഥാപനമായ സാംസങ് എസ്.ഡി.ഐക്ക് കൊറിയക്കു പുറമെ, ചൈനയിലും ഹംഗറിയിലും ബാറ്ററി ഫാക്ടറികളുണ്ട്. ബി.എം.ഡബ്ല്യു, വോൾവോ, വോക്‌സ് വാഗൺ തുടങ്ങിയവയാണ് ഉപഭോക്താക്കൾ. എസ്.കെ ഇന്നവേഷൻ കമ്പനി എണ്ണ സംസ്‌കരണ മേഖലയിലാണ് കേന്ദ്രീകരിച്ചിരുന്നതെങ്കിലും ഇലക്ട്രിക്ക് വാഹന ബാറ്ററി നിർമാണ രംഗത്ത് ഇപ്പോൾ വലിയ തോതിൽ നിക്ഷേപിക്കുകയാണ്. അമേരിക്കയിലെ മൂന്ന് പ്ലാന്റുകൾക്കു പുറമെ, ചൈന, ഹംഗറി എന്നിവിടങ്ങളിലും ഫാക്ടറികൾ ആരംഭിക്കും. 


 

Latest News