കൊച്ചി- നിര്‍മാതാക്കളുമായി നിസ്സഹകരിച്ച യുവ നടന്‍ ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കള്‍ വിലക്കേര്‍പ്പെടുത്തി. ഷെയ്ന്‍ അഭിനയിച്ചു വരുന്നതിനിടെ മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ രണ്ടു സിനിമകള്‍ ഉപേക്ഷിച്ചതായും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഈ രണ്ട് സിനിമകള്‍ക്ക് ചെലവായ തുകയും നഷ്ടപരിഹാരവും അടക്കം ഏഴു കോടിയോളം രൂപ തിരിച്ചു നല്‍കിയിട്ടു മതി ഇനി അഭിനയമെന്നും നിര്‍മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടിക്കണക്കിന് പണം മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന്‍ നിഗം ചെയ്തതെന്നും അവര്‍ ആരോപിച്ചു. വെയില്‍ ചിത്രീകരണത്തിനിടെ മുടിയും താടിയും നീക്കി ഷൂട്ടിങ് പ്രതിസന്ധിയിലാക്കിയതിനെതിരെ സംവിധായകനും നിര്‍മാതാവും രംഗത്തു വന്നതോടെ ഷെയ്ന്‍ പ്രശ്‌നം കൂടുതല്‍ വഷളായത്. കരാര്‍ ഒപ്പിട്ട ശേഷം പിന്നീട് കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടുവെന്ന് ഒന്നിലേറെ നിര്‍മാതാക്കള്‍ ഷെയ്‌നിനെതിരെ പരാതിപ്പെട്ടിരുന്നു. കൂടുതല്‍ പണം ചോദിച്ച് തല്‍ക്കിക്കുന്ന ഷെയ്‌നിന്റെ ശബ്ദ രേഖയും പുറത്തു വന്നിരുന്നു. അര്‍ഹതയില്ലാത്ത പ്രതിഫലമാണ് ഷെയ്ന്‍ ചോദിക്കുന്നതെന്നും ഇത് അംഗീകരിച്ചു മുന്നോട്ടു പോകാനാവില്ലെന്നും കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയന്‍ അടക്കമുള്ള യുവ നടന്മാര്‍ക്കിടയില്‍ പലരും മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നതായും നിര്‍മാതാക്കള്‍ ആരോപിച്ചു.