പ്രജ്ഞയുടെ ഗോഡ്‌സെ പരാമര്‍ശം ബിജെപി അപലപിച്ചു; പ്രതിരോധ മന്ത്രാലയ സമിതിയില്‍ നിന്ന് നീക്കി

ന്യൂദല്‍ഹി- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്ന ബിജെപി എംപി പ്രജ്ഞ താക്കൂറിന്റെ പരാമര്‍ശം പാര്‍ട്ടി അപലപിച്ചു. ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് സ്പീക്കര്‍ നീക്കം ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ പ്രതിരോധ മന്ത്രാലയം ഉപദേശക സമിതി അംഗത്വത്തില്‍ നിന്നും പ്രജ്ഞയെ നീക്കണമെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദ നിര്‍ദേശിച്ചിട്ടുണ്ട്. പ്രജ്ഞയെ ഈയിടെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി വിവാദത്തിന് തിരികൊളുത്തിയിരുന്നു. 

മഹാരാഷ്ട്രയിലെ മാലേഗാവില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടന കേസിലെ മുഖ്യപ്രതിയായ പ്രജ്ഞയെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി ഭോപാലില്‍ നിന്ന് ജയിപ്പിച്ച് പാര്‍ലമെന്റിലെത്തിച്ചത്. ഭീകരാക്രമണ കേസില്‍ ജാമ്യത്തിലാണിപ്പോള്‍ ഇവര്‍. ഗാന്ധി കൊലയാളി ഗോഡ്‌സെ ദേശഭക്തനാണെന്ന് നേരത്തെയും പല അവസരങ്ങളിലും പ്രജ്ഞ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതാവര്‍ത്തിക്കുകയായിരുന്നു.
 

Latest News