കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍വും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവ്

കൊച്ചി- കനകമലയില്‍ ഭീകരവാദ ക്യാംപ് നടത്തിയെന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കേസില്‍ പ്രതികള്‍ക്ക് കോടതി തടവു ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദിന് 14 വര്‍ഷവും രണ്ടാം പ്രതി ടി. സ്വാലിഹിന് 10 വര്‍ഷവും തടവു ശിക്ഷ വിധിച്ചു. മൂന്നാം പ്രതി റാഷിദിന് ഏഴു വര്‍ഷം, നാലാം പ്രതി കുറ്റ്യാടി സ്വദേശി റംഷാദ് നാങ്കീലിന് മൂന്ന് വര്‍ഷം, അഞ്ചാം പ്രതി വൈലത്തൂര്‍ സ്വദേശി സ്വഫ്‌വാന് എട്ടു വര്‍ഷം, ആറാം പ്രതി കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയിനുദ്ദീന് മൂന്ന് വര്‍ഷം എന്നിങ്ങനെയാണ് എന്‍ഐഎ പ്രത്യേക കോടതി തടവു ശിക്ഷ വിധിച്ചത്്. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ 2ന് കണ്ണൂരിലെ കനകമലയില്‍ ഒത്തു ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാണ് ഇവര്‍ക്കെതിരായ കേസ്. ഗൂഢാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചെന്ന കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇവര്‍ ഭീകര സംഘടനയായ ഐഎസ് അംഗങ്ങളാണെന്ന് കേസ് അന്വേഷിച്ച എന്‍.ഐ.എ ആരോപിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കുറ്റ്യാടി സ്വദേശി എന്‍ കെ ജാസിമിനെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടിരുന്നു. ഏഴാം പ്രതി സജീര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഒമ്പതാം പ്രതി സുബ്ഹാനി ഹാജ മൊയിതീന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
 

Latest News